'എന്റെ ഫെമിനിസം പുരുഷന്മാരെ മോശക്കാരായി ചിത്രീകരിക്കുന്നതല്ല'

കുസൃതി നിറഞ്ഞ ചിരിയും കുട്ടിത്തമുള്ള മുഖവുമായി മലയാളസിനിമയിൽ നിറഞ്ഞു നിന്ന നസ്‌റിയ നീണ്ട ഇടവേളയ്ക്കു ശേഷം വെള്ളിത്തിരയിലേക്ക് തിരിച്ചു വരുന്നത് കാത്തിരിക്കുകയാണ് പ്രേക്ഷകർ. വിവാഹശേഷം ഫഹദ് ഫാസിൽ ഏറ്റവും കൂടുതൽ കേട്ട ചോദ്യം നസ്‌റിയ ഇനി അഭിനയിക്കുമോ എന്നുള്ളതാണ്. ഭാര്യയ്ക്ക് എല്ലാ സ്വാതന്ത്ര്യവും നൽകുന്ന ഫഹദിനെ പലപ്പോഴം ഈ ചോദ്യം ശുണ്ഠി പിടിപ്പിച്ചിട്ടുമുണ്ട്. 

ആ ചോദ്യം ചോദിച്ചവർക്കുള്ള മറുപടിയുമായാണ് ഫഹദും നസ്റിയയും ഇപ്പോൾ എത്തിയത്. അഞ്ജലി മേനോന്റെ പുതിയ ചിത്രമായ കൂടെയിലൂടെയാണ് നാലുവർഷത്തെ ഇടവേളയ്ക്കുശേഷം നസ്‌റിയ വെള്ളിത്തിരയിലേക്ക് തിരിച്ചു വരുന്നത്. ചിത്രത്തിൽ പൃഥ്വിരാജിന്റെ സഹോദരിയുടെ വേഷത്തിലാണ് നസ്രിയയെത്തുന്നത്.  വെൽക്കം ബാക്ക് ടു നസ്റ‌ിയ എന്ന പേരിൽ ചിത്രത്തിന്റെ അണിയറ പ്രവർത്തകരൊരുക്കിയ പാട്ടിന് ഇതിനകം വൻ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. പാട്ട് നന്നായി സ്വീകരിക്കപ്പെട്ടതിൽ സന്തോഷമറിയിച്ച് നസ്‌റിയ നന്ദി പറഞ്ഞിരുന്നു.

അടുത്തിടെ നടന്ന ഒരു അഭിമുഖത്തിൽ സിനിമാമേഖലയിലെ വനിതാ സംഘടനയെക്കുറിച്ചും അതിൽ അംഗമാകാത്തതിനെക്കുറിച്ചുമുള്ള ചോദ്യങ്ങൾക്ക് നസ്‌റിയ നൽകിയ മറുപടി ശ്രദ്ധേയമായിരുന്നു. സ്ത്രീ ശാക്തീകരണത്തിനും സ്ത്രീകളുടെ ഉന്നമനത്തിനുമായി ഡബ്ലു സി സി പോലെയൊരു സംഘടന രൂപീകരിക്കപ്പെട്ടത് വളരെ നല്ല കാര്യമാണെന്നായിരുന്നു താരത്തിന്റെ പ്രതികരണം. ജോലിസ്ഥലത്ത് അനുഭവിക്കുന്ന പ്രശ്നങ്ങളെപ്പറ്റി തുറന്നു പറയാനുള്ള ഒരു വേദിയാണ് സ്ത്രീകൾക്ക് ഇതിലൂടെ തുറന്നു കിട്ടിയിരിക്കുന്നത്.

എങ്കിലും ഇത്തരം ഒരു കൂട്ടായ്മയുടെ പേരിൽ സിനിമാമേഖലയെ വിഭജിക്കുന്നതിനോട് തനിക്ക് യോജിക്കാനാവില്ലെന്നും മലയാളസിനിമയിൽ സ്ത്രീയും പുരുഷനും ഒരുമിച്ചാണ് ജോലി ചെയ്യുന്നതെന്നും താരം വ്യക്തമാക്കി. ഫെമിനിസമെന്താണെന്നതിനെക്കുറിച്ചും വ്യക്തമായ കാഴ്ചപ്പാടുണ്ട് നസ്‌റിയയ്ക്ക്. ഫെമിനിസത്തെക്കുറിച്ച് സംസാരിക്കാൻ മാത്രം താൻ മുതിർന്നിട്ടില്ല എന്നാണ് മിക്കവരുടെയും ധാരണയെന്നും തന്റെ കാഴ്ചപ്പാടിൽ ഫെമിനിസമെന്നാൽ സമത്വം എന്നാണർഥമെന്നും താരം തുറന്നു പറയുന്നു. ഫെമിനിസത്തിൽ താൻ അടിയുറച്ചു വിശ്വസിക്കുന്നുണ്ടെന്നും എല്ലാപുരുഷന്മാരെ മോശക്കാരാക്കുന്നതല്ല തന്റെ ഫെമിനിസമെന്നും താരം വ്യക്തമാക്കുന്നു.