ഇനിയങ്ങനെ സംഭവിക്കരുത്; വാട്സാപ് സന്ദേശത്തിനെതിരെ ഐപിഎസ് ഓഫീസർ

രമ രാജേശ്വരി ഐപിഎസ്. ചിത്രത്തിന് കടപ്പാട്: ഫെയ്സ്ബുക്ക്.

തെലങ്കാനയിലെ മനജിപെട്ട് ഗ്രാമത്തിലെ പാവപ്പെട്ട ആട്ടിടയനാണ് യാദേ. 22 വയസ്സ്. അടുത്തിടെ കിട്ടിയ ഒരു വാട്സാപ് മെസേജ് കണ്ട് യാദേ ഞെട്ടി. അവന്റെ ചിത്രമുണ്ടായിരുന്നു ആ സന്ദേശത്തിൽ. കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ഇറങ്ങിയ ഭീകരനായി ചിത്രീകരിച്ചിരിക്കുന്നു. പേടിച്ചു വിറച്ചുപോയ യാദേയ്ക്ക് എന്തു ചെയ്യണമെന്ന് ഒരു പിടിയും കിട്ടിയല്ല തുടക്കത്തിൽ. ജീവിതത്തിൽ ഒരു കുറ്റവും ചെയ്യാതെ കുറ്റവാളിയായി ചിത്രീകരിക്കപ്പെടുക. അതിൽപ്പരം ഭീകരമായിട്ട് എന്താണുള്ളത്. 

ഒടുവിൽ പൊലീസ് സ്റ്റേഷനിൽ അഭയം തേടി. പൊലീസ് സൂപ്രണ്ട് രമ രാജേശ്വരി യാദേയെ ആശ്വസിപ്പിച്ചു. കുഴപ്പങ്ങളൊന്നുമുണ്ടാകാതെ നോക്കാമെന്ന് ഉറപ്പുകൊടുത്തു. യാദേ തിരിച്ചുപോയി. പക്ഷേ, പേടി അവനു പൂർണമായും മാറിയിട്ടില്ല. അടുകളെ മേയ്ക്കാൻ കൊണ്ടുപോകുമെങ്കിലും ഗ്രാമം വിട്ട് ഒരു യാത്രയ്ക്ക് ഇപ്പോഴും ധൈര്യമില്ല അവന്. വാട്സാപ് സന്ദേശം എവിടെയൊക്കെ ചെന്നുവെന്ന് ആർക്കും പറയാൻ പറ്റില്ലല്ലോ. 

കാറ്റിനേക്കാൾ വേഗതയിൽ ജനങ്ങൾക്കിടയിൽ പടരുന്ന വ്യാജ സന്ദേശങ്ങളിലൊന്നിന്റെ ഇരയാണ് തെലങ്കാനയിലെ യാദേ എന്ന പാവം ആട്ടിടയൻ. യാദേയെപ്പോലെ വ്യാജസന്ദേശങ്ങളുടെ ദുരിതഫലം അനുഭവിക്കുന്ന അനേകം പേരുണ്ട്. കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ കൊള്ളക്കാർ വ്യാപകമായി ഇറങ്ങിയിരിക്കുന്നു എന്നായിരിക്കും ഒരുദിവസത്തെ സന്ദേശം. അല്ലെങ്കിൽ വീടു കൊള്ളയടിക്കാൻ ഇറങ്ങിയ കവർച്ചക്കാരെക്കുറിച്ചു ജാഗ്രത പാലിക്കാൻ ആവശ്യപ്പെടുന്ന സന്ദേശങ്ങൾ.

