റാംപിൽ കുഞ്ഞിനെ മുലയൂട്ടി മോഡൽ

ആ ചിത്രത്തെച്ചൊല്ലിയാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വാക്പോര് മുറുകുന്നത്. റാംപ് വോക്കിനിടയിൽ കുഞ്ഞിനെ മുലയൂട്ടുന്ന മോഡലിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് അഭിപ്രായപ്രകടനം നടത്തുന്നത്.ജോലിക്കിടയിലും അമ്മയുടെ കടമ മറക്കാത്ത മോഡലിനെ അഭിനന്ദിക്കുന്നവർ ഒരുവശത്ത്. ഒരു പൊതുവേദിയിൽ കുഞ്ഞിനെ മൂലയൂട്ടിയത് ഒരിക്കലും ന്യായീകരിക്കാനാവില്ല എന്ന മറുവാദവുമായി മറ്റൊരു കൂട്ടർ മറുവശത്ത്. 

മിയാമിയിൽ ഒരു ഫാഷൻ മാഗസിൻ സംഘടിപ്പിച്ച  ഫാഷൻ ഷോയിൽ പങ്കെടുക്കാനായി മാരാ മാർട്ടിൻ എന്ന മോഡലെത്തിയത് അഞ്ചുമാസം പ്രായമായ കൈക്കുഞ്ഞുമായാണ്. 16 പേരുടെ ഫൈനലിസ്റ്റിൽ ഇടംപിടിച്ച മാരാ കുഞ്ഞിനെ മുലയൂട്ടിക്കൊണ്ടാണ് റാംപ് വോക്ക് നടത്തിയത്. വൺഷോൾഡർ ഗോൾഡ് ബിക്കിനിയണിഞ്ഞ് കുഞ്ഞിനെ മുലയൂട്ടിക്കൊണ്ട് റാംപ് വോക്ക് നടത്തുന്ന മോഡലിന്റെ ചിത്രവും വിഡിയോയും മാഗസിൻ അധികൃതർ തന്നെയാണ് അവരുടെ ഒഫീഷ്യൽ ഇൻസ്റ്റഗ്രാം പേജിലൂടെ പുറത്തുവിട്ടത്.

മൂലയൂട്ടൽ സ്വാഭാവികമായ ