ഹിമയുടെ ഇംഗ്ലീഷിന് ഒഴുക്കില്ല; അത്‌ലറ്റിക് ഫെഡറേഷന് വിമർശനപ്പെരുമഴ, ഒടുവിൽ ക്ഷമാപണം

ലോകം മുഴുവൻ ഒരു കായികതാരത്തെ അദ്ഭുതത്തോടെ നോക്കിനിൽക്കുമ്പോഴായിരുന്നു അത്‌ലറ്റിക് ഫെഡറേഷന്റെ ആ ട്വീറ്റ് എത്തിയത്. കായിക താരത്തിന് ഇംഗ്ലീഷ് ഫ്ലുവൻസി പോരാ എന്നഭിപ്രായപ്പെട്ട ആ ട്വീറ്റിൽത്തന്നെ അക്ഷരത്തെറ്റുണ്ടായിരുന്നു. ആ തെറ്റ് ചൂണ്ടിക്കാണിച്ചുകൊണ്ടാണ് സമൂഹമാധ്യമങ്ങൾ അത്‌ലറ്റിക് ഫെഡറേഷനെ വിമർശിക്കുന്നത്.

ഫിൻലൻഡിലെ അണ്ടർ 20 ലോക അത്​ലറ്റിക്സിലെ സ്വർണനേട്ടത്തിൽ ഹിമ ദാസിനെയോർത്ത് ലോകം അഭിമാനിക്കുന്ന നിമിഷത്തിലാണ് അവരുടെ ഇംഗ്ലീഷ് ഫ്ലുവൻസിയെ പരാമർശിച്ച് അത്‌ലറ്റിക് ഫെഡറേഷൻ ട്വീറ്റ് ചെയ്തത്. ലോകം മുഴുവൻ ആദരവോടെ കണ്ട ഒരു വ്യക്തിയുടെ കഴിവിനെയല്ല മറിച്ച് കുറവിനെയാണ് അത്‌ലറ്റിക് ഫെഡറേഷൻ കഷ്ടപ്പെട്ട് കണ്ടെത്തിയതെന്നു പറഞ്ഞാണ് ആളുകൾ വിമർശിക്കുന്നത്.

ആ ഓട്ടമല്ല അവരുടെ ഇംഗ്ലീഷ് ആണ് അത്‌ലറ്റിക് ഫെഡറേഷന്റെ പ്രശ്നം എന്ന തരത്തിലുള്ള കമന്റുകളാണ് ട്വീറ്റിനു താഴെയെത്തുന്നത്. ഹിമയെ അഭിനന്ദിക്കാനായി അത്‌‍‌ലറ്റിക് ഫെഡറേഷൻ പോസ്റ്റ് ചെയ്ത ട്വീറ്റാണ് വിവാദമായത്. വിദേശമാധ്യമങ്ങൾക്കു നൽകിയ അഭിനുഖങ്ങളിൽ ഇംഗ്ലീഷ് സംസാരിക്കാൻ നന്നായി ബുദ്ധിമുട്ടിയെങ്കിലും ഹിമ തന്റെ കഴിവിന്റെ പരമാവധി ശ്രമിച്ചു എന്നാണ് അത്‌ലറ്റിക് ഫെഡറേഷൻ ട്വീറ്റ് ചെയ്തത്.

അഭിനന്ദിക്കുന്നതിനു പകരം ആക്ഷേപിക്കുകയാണോ വേണ്ടത് എന്ന തരത്തിൽ പ്രതികരണങ്ങളുയർന്നതോടെ അത്‌ലറ്റിക് ഫെഡറേഷൻ ക്ഷമാപമണം നടത്തി. വിദേശ മാധ്യമങ്ങളോട് ഒരു മടിയും കൂടാതെ ഹിമ സംസാരിച്ചുവെന്നാണ് ഉദ്ദേശിച്ചതെന്നും തങ്ങളുടെ ട്വീറ്റ് ആരെയെങ്കിലും വേദനിപ്പിച്ചെങ്കിൽ ക്ഷമിക്കണമെന്നു പറഞ്ഞുകൊണ്ടാണ് എല്ലാ ഇന്ത്യക്കാരോടും അവർ ക്ഷമാപണം നടത്തിയത്.

മറ്റൊരാളുടെ ഇംഗ്ലീഷ് ഫ്ലുവൻസിയെക്കുറിച്ച് സംസാരിക്കുന്നവർക്ക് സ്പീക്കിങ് എന്ന വാക്കിന്റെ സ്പെല്ലിങ് അറിയില്ലേ എന്നു ചോദിച്ചുകൊണ്ടാണ് ചിലർ ട്വീറ്റിലെ അക്ഷരത്തെെറ്റ് ചൂണ്ടിക്കാട്ടിയത്.