പൊലീസ് തോറ്റിടത്ത് സുദേഷ്ണ ജയിച്ചു; ബോളിവുഡ് ത്രില്ലറിനെ തോൽപ്പിക്കുന്ന ജീവിതകഥ

ചിത്രത്തിന് കടപ്പാട്: ഫെയ്സ്ബുക്ക്.

കഞ്ചാവു കടത്തുകാരെ മുതൽ ഒന്നിലധികം കമ്പനികൾ ഉൾപ്പെട്ടെ കള്ളക്കടത്തുറാക്കറ്റുകളെ വരെ അമർച്ച ചെയ്യാൻ ചെറിയ ധൈര്യമൊന്നും പോരാ. ജയിലിൽനിന്നു പുറത്തിറങ്ങുന്ന പ്രതികൾ വധഭീഷണി മുഴക്കുമ്പോൾ അവഗണിക്കാൻ കഴിയണം. കൊച്ചുകുട്ടികളുൾപ്പെട്ട കുടുംബത്തെയും ഭർത്താവിനെയും അപായപ്പെടുത്തുമെന്നു പറയുമ്പോൾ തളരാതിരിക്കണം.

രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ഡ്യൂട്ടിക്കു വിളിക്കുമ്പോൾ ഹാജരായി കുറ്റവാളികളെ കീഴടക്കണം. പുരുഷ ഓഫിസർമാർ പോലും മടിക്കുന്ന സാഹസിക കൃത്യങ്ങളിൽ പലതവണ പങ്കെടുത്തും മനക്കരുത്ത് പ്രകടമാക്കിയും മുന്നോട്ടുപോകുകയാണ് സുദേഷ്ണ സെൻഗുപ്ത.  ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസിൽ ജോലി ചെയ്യുന്ന കൊൽക്കത്തയിൽനിന്നുള്ള വനിതാ ഉദ്യോഗസ്ഥ. ബോളിവുഡിലെ ത്രില്ലർ സിനിമകളേക്കാളും ആവേശഭരിതമാണു സുദേഷ്ണയുടെ ജീവിതം.സാഹസികമാണ് കള്ളക്കടത്തുകാരെ അമർച്ച ചെയ്യാൻ നടത്തിയ സൂക്ഷ്മമായ നീക്കങ്ങൾ. വളർന്നുവരുന്ന തലമുറയ്ക്ക് ബാലപാഠമായ സുദേഷ്ണയുടെ ജീവിതത്തിലേക്ക്. 

ആറുവർഷമായി പൊലിസ് പഠിച്ച പണിയെല്ലാം നോക്കിയിട്ടും പിടിക്കാൻ പറ്റാതെപോയ  40 കേസുകളിൽ പ്രതിയായ ഒരു കള്ളക്കടത്തുകാരനെ പിടിക്കുന്നതു സുദേഷ്ണയുടെ നേതൃത്വത്തിലുള്ള പത്തംഗ സംഘം. ഓർക്കുമ്പോൾ തന്നെ ചങ്കിടിപ്പു കൂട്ടുന്ന അനുഭവം. താൻ നടത്തിയ ഓരോ റെയ്ഡുകളും ഒരോ സിനിമയ്ക്കു വിഷയമാക്കാവുന്നതാണെന്നു പറയുന്നു സുദേഷ്ണ. ഒപ്പം ഭാവിയിലും കുറ്റവാളികൾക്കു തന്നിൽനിന്നു കരുണ വേണ്ടെന്ന സന്ദേശവും. 

കള്ളക്കടത്തുകാരെക്കുറിച്ചുള്ള മുഴുവൻ വിവരങ്ങളും ശേഖരിക്കുകയാണ് ആദ്യഘട്ടം. അർധരാത്രി ഒരുമണിക്ക് ഓപറേഷൻ തുടങ്ങുന്നു. വാടകയ്ക്കെടുത്ത വണ്ടികളിലാണ് യാത്ര. ഔദ്യോഗിക വാഹനങ്ങളിൽ യാത്ര ചെയ്താൽ കുറ്റവാളികൾ നീക്കം വേഗം മനസ്സിലാക്കും. ഇതൊഴിവാക്കാനാണ് വാഹനങ്ങൾ വാടകയ്ക്ക് എടുക്കുന്നത്. ഒരിക്കൽ ടീമിലുള്ള മുഴുവൻ പേരും മുന്നോട്ടു നീങ്ങരുത് എന്ന് ഉറപ്പിച്ചുപറഞ്ഞെങ്കിലും വിജയകരമായി ഓപറേഷൻ നടത്തിയ കഥയും പറയാനുണ്ട് സുദേഷ്ണയ്ക്ക്. 

