Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പേരിനൊപ്പം അമ്മയുടെ പേരു ചേർത്തു; ഇന്ത്യയിൽ നേരിട്ടത് വിചിത്ര അനുഭവങ്ങൾ

girl-name-01 ചിത്രത്തിന് കടപ്പാട്: ഫെയ്സ്ബുക്ക്.

കുട്ടികളെ വളർത്തുന്നതു കുട്ടിക്കളിയല്ല. മാതാപിതാക്കളിൽ ഒരാളുടെ മാത്രം കടമയുമല്ല. അച്ഛനമ്മമാർ രണ്ടുപേരും അവരുടെ ജീവിതം തന്നെ സമർപ്പിച്ചാണു മക്കളെ വളർത്തുന്നത്. ഉയരങ്ങളിലെത്തിക്കാൻ സജ്ജരാക്കുന്നത്. പരീക്ഷകളിൽ കാലിടറാതെ, പരീക്ഷണങ്ങളിൽ പതറാതെ ജീവിതത്തിൽ കരുത്തുറ്റവരാക്കുന്നത്. പക്ഷേ, കുട്ടികൾ തങ്ങളുടെ പേരിനു പുറമെ ഒരു പേരു കൂടി സ്വന്തം പേരിനൊപ്പം ചേർക്കുമ്പോൾ അതു പിതാവിന്റെ പേരു മാത്രമാകുന്നു. അമ്മയുടെ പേര് ഉപേക്ഷിക്കപ്പെടുന്നു. പ്രത്യേകിച്ചൊരു കാരണമോ വിശദീകരണമോ ഇല്ലാത്ത പ്രതിഭാസം. 

പുരുഷനു മേൽക്കോയ്മയുള്ള സമൂഹത്തിൽ, ഗൃഹനാഥൻ ചുമതലക്കാരനാകുന്ന കുടുംബത്തിൽ കുട്ടികളെ വളർത്തുന്നതു പ്രധാനമായും അമ്മയുടെ ജോലിയാണ് എന്നാൽ അർഹതപ്പെട്ട അംഗീകാരം ലഭിക്കാതെ പോകുന്നു. ചില വിഭാഗങ്ങളിൽ പെൺകുട്ടികൾക്കെങ്കിലും അച്ഛന്റെ പേരിനൊപ്പം അമ്മയുടെ പേരും ചേർക്കാറുണ്ട്. പക്ഷേ, പൊതുരീതി അച്ഛന്റെ പേരു മാത്രം ചേർത്തു കുട്ടികൾ വളരുക എന്നതാണ്. മാതാവിനെ രണ്ടാംതരക്കാരിയാക്കുന്ന സമ്പ്രദായത്തെ അമ്മ ചോദ്യം ചെയ്യാറില്ല.

മക്കൾ പ്രത്യേകിച്ചൊരു അസാധാരണത്വവും  അതിൽ കാണാറുമില്ല. തലമുറകളായി തുടരുന്നു അച്ഛനു പ്രധാന്യമുള്ള കുടുംബജീവിതവും പുരുഷ മേൽക്കോയ്മയുള്ള സമൂഹവും. കൗമാരത്തിന്റെ തുടക്കത്തിൽ ഇന്ത്യയിലെത്തിയ ഒരു പെൺകുട്ടിയുടെ പേരിന്റെ കൂടെ  അച്ന്റെ പേരിനൊപ്പം അമ്മയുടെ പേരുമുണ്ടായായിരുന്നു. സ്കൂളിൽ ചേർന്ന അന്നുമുതൽ പേരിന്റെ പേരിൽ ആ കുട്ടിക്കു പുകിലുകളുടെ ഘോഷയാത്ര തന്നെ നേരിടേണ്ടിവന്നു. തന്റെ വിചിത്രമായ അനുഭവം പെൺകുട്ടി ഫെയ്സ്ബുക്കിൽ എഴുതി; കണ്ണു തുറന്നു വായിക്കാനും കണ്ണടയ്ക്കാതെ ചിന്തിക്കാനും. 

