Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുട്ടിക്കാലത്ത് പീഡിപ്പിച്ചയാളെ ഈ പൊലീസ് ഓഫീസർ കുടുക്കിയതിങ്ങനെ

handcuff-4

ഒൻപതാം വയസ്സിലാണു തബതയുടെ ജീവിതത്തിലേക്ക് അയാൾ കടന്നുവരുന്നത്. അയാൾക്കന്നു 39 വയസ്സ്. വിവാഹിതൻ,കുടുംബസുഹൃത്ത്. രണ്ടരവർഷം അയാൾ തബതയെ തുടർച്ചയായി പീഡിപ്പിച്ചു. 12 വർഷത്തിനുശേഷം അവർ വീണ്ടും കണ്ടു. 2016 ഡിസംബറിൽ. ഇത്തവണ അവളെ കടന്നുപിടിക്കാൻ അയാൾക്കു കഴിഞ്ഞില്ല. അവൾ അയാളെ കീഴ്പ്പെടുത്തി. അവളുടെ ഒരു കയ്യിൽ തോക്ക്. മറുകയ്യിൽ വിലങ്ങ്. അയാളെ വിലങ്ങണിയിച്ചു നടത്തി. ജയിലറയ്ക്കുള്ളിലാക്കി.  ജയിലിന്റെ മുറി പൂട്ടി പുറത്തിറങ്ങുമ്പോൾ അവൾക്കു തോന്നിയത് ആശ്വാസം. ഒരു വൃത്തം വരച്ചു പൂർത്തിയാക്കുന്നതുപോലെ. 

ബ്രസീലിൽ സാവോപോളോയിലാണ് സിനിമയെ വെല്ലുന്ന നാടകീയമായ കഥ നടന്നത്. കഥയുടെ നാടകീയതയുണ്ടെങ്കിലും യാഥാർഥ്യം. ഫാബ്രീഷ്യോ എന്നാണ് അയാളുടെ പേര്. ഫൊട്ടോഗ്രാഫറാണ്. സൗഹൃദത്തോടെ പെരുമാറുന്ന സംസാരപ്രിയൻ. പ്രകൃതി ദൃശ്യങ്ങൾ പകർത്തുന്നതിൽ വിദഗ്ധൻ. തന്റെ യാത്രകളെക്കുറിച്ചു പറഞ്ഞു ചുറ്റുമുള്ളവരെ രസിപ്പിക്കാൻ അയാൾക്കറിയാം. നദികളെക്കുറിച്ച്. കാടുകളെക്കുറിച്ച്. സാഹസിക ദൗത്യങ്ങളെക്കുറിച്ച്. 

കുടുംബവുമായി സൗഹൃദത്തിലായതിനുശേഷം അയാൾ തബതയുടെ അച്ഛന്റെ ഏറ്റവും നല്ല കൂട്ടുകാരനായി. വൈകുന്നേരങ്ങളിൽ അവരൊരുമിച്ചു ഫുട്ബോൾ കളിക്കും. ഫാബ്രിഷ്യോയും ഭാര്യയും കൂടി തബതയുടെ വീട്ടിൽ വരും. രണ്ടു കുടുംബങ്ങളും കൂടി ചെറിയ യാത്രകൾ നടത്തും. നദീതീരങ്ങളിൽ. തെക്കൻ ബ്രസീലിലെ യുറഗ്വായ് നദിയുടെ തീരപ്രദേശങ്ങളിൽ. മലനിരകളിൽ ട്രെക്കിങ്ങും. 