ഞങ്ങൾ പിടിക്കാൻ ശ്രമിച്ച കള്ളക്കടത്തുകാരന്റെ താവളത്തിന് ഒന്നിലധികം പ്രവേശനമാർഗങ്ങള്‍. രാവിലെ 4.30 ന് ഞങ്ങൾ ചെല്ലുമ്പോൾ വാതിലിനു താഴെ നിർമിച്ച ഇരുമ്പു ഗേറ്റിലൂടെ നുഴഞ്ഞുകയറിവേണമായിരുന്നു അകത്തേക്കു കയറാൻ. നായ്ക്കൾക്കു കടന്നുപോകാൻ കഴിയുന്ന വലുപ്പമേ ഉണ്ടായിരുന്നുള്ളൂ കവാടത്തിന്. തിരിച്ചുപോകാമായിരുന്നു.

സുദേബ് സർക്കാരിനൊപ്പം ഞങ്ങൾ മുന്നോട്ടുതന്നെ നീങ്ങി. സാഹസികമായി വാതിൽ കടന്നു. പ്രതിയെ അറസ്റ്റ് ചെയ്തു– ആവേശത്തോടെ സുദേഷ്ണ പറയുന്നു. ബോളിവുഡ് സിനിമയാക്കിയാൽ സൂപ്പർഹിറ്റ് ആകാനുള്ള എല്ലാ ചേരുവകളുമുണ്ടായിരുന്നു സുദേഷ്ണയും സംഘവും നടത്തിയ ഓപറേഷനിൽ.പക്ഷേ സിനിമാക്കഥയിലെപ്പോലെ എല്ലാ ശുഭമല്ല ഈ വനിതാ ഓഫിസറുടെ വ്യക്തിജീവിതത്തിൽ. പല തവണ വധഭീഷണികളെ നേരിടേണ്ടിവന്നു. ഭർത്താവിനെ ആക്രമിക്കും. മക്കളെ പരുക്കേൽപിക്കും എന്നെല്ലാം മുന്നറിയിപ്പുകളുണ്ടായി. 

ഞാനൊന്നു പുറത്തുവന്നോട്ടെ. ദൈവത്തിനുപോലും നിങ്ങളെ രക്ഷിക്കാനാവില്ല എന്നാണ് ഒരു കുറ്റവാളി ഒരിക്കലെന്നോടു പറഞ്ഞത്. ജുഡീഷ്യല്‍ കസ്റ്റഡിയിൽനിന്നു പുറത്തുവരുന്ന പ്രതികൾ റവന്യൂ ഇന്റലിജൻസ് ഓഫിലെത്തി റിപോർട്ട് ചെയ്യണം. ഒരിക്കൽ ഞങ്ങളുടെ ഓഫിസിലെത്തിയ മ്യാന്‍മാറില്‍നിന്നുള്ള കള്ളക്കടത്തുകേസിലെ  പ്രതി എന്നോടു പറഞ്ഞു– നിങ്ങളുടെ മൃതദേഹം ഇതേ ഓഫിസിൽ കിടത്തും. ഭർത്താവും ഉണ്ടാകും നിങ്ങൾക്കു കൂട്ടായി. നിങ്ങളുടെ ഭർത്താവ് ജോലി ചെയ്യുന്നത് എവിടെയാണെന്ന് എനിക്കറിയാം. നിങ്ങളുടെ വീടും അറിയാം. കേൾക്കുമ്പോൾ അസ്വസ്ഥതയുണ്ടാക്കുന്ന വാക്കുകൾ. ആദ്യമൊക്കെ അവയുമായി പൊരുത്തപ്പെടാൻ പാടുപെട്ടു. പക്ഷേ, ഇപ്പോൾ അവയൊന്നും ഞാൻ ശ്രദ്ധിക്കാറില്ല: ആത്മവിശ്വാസത്തോടെ സുദേഷ്ണ പറയുന്നു. 