ഇവ ലഭിക്കുന്നതോടെ ജനം തടിച്ചുകൂടുകയായി. അപരിചിതരായ ആരെയെങ്കിലും കണ്ടാൽ സംശയത്തോടെ നോക്കുകയായി. സംശയം ബലപ്പെട്ടാൽ പിന്നെ നടക്കുന്നത് ആൾക്കൂട്ട ആക്രമണം. തമിഴ്നാട്, മഹാരാഷ്ട്ര, അസ്സാം എന്നിവടങ്ങളിൽ ഇത്തരം ആൾക്കൂട്ട ആക്രമണങ്ങളുടെ ഇരയായി ജീവൻ നഷ്ടപ്പെട്ടവരുടെ എണ്ണം 10 കവിഞ്ഞു. വ്യാജ സന്ദേശങ്ങളുടെ ഇരകൾ. വാട്സാപ് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ജനങ്ങളിൽ മുന്നിലാണ് ഇന്ത്യ. പക്ഷേ, ഗുണത്തേക്കാളേറെ ദോഷം ചെയ്യുകയാണ് പടർന്നുപിടിക്കുന്ന വ്യാജസന്ദേശങ്ങൾ.

തെലങ്കാനയുടെ ഗ്രാമ പ്രദേശങ്ങളിലെ സാധാരണക്കാരായ കർഷകർ പോലും വാട്സാപ് ഉപയോഗിക്കുന്നുണ്ട്. അവർ ചതിക്കപ്പെടാനുള്ള സാധ്യതയും കൂടുതലാണ്. അതുകൊണ്ടുതന്നെ വ്യാജ സന്ദേശങ്ങളിൽനിന്നും തെറ്റായ വിവരങ്ങളിൽനിന്നും ജനങ്ങളെ രക്ഷിക്കാൻ ഇറങ്ങിത്തിരിച്ചിരിക്കുകയാണ് രമ രാജേശ്വരി എന്ന വനിതാ പൊലീസ് സൂപ്രണ്ട്. 

ദാരിദ്ര്യവും കഷ്ടപ്പാടുകളും വ്യാപകമായ തെലങ്കാനയിലെ പിന്നാക്ക പ്രദേശത്തെ ഗ്രാമത്തെ ലക്ഷ്യമാക്കി വരുന്ന ജീപ്പ്. അന്തരീക്ഷത്തിൽ ജീപ്പ് ഉയർത്തുന്ന പുകപടലങ്ങൾ. പുക അടങ്ങുമ്പോൾ ഇരുണ്ട നീല നിറത്തിലുള്ള തൊപ്പി ധരിച്ച്, കാക്കിവേഷത്തിൽ പുറത്തേക്കുവരുന്ന വനിതാ സൂപ്രണ്ട്. താൽക്കാലികമായി കെട്ടിയുണ്ടാക്കിയ സ്റ്റേജിൽ കയറി ചുറ്റുമരിക്കുന്ന ഗ്രാമീണരോട് രമ രാജേശ്വരി പറയുന്നു: വ്യാജ സന്ദേശങ്ങളിൽ വഞ്ചിതരാകാതിരിക്കുക. ചിത്രങ്ങൾ, സന്ദേശങ്ങൾ,  വീഡിയോ എന്നിങ്ങനെ വരുന്ന സന്ദേശങ്ങൾ. അവയുടെ സത്യമെന്തെന്നു തിരക്കാതെ ഒരിക്കലും മറ്റൊരാൾക്ക് അയച്ചുകൊടുക്കരുത്. ഗ്രാമത്തിൽ അപരിചിതർ വരുമ്പോൾ നിയമം കയ്യിലെടുത്ത് അവർക്കെതിരെ തിരിയരുത്. സംശയം തോന്നിയാൽ പൊലീസിൽ വിവരമറിയിക്കുക. 

പൊതുതിരഞ്ഞെടുപ്പ് വരികയാണ് അടുത്ത വർഷം രാഷ്ട്രീയ സന്ദേശങ്ങൾ ഇനി വ്യാപകമായി പ്രചരിപ്പിക്കപ്പെടും. സത്യവുമായി ഒരു ബന്ധവുമില്ലാത്തവ. സ്വാർഥ താൽപര്യങ്ങൾ ലക്ഷ്യമിട്ടു പ്രചരിക്കുന്നവ. അവയ്ക്കു പിന്നിൽ വ്യക്തമായ ലക്ഷ്യങ്ങളുണ്ടാകാം. സത്യമറിയാതെ, യാഥാർഥ്യം മനസ്സിലാക്കാതെ വ്യജസന്ദേശങ്ങളുടെ ഇരകളാകരുത്– ഗ്രാമത്തിലെ മുക്കിലും മൂലയിലും വരെ ചെന്ന് രമ രാജേശ്വരി വ്യാജ സന്ദേശങ്ങൾക്കെതിരെ പ്രചാരണം നടക്കുന്നു. 

