അകാലത്തിൽ വിധവയായി, 3 മക്കളുടെ പട്ടിണിമാറ്റാൻ വനിതാ കൂലിയായ മഞ്ജു

മഞ്ജു ദേവിമാർ ഇനിയും വേണം. കൂടുതൽ മഞ്ജു ദേവിമാർ വരുന്നതോടെ യഥാർഥ പുരോഗതിയിലേക്കു രാജ്യം കുതിക്കും. ട്വിറ്ററിൽ പ്രത്യക്ഷപ്പെട്ട കമന്റ് സൂചനയാണ്. ഒരു സ്ത്രീയുടെ നേട്ടത്തെ അംഗീകരിക്കുകയും അഭിനന്ദിക്കുകയും ചെയ്യുന്നതിനൊപ്പം സ്ത്രീകൾ മുന്നോട്ടു വരുന്നതോടെയേ രാജ്യത്തിനു കുതിക്കാനാകൂ എന്ന വലിയ പാഠവും. 

സാധാരണക്കാരിയായ ഒരു സ്ത്രീയാണ് മഞ്ജു ദേവി. വിധവ,മൂന്നുമക്കളുടെ അമ്മ മഞ്ജുദേവിയെ അസാധാരണ നേട്ടത്തിനുടമയാക്കിയത് അവരുടെ ചങ്കൂറ്റം. പുരുഷന്മാരുടെ കുത്തകയായിരുന്ന ഒരു ജോലി സ്ത്രീകൾക്കും വിജയകരമായി ചെയ്യാൻ പറ്റുമെന്ന സാക്ഷ്യപ്പെടുത്തൽ. അനിശ്ചിതത്വം നിറഞ്ഞ ഭാവിയിലേക്കു നോക്കി പ്രതിസന്ധികളിൽ കാലിടറി വീഴുന്ന ആയിരങ്ങൾക്കു പ്രതീക്ഷയുടെ കിരണം. ആത്മവിശ്വാസത്തിന്റെ ഊർജം. നോർത്ത് വെസ്റ്റേൺ റെയിൽവേയിൽ പോർട്ടറായി ജോലി ചെയ്യുന്ന ആദ്യത്തെ വനിതയാണു മഞ്ജു ദേവി. പുരുഷൻമാർ മാത്രം ചെയ്തിരുന്ന ജോലിയിൽ ഒരു കൈ നോക്കുകയും മുന്നിലെത്തുകയും ചെയ്ത അദ്ഭുതത്തിനുടമ. 

കൂലി എന്നാണു പോർട്ടർ അറിയപ്പെടുക. പോർട്ടറെക്കുറിച്ചു ചിന്തിക്കുമ്പോൾ മനസ്സിൽ വരുന്നത് പുരുഷന്റെ മുഖം. കരുത്തനായ, എന്തു ഭാരവും തോളിലേറ്റുന്ന ദൃഢമായ മാംസപേശികളുള്ള, ആരോഗ്യമുള്ള ശരീരത്തിന്റെ ഉടമ. കഠിനമേറിയ പോർട്ടർ ജോലി പുരുഷൻമാർക്കു മാത്രമേ ചെയ്യാൻ കഴിയൂ എന്നാണ് വർഷങ്ങളായുള്ള ധാരണയും. ഏകാശ്രയമായിരുന്ന ഭർത്താവു മരിക്കുകയും ജീവിക്കാൻ വകയില്ലാതാകുകയും മക്കളെ വളർത്തുന്നതു പ്രതിസന്ധിയാകുകയും ചെയ്തപ്പോൾ മഞ്ജു ദേവി ഭർത്താവിന്റെ ജോലി സ്ഥലത്തേക്കു പോയി.

ജയ്പൂർ റെയിൽവേ സ്റ്റേഷനിലേക്ക്. താൻ ചെയ്യേണ്ട ജോലിയെക്കുറിച്ചും തനിക്കു നിർവഹിക്കാനുള്ള ഉത്തരവാദിത്തക്കുറിച്ചും വ്യക്തമായ ധാരണയുണ്ടായിരുന്നു അവർക്ക്. ഹിന്ദിയോ ഇംഗ്ലിഷോ അറിയില്ലെങ്കിലും ജോലി ചെയ്തു പരിചയമില്ലെങ്കിലും അവർ പോർട്ടർ ജോലി ഏറ്റെടുത്തു. കഠിനമായ ജോലി തങ്ങൾ സ്ത്രീകൾക്കും ചെയ്യാമെന്നു കാണിച്ചുകൊടുത്തു. 