ഞാൻ വളർന്നുവന്ന കുടുംബത്തിൽ അച്ഛനു മാത്രമല്ല മേധാവിത്വം. അച്ഛനും അമ്മയ്ക്കും തുല്യപദവി. അമ്മയ്ക്കു രാത്രിജോലിക്കു പോകേണ്ടിവരുമ്പോൾ വീട്ടിൽ പാചകം ചെയ്യുന്നത് അച്ഛൻ. സ്കൂളിലെ പിടിഎ യോഗങ്ങൾക്ക് അച്ഛനും അമ്മയും മാറിമാറി പങ്കെടുക്കുന്നു. അമ്മ അത്താഴം ഉണ്ടാക്കിയാൽതന്നെ പാത്രം കഴുകിവയ്ക്കുന്നത് അച്ഛൻ. ഞങ്ങളുടെ പേരുകളിൽപോലുമുണ്ട് കുടുംബത്തിലെ തുല്യനീതിയും സമത്വവും. എന്റെയും സഹോദരിയുടെയും പേരിന്റെ അവസാനം അച്ഛന്റെ പേരുണ്ട്. അമ്മയുടെ പേര് മധ്യത്തിലും. അങ്ങനെ പേരിടാൻ ഒരു ലോജിക് മാത്രമേയുള്ളൂ. മക്കളെ വളർത്തിവലുതാക്കുന്നതിൽ രണ്ടുപേർ‌ക്കും ഒരേപങ്ക്. ഒരാളുടെ പേര് മാത്രം ചേർത്ത് എന്തിനു മറ്റേയാളുടെ അർഹത നിഷേധിക്കണം ? 

11–ാം വയസ്സിൽ എന്റെ ജീവിതം ഇന്ത്യയിലേക്കു പറിച്ചുനട്ടു. അതോടെ പ്രശ്നങ്ങളും തുടങ്ങി. ഇവിടെയെത്തിയ ആദ്യദിവസം മുതൽ ഞാൻ എന്തോ അസാധാരണക്കാരിയാണ് എന്നെനിക്കു തോന്നാൻ തുടങ്ങി. അധ്യാപകർ പോലും എന്റെ പേരിലെ ‘ലത’ എന്ന ഭാഗം വിട്ടുകളയുകയും എല്ലാ രേഖകളിലും അച്ഛന്റെ പേരു മാത്രം ഉൾപ്പെടുത്തുകയും ചെയ്തു. സ്റ്റേറ്റ് പരീക്ഷ എഴുതുന്ന ഘട്ടമെത്തിയപ്പോൾ പരീക്ഷയ്ക്കുള്ള അപേക്ഷ തള്ളി. പല രേഖകളിൽ പേര് പലതായി വന്നതാണു കാരണം. അവസാനം ഡാഡിക്കു സ്കൂളിൽവന്നു കാര്യങ്ങൾ വിശദമാക്കേണ്ടിവന്നു.

എല്ലാ രേഖകളിലും പേര് ഒരുപോലെയാക്കണമെന്ന് അപേക്ഷിക്കേണ്ടിവന്നു. അനേകം പേർ ഞങ്ങളെ ചോദ്യം ചെയ്തു. അവർക്കു ഞങ്ങൾ ഒരു വിശദീകരണം കൊടുത്തേ പറ്റൂ എന്ന രീതിയിൽ. സ്കൂൾ കാലം മുഴുവൻ അമ്മയുടെ പേരുകൂടി സ്വന്തം പേരിനൊപ്പം ചേർത്ത വിചിത്രകുട്ടിയായി ഞാൻ ജീവിച്ചു. ആദ്യമൊക്കെ എനിക്ക് അച്ഛനമ്മമാരോട് ദേഷ്യം തോന്നി. പക്ഷേ പിന്നീടു കാര്യങ്ങൾ വ്യക്തമായി. കുഴപ്പം എന്റെ അച്ഛനോ അമ്മയ്ക്കോ അല്ല സമൂഹത്തിനുതന്നെയാണ്.

സമൂഹത്തിന്റെ കാഴ്ചപ്പാടിനുതന്നെയാണ്. രണ്ടുപേരുടെയും പേര് കൂട്ടിച്ചേർത്ത് ‍ഞങ്ങളെ വിളിച്ചതിലൂടെ വലിയൊരു ആശയമാണ് അവർ ആവിഷ്കരിക്കാൻ ശ്രമിച്ചത്. സ്ത്രീകളും പുരുഷൻമാരും തുല്യാരാണെന്നു തെളിയിക്കാനാണു ശ്രമിച്ചത്. 17 വയസ്സായപ്പോഴേക്കും എന്റെ പേരിൽ അഭിമാനിക്കുന്ന കുട്ടിയായി ഞാൻ മാറി. ഇനിയുള്ള ജീവിതത്തിലും അച്ഛനമ്മമാരുടെ പേരു വഹിച്ചും അവരുടെ തുല്യത അംഗീകരിച്ചും  ഞാൻ മുന്നോട്ടു പോകും. 

ഫെയ്സ്ബുക്ക് പോസ്റ്റ് വായിച്ച മിക്കവരും പെൺകുട്ടിയെ അഭിനന്ദിച്ചു. സമൂഹത്തിന് ഒരു പാഠം പകർന്നതിൽ. തുല്യതയുടെ ആശയം വളർത്താൻ ശ്രമിച്ച മാതാപിതാക്കൾക്കും കിട്ടി അഭിനന്ദനവും അനുമോദനവും.