മതസ്പർധ സൃഷ്ടിക്കാൻ കഴിയുന്ന സന്ദേശങ്ങളുണ്ട്. ജാതിപ്പോര് ഇളക്കിവിടാൻ കഴിയുന്നവ. ഇവയ്ക്കെല്ലാമെതിരായ പോരാട്ടം കടമയായി സ്വീകരിച്ചിരിക്കുകയാണ് രമ. ഗ്രാമങ്ങളിലൂടെ ചെണ്ട കൊട്ടി നടന്നുപോകുന്ന ഗായക സംഘങ്ങളെവരെ ഏർപ്പെടുത്തിയിരിക്കുന്നു ഈ പൊലീസ് സൂപ്രണ്ട്. വ്യാജസന്ദേശങ്ങളിൽ വിശ്വസിക്കരുതെന്നാണ് പാട്ടുകളിലൂടെ വിളിച്ചുകൂവുന്നത്. തെറ്റായ സന്ദേശങ്ങളെത്തുടർന്ന് ഗ്രാമീണർ കല്ലും വടികളും ആയുധങ്ങളുമൊക്കെയായി സംഘടിക്കുന്നതു പതിവാണ്. ഒടുവിൽ സംഘർഷങ്ങളും രക്തച്ചൊരിച്ചിലും സംഭവിക്കുന്നു. 

തെലങ്കാനയിലെ പലമുരു എന്ന ജില്ലയിലാണ് രമ പ്രചാരണം നടത്തുന്നത്. ശരാശരി അമ്പതുശതമാനം മാത്രമാണ് തെലങ്കാന ഗ്രാമങ്ങളിലെ സാക്ഷരത. അമേരിക്കയിലെയും മ്യാൻമറിലെയും ബംഗ്ലാദേശിലെയും മറ്റും ആൾക്കാരുടെ ചിത്രങ്ങൾ ഇന്ത്യക്കാരെന്ന വ്യാജേന പ്രചരിപ്പിക്കുന്നവരുണ്ട്. ചിത്രങ്ങളിലുള്ളത് ഇന്ത്യക്കാരല്ലെന്നുപോലും ആരും ചിന്തിക്കുന്നില്ല. സത്യം അറിയാൻ ശ്രമിക്കാതെ മുന്നിട്ടിറങ്ങുമ്പോൾ സംഭവിക്കുന്നത് അബദ്ധങ്ങൾ. 

കുറഞ്ഞ വിലയിൽ സ്മാർട്ട് ഫോണുകൾ ലഭ്യമാണ്. സിമ്മും വേഗം കിട്ടും. വർത്തമാനപത്രങ്ങളും ടെലിവിഷനുമൊക്കെപ്പോലെ സ്മാർട് ഫോണുകളിലെ ആപുകളിൽ വരുന്ന സന്ദേശങ്ങളും വിശ്വസിച്ചാൽ സംഭവിക്കുന്ന ദുരന്തങ്ങളിലേക്കാണ് രമ രാജേശ്വരി വിരൽചൂണ്ടുന്നത്. അവരുടെ പോരാട്ടം ഫലം കാണുന്നുണ്ടെന്നാണ് ഏറ്റവും പുതിയ കണക്കുകൾ സൂചിപ്പിക്കുന്നത്. വ്യാജസന്ദേശങ്ങളെത്തുടർന്നുള്ള കൊലപാതകങ്ങൾ കുറയുകയാണ് തെലങ്കാനയിൽ. ഇനിയും ഏറെദൂരം പോകാനുണ്ടെങ്കിലും രമ പോരാട്ടം തുടരുകയാണ്.