Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അന്ധതയെ തോൽപ്പിച്ച അസിസ്റ്റന്റ് കലക്ടർ

ekm-asstcollector.jpg.image.784.410

നിരാശരാകാൻ ഒരു കാരണം നോക്കിയിരുക്കുന്നവർ തീർച്ചയായും ഈ അസിസ്റ്റന്റ് കലക്ടറുടെ കഥയറിയണം. മനസ്സിലൊരു തീവ്രമായ ആഗ്രഹമുണ്ടെങ്കിൽ ഒരു ശാരീരിക വൈകല്യവും അതിനു തടസ്സമാകില്ലെന്ന് ജീവിതംകൊണ്ടു തെളിയിച്ച പ്രഞ്ജാൽ പാട്ടീലാണ് ഈ കഥയിലെ നായിക. ആറുവയസ്സുള്ളപ്പോഴാണ് കാഴ്ചയുടെ ലോകം തനിക്കന്യമായിത്തുടങ്ങിയ കാര്യം പ്രഞ്ജാൽ തിരിച്ചറിഞ്ഞത്.

സ്വപ്നങ്ങൾ എത്തിപ്പിടിക്കാൻ അന്ധത ഒരു തടസ്സമാകില്ലെന്ന് മനസ്സിലുറപ്പിച്ച ആ പെൺകുട്ടിയുടെ നിശ്ചയ ദാർഡ്യത്തെ തകർക്കാൻ ആരുടെയും സഹതാപ വാക്കുകൾക്കോ ദൈന്യതയൊളിപ്പിച്ച പെരുമാറ്റങ്ങൾക്കോ ആയില്ല. മകളുടെ കഠിന പരിശ്രമങ്ങൾക്ക് കൂട്ടായി അച്ഛനുമമ്മയും നിന്നപ്പോൾ എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് അവൾ വിജയങ്ങളോരോന്നായി സ്വന്തമാക്കാൻ തുടങ്ങി.

ചിട്ടയായ പഠനവും പരിശീലനവുമാണ് സ്വപ്നങ്ങൾ സ്വന്തമാക്കാൻ തന്നെ സഹായിച്ചതെന്നു പറയും ഈ അസിസ്റ്റന്റ് കലക്ടർ. മുംബെ സെന്റ് സേവ്യേഴ്സ് കൊളേജിൽ നിന്ന് പൊളിറ്റിക്കൽ സയൻസിൽ ബിരുദവും ഡൽഹി ജവഹർലാൽ നെഹ്റു സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദവും സ്വന്തമാക്കിയാണ് ഈ പെൺകുട്ടി തന്റെ സ്വപ്നങ്ങളെ പിന്തുടർന്നത്.

2015 ൽ യുപിഎസ്‌സി പരീക്ഷയെഴുതിയപ്പോൾ 733–ാം റാങ്ക് ലഭിച്ചു. എന്നാൽ കൂടുതൽ മികച്ച റാങ്കിനായി വീണ്ടും പരിശ്രമിക്കാനായിരുന്നു പ്രഞ്ജാലിന്റെ തീരുമാനം. ആ നിശ്ചയ ദാർഢ്യത്തിനു ഫലം കണ്ടു. രണ്ടാംവട്ടം പരീക്ഷയെഴുതിയപ്പോൾ ഈ പെൺകുട്ടിക്ക് ലഭിച്ചത് 124–ാം റാങ്ക്. രണ്ടാഴ്ച മുമ്പ് മസൂറിയിൽ നിന്ന് പരിശീലനം പൂർത്തിയാക്കിയ പ്രഞ്ജാലിന് നിയമനം ലഭിച്ചത് കേരളകേഡറിൽ.

ഒരാഴ്ച ഓഫീസിലുണ്ടാകുമെന്നും ശേഷം ഒരുമാസത്തെ പരിശീലനത്തിനായി തിരികെപ്പോകുമെന്നും പറയുന്നു അസിസ്റ്റന്റ് കലക്ടർ. കനൽവഴികൾ കടന്ന് സ്വപ്നം സ്വന്തമാക്കിയ അസിസ്റ്റന്റ് കലക്ടർ ഇനി ഭിന്നശേഷിക്കാരുൾപ്പടെയുള്ള സാധാരണക്കാർക്കു തുണയാകുമെന്ന പ്രതീക്ഷയിലാണ് ജനങ്ങൾ.