അധികം വൈകിയില്ല. അയാൾ തബതയെ പീഡിപ്പിക്കാൻ തുടങ്ങി. തുടക്കത്തിൽ അടുത്തുവന്നു തുറിച്ചുനോക്കും. അസ്വസ്ഥത തോന്നിയെങ്കിലും അയാളുടെ ഉദ്ദേശ്യം എന്താണെന്നു മനസ്സിലായില്ല. അതു മനസ്സിലാക്കാനുള്ള പ്രായമായിരുന്നില്ല അന്നു തബതയ്ക്ക്. മരക്കൂട്ടങ്ങളുടെ ഇടയിൽ ഒറ്റപ്പെട്ടുപോകുമ്പോൾ, അചഛന്റെയും അമ്മയുടെ കാഴ്ചയ്ക്കു പുറത്താകുമ്പോൾ ഫാബ്രിഷ്യോ അവളെ മാനഭംഗപ്പെടുത്തും. ഒരു യാത്രയ്ക്കിടെ വെള്ളം കൊണ്ടുവരാൻ തബതയെ ഫാബ്രിഷ്യോയുടെ കൂടെ അയച്ചു. അയാൾ തുറിച്ചുനോക്കി അടുത്തേക്കുവന്നു. തബത പെട്ടെന്ന് ഓടി. ഒരുമിച്ചുപോയവരിൽ തബത മാത്രം എന്താണു തിടുക്കത്തിൽ വന്നതെന്ന് അച്ഛനോ അമ്മയോ ചോദിച്ചില്ല. അവർക്ക് അങ്ങനെ ഒരു സംശയമേ തോന്നിയില്ല. അത്ര വിശ്വാസമായിരുന്നു ഫാബ്രിഷ്യോയെ. 

മാതാപിതാക്കളോടു സംഭവം പറയണമെന്നു പലപ്പോഴും തബത ആഗ്രഹിച്ചു. അച്ഛൻ പെട്ടെന്നു ദേഷ്യപ്പെടുന്ന ആളായിരുന്നു. സംഭവം അറിഞ്ഞാൽ ഫാബ്രിഷ്യോയെ കൊന്ന് ജയിലിൽ പോകാനും മടിക്കാത്തയാൾ. മനസ്സിൽ വന്നതെല്ലാം ഭീകരചിന്തകൾ. എന്തു ചെയ്യണമെന്ന് ഒരു പിടിയും കിട്ടിയില്ല. അച്ഛനമ്മമാർ താൻ പറയുന്നതു വിശ്വസിക്കുമോയെന്നും അന്ന് ആ കുട്ടിക്ക് ഉറപ്പില്ലായിരുന്നു. കാലം കടന്നുപോയിക്കൊണ്ടിരുന്നു. വീട്ടിൽ മറ്റാരുമില്ലാത്ത സമയം അയാൾക്കു കൃത്യമായി അറിയാമായിരുന്നു. അപ്പോഴൊക്കെ അയാൾ വരും. അയാൾ മർദിച്ചിട്ടൊന്നുമില്ല. ബലമായി പിടിക്കും കീഴ്പ്പെടുത്തും. അയാളുടെ ആഗ്രഹങ്ങൾക്കു വഴങ്ങിക്കൊടുക്കാൻ പ്രേരിപ്പിക്കും. 

11 വയസ്സായപ്പോഴേക്കും അവൾ അയാളെ പ്രതിരോധിക്കാൻ തുടങ്ങി. ബലം പ്രയോഗിച്ച് അയാളെ അകറ്റാൻ തുടങ്ങി. അമ്മയുടെ ആരോഗ്യം അക്കാലത്തു മോശമായിരുന്നു. പീഡനത്തിന്റെ വിവരം പറഞ്ഞാൽ അമ്മയ്ക്കു ഷോക്ക് ആകുമോ എന്നു പേടിച്ചു പറഞ്ഞില്ല. അതേ കാലത്തുതന്നെ തബതയുടെ അച്ഛനും ഫാബ്രിഷ്യോയുടെ ഭാര്യയും തമ്മിലുള്ള അവിഹിത ബന്ധവും പുറത്തുവന്നു. സുഹൃത്തുക്കളായിരുന്നവർ ശത്രുക്കളായി. തബത ഏറ്റവും പേടിച്ചിരുന്ന ഫാബ്രിഷ്യോടെ സന്ദർശനങ്ങളും ഒഴിവായി. അന്നൊക്കെ തബത കരുതിയത് അവൾ മാത്രമാണ് അയാളുടെ ക്രൂരതയ്ക്ക് ഇരയായത് എന്നായിരുന്നു. തനിക്കു നേരിടേണ്ടിവന്ന ക്രൂരമായ അനുഭവങ്ങൾ മറക്കാൻ അവൾ ശ്രമിച്ചുകൊണ്ടിരുന്നു. പക്ഷേ, വേട്ടയാടുന്ന ഓർമകളിൽനിന്നു മോചനം കിട്ടിയില്ല. 