സർവീസിന്റെ തുടക്കത്തിൽ സ്ത്രീകൾ പ്രതികളായ കേസുകൾ കൈകാര്യം ചെയ്യാമൻ മാത്രമേ സുദേഷ്ണയെ വിളിക്കാറുണ്ടായിരുന്നുള്ളൂ. ഒരു വർഷമായപ്പോഴേക്കും സ്വന്തം കഴിവു തെളിയിച്ചു. അതോടെ എല്ലാ കേസുകളും കൈകാര്യം ചെയ്യാമെന്നായി. ഇപ്പോൾ ക്ലോക്കിൽ പന്ത്രണ്ടു മണി അടിക്കുമ്പോഴും ഫോണിൽ വിളിച്ചാൽ നിമിഷങ്ങൾക്കകം ഡ്യൂട്ടിക്കു തയ്യാറാകും ഈ വനിതാ ഓഫിസര്‍. 

ചിലപ്പോഴൊക്കെ സ്ത്രീകളുടേതായ പരിമിതികളും നേരിട്ടിട്ടുണ്ട് സുദേഷ്ണ. കൊൽക്കത്ത തുറമുഖത്ത് ഒരിക്കൽ 40 അടി ഉയരമുള്ള ഒരു കണ്ടെയ്നർ പരിശോധിക്കേണ്ടിവന്നു. 36 മണിക്കോറോളം നീണ്ട പരിശോധന. ഒരുകൂട്ടം തൊഴിലാളികൾക്കൊപ്പം. ഓരോ വിവരവും രേഖപ്പെടുത്തിക്കൊണ്ട്. ശരിക്കും വലഞ്ഞുപോയെന്നു പറയുന്നു സുദേഷ്ണ. മക്കൾക്ക് അസുഖമായിരിക്കുമ്പോഴും മറ്റും ഡ്യൂട്ടിക്കു പോകുന്നതും ബുദ്ധിമുട്ടാണ്. 

കൊൽക്കത്ത യൂണിവേഴ്സിറ്റയിൽ ഭൂമിശാസ്ത്രത്തിലാണു കൊൽക്കത്തയിൽനിന്നുള്ള സുദേഷ്ണയുടെ ബിരുദം. ഡൽഹി ഇന്റർനാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യുമൻ റിലേഷൻസിൽ മനുഷ്യാവകാശത്തിൽ ബിരുദാനന്തരബിരുദം. 2010– ൽ ഇപ്പോൾ ജിഎസ്ടി എന്നറിയപ്പെടുന്ന സെൻട്രൽ എക്സൈസ് ആൻഡ് കസ്റ്റംസിൽ ജോലിക്കു കയറുന്നു. 

ഉത്തർപ്രദേശിലെ ഒരു റെയിൽവേ സിൻഡിക്കറ്റിനെ തകർത്തതും സുദേഷ്ണയുടെ നേതൃത്വത്തിലുള്ള സംഘം തന്നെ. എട്ടു മുതൽ പത്തുവരെ വ്യാജ കമ്പനികളുടെ കൂട്ടമായിരുന്നു ഈ സിൻഡികറ്റ്. ചൈനയിൽനിന്നു ഗുണനിലവാരം കുറഞ്ഞതെന്ന പേരിൽ റെഡിമെയ്ഡ് വസ്ത്രങ്ങൾ കസ്റ്റംസ് ഡ്യൂട്ടി ഒഴിവാക്കി ഇറക്കുമതി ചെയ്യുന്നതായിരുന്നു തട്ടിപ്പിൽ പ്രധാനം. വാരണാസിയിൽ 12 കിലോയോളം സ്വർണ്ണബിസ്കറ്റുകൾ പിടിച്ചതു മറ്റൊരു സംഭവം. 13 കേസുകളിലായി 193 കോടി വില വരുന്ന കള്ളക്കടത്തു സാധനങ്ങൾ കൊൽക്കൊത്ത വിമാനത്താവളത്തിൽ പിടികൂടിയപ്പോഴും സുദേഷ്ണയും സംഘവും തങ്ങൾ ആർക്കും പിന്നിലല്ലെന്നും മുന്നിൽത്തന്നെയെന്നും തെളിയിച്ചു. ധീരതയുടെയും ആത്മവിശ്വാസത്തിന്റെയും ഇഛാശക്തിയുടെയും കഥ തുടരുകയാണ്, പുതിയ നാഴികക്കല്ലുകള്‍ താണ്ടി.