തങ്ങളുടേതായ മേഖലകളിൽ അദ്ഭുതകരമായ നേട്ടങ്ങൾ സ്വന്തമാക്കിയവരെ ആദരിച്ച് ഈ വർഷം രാഷ്ട്രപതി ഭവനിൽ ഒരുക്കിയ ചടങ്ങിൽ മഞ്ജു ദേവിക്കും ക്ഷണമുണ്ടായിരുന്നു. രാഷ്ട്രപതി റാം നാഥ് കോവിന്ദ് മഞ്ജു ദേവിയെ അഭിനന്ദിച്ചു. ആദരിച്ചു. ഇന്ത്യയിലെ സ്ത്രീകൾക്ക് മാതൃകയെന്നു വാഴ്ത്തി. മഹാദേവ് എന്നായിരുന്നു മഞ്ജുവിന്റെ ഭർത്താവിന്റെ പേര്. ജയ്പൂർ റെയിൽവേ സ്റ്റേഷനിലെ കൂലി. അകാലത്തിൽ അദ്ദേഹം മരിച്ചപ്പോൾ മഞ്ജു വീണത് അനാഥത്വത്തിലേക്ക്. തളരാതെ, തകരാതെ അവർ ഭർത്താവിന്റെ ജോലി തന്നെ ഏറ്റെടുക്കാൻ തീരുമാനിച്ചു. ഭർത്താവിന്റെ പോർട്ടർ ലൈസൻസ് നമ്പർ 15 തന്നെ മഞ്ജുവും സ്വന്തമാക്കി. 

തുടക്കത്തിൽ ബുദ്ധിമുട്ടേറിയതായിരുന്നു ജോലി. ബാഗുകൾ പൊക്കിയെടുക്കാൻ എനിക്കു കഴിയില്ലെന്നുതന്നെ തോന്നി. ഭാഷ അറിവില്ലാത്തതിന്റെ ബുദ്ധിമുട്ടും. ക്രമേണ പ്രശ്നങ്ങളെ ഞാൻ അതിജീവിച്ചു: ആത്മവിശ്വാസത്തിന്റെ ഊർജത്തിൽ മഞ്ജു പറയുന്നു. സഹപ്രവർത്തകരായ പുരുഷൻമാർ തന്നെ നന്നായി സഹായിക്കുന്നുണ്ടെന്നും മഞ്ജു പറയുന്നു. ട്വിറ്ററിൽ മഞ്ജുവിന്റെ കഥ വായിച്ചവരൊക്കെ ഒരേ സ്വരത്തിൽ അഭിനന്ദനങ്ങൾ ചൊരിയുന്നു. 

ജീവിതത്തിൽ എന്തും നേരിടാമെന്നു നിങ്ങൾ കാണിച്ചുതന്നു. അഭിനന്ദനങ്ങൾ : വിനിത പ്രിയദർശനി എന്നയാൾ കുറിച്ചു. പുരുഷനന്മാരുടെ മാത്രം ജോലി എന്ന ഒരു സങ്കൽപമില്ലെന്നു മഞ്ജു തെളിയിച്ചു. കുടുംബത്തിന് അഭിമാനമായി. ഇന്ത്യയ്ക്കുതന്നെ അഭിമാനമായി.  നിങ്ങളെപ്പോലെയുള്ളവരെയാണു രാജ്യത്തിന് ആവശ്യം – മറ്റൊരാൾ ഇങ്ങനെയാണ് അഭിപ്രായപ്പെട്ടത്. 

സഹോദരീ, നിങ്ങൾ മാതൃത്വത്തിന്റെ മേൻമ ഉയർത്തിപ്പിടിച്ചു. യഥാർഥത്തിൽ സഹായം വേണ്ടവർക്കുവേണ്ടി രാജ്യം ഒന്നും ചെയ്യുന്നില്ലെന്ന കഠിന പാഠം നിങ്ങളുടെ ജീവിതം തെളിയിക്കുന്നു. വലിയൊരു പാഠമാണ് പഠിപ്പിച്ചത്. നന്ദി. അഭിനന്ദനങ്ങൾ..ഇങ്ങനെപോയി മറ്റുള്ളവരുടെ കുറിപ്പുകൾ.