അടുത്ത സുഹൃത്തുക്കളോടു മാത്രം സംഭവം പറഞ്ഞു. അമർഷം വാക്കുകളിലൊതുക്കി. തബതയ്ക്കു 16 വയസ്സുള്ളപ്പോൾ സുഹൃത്തുക്കളിലൊരാൾ സംഭവം തബതയുടെ അമ്മയെ അറിയിച്ചു. അവർക്കു വലിയ ഞെട്ടലൊന്നും ഉണ്ടായില്ല. ഫാബ്രിഷ്യോ അനേകം കുട്ടികളെ പീഡിപ്പിച്ചിട്ടുണ്ടെന്ന് അവർക്ക് അറിയാമായിരുന്നു. അതോടെ തബതയുടെ മനസ്സിൽ ദേഷ്യം പുകയാൻ തുടങ്ങി. ആദ്യത്തെ പീഡനസംഭവമുണ്ടായിട്ട് ഏഴുവർഷം കഴിഞ്ഞപ്പോൾ തബത പൊലീസിൽ പരാതിപ്പെട്ടു. പക്ഷേ, അന്വേഷണമൊന്നും ഉണ്ടായില്ല. ആറുവർഷം കുടി കഴിഞ്ഞു. നിയമബിരുദം നേടി പൊലീസ് ഓഫിസറാകാനുള്ള പരിശീലനം നേടുകയായിരുന്നു തബത അക്കാലത്ത്. 

പ്രോസിക്യൂട്ടറുടെ ഓഫിസിൽ പൊടിപിടിച്ചു കിടന്ന പരാതി അവൾ തപ്പിയെടുത്തു. എന്തുകൊണ്ടാണ് കേസിൽ അന്വേഷണം നടക്കാത്തതെന്ന് അന്വേഷിച്ചു. വർഷങ്ങൾക്കു മുമ്പു നടന്ന സംഭവമാണെന്നും ഇപ്പോൾ തെളിവുകളൊന്നും അവശേഷിച്ചിട്ടില്ലെന്നും പറഞ്ഞ് പ്രോസിക്യൂട്ടർ അവളെ ഒഴിവാക്കി. നിരാശ തോന്നിയെങ്കിലും സംഭവം അവിടെ അവസാനിപ്പിച്ചില്ല അവൾ.  അയാൾ പീഡിപ്പിച്ച മറ്റാരെയെങ്കിലും കണ്ടെത്താൻ ശ്രമം നടത്തി. ഒരു ഇരയെ കണ്ടെത്തി. ശക്തമായ തെളിവുകളും കിട്ടി. അങ്ങനെ കേസ് ഫയൽ വീണ്ടും തുറന്നു. തബത കെട്ടിച്ചമച്ച കഥയാണെന്നും വിരോധം തീർക്കാൻ സംഭവങ്ങൾ കുത്തിപ്പൊക്കുകയാണെന്നു വാദിച്ചെങ്കിലും അയാൾ ശിക്ഷിക്കപ്പെട്ടു. ഏഴര വർഷത്തേക്ക്. പക്ഷേ, ഒരു അപ്പീലിനെത്തുടർന്ന് പിന്നീട് അയാൾ മോചിതനുമായി. 

ഇപ്പോൾ തബതയ്ക്ക് 24 വയസ്സ്. പൊലീസ് ഓഫിസർ പരിശീലനം പൂർത്തിയാക്കി. കുട്ടിക്കാലത്തെ അനുഭവങ്ങളാണ് ഈ ജോലി തിരഞ്ഞെടുക്കാൻ കാരണമെന്നു പറയുന്നു തബത. അക്കാദമിയിൽനിന്നു പരിശീലനം പൂർത്തിയാക്കി പൊലീസ് ഡിപാർട്ട്മെന്റിൽ ജോലി തുടങ്ങിയിലെങ്കിലും  മാനഭംഗ കേസുകളിൽ നിന്നു കഴിയുന്നത്ര ഒഴിഞ്ഞുനിൽക്കും. കുട്ടികളെ പീഡിപ്പിച്ച കേസുകൾ നോക്കേണ്ടിവരുമ്പോൾ ദേഷ്യം നിയന്ത്രിക്കാനാവില്ല. എങ്കിലും കടമ പൂർത്തിയാക്കാൻ ശ്രമിക്കും. ഒടുവിൽ 2016 ഡിസംബറിൽ ഒരു പ്രത്യേക കടമ തബതയെ തേടിയെത്തി. ഫാബ്രിഷ്യോടെ അപ്പീൽ തള്ളി. നദീതീരത്ത് അയാൾ ഒളിവിൽ കഴിയുകയായിരുന്നു. തബതയുടെ സഹപ്രവർത്തകയാണ് അയാളെ അറസ്റ്റ് ചെയ്തത്. പക്ഷേ, അയാളെ ജയിലഴിക്കുള്ളിലാക്കുന്നത് തബത സ്വന്തം ഉത്തരവാദിത്തമായി ഏറ്റെടുത്തു. കേസുമായി പൊലീസ് സ്റ്റേഷനിൽ ചെന്നയാൾതന്നെ അക്രമിയെ വിലങ്ങുവയ്ക്കുന്ന അസാധാരണ സംഭവം അങ്ങനെയാണുണ്ടായത്. 

വർഷങ്ങളോളം തബതയ്ക്കു സ്വന്തം ശരീരത്തോടു തന്നെ വെറുപ്പായിരുന്നു. സെക്സ് എന്തോ തെറ്റായ വികാരമാണെന്നും കൂടി തോന്നി. വളരെ പാടുപെട്ടാണ് സൗഹൃദങ്ങൾ വളർത്തിയെടുത്തതും ബന്ധങ്ങൾ സൃഷ്ടിച്ചതും. തന്റെ കഥ എല്ലാ കുടുംബങ്ങൾക്കുമുള്ള ഒരു മുന്നറിയിപ്പാണെന്നു പറയുന്നു തബത. കുട്ടികളോടു നന്നായി സംസാരിക്കുക. അവർക്കു പറയാനുള്ളതെല്ലാം കേൾക്കുക. അസ്വാഭാവികമായ പെരുമാറ്റം ഉണ്ടാകുമ്പോൾ ശ്രദ്ധിക്കുക. അവർ പറയുന്നതു കള്ളമല്ലെന്നും സത്യമാണെന്നും വിശ്വസിക്കുക. ഇരകളെയല്ല കുറ്റപ്പെടുത്തേണ്ടത്. മോശം പെരുമാറ്റം ഉണ്ടാകുന്നത് അവരുടെ കുഴപ്പവുമല്ല. മോശം വസ്ത്രം ധരിച്ചിട്ടോ മോശമായി സംസാരിച്ചിട്ടോ ഒന്നുമല്ല അവർ പീഡിപ്പിക്കപ്പെടുന്നത്. അക്രമികളുടെ മാനസികാവസ്ഥയാണു പ്രശ്നം –തബത പറയുന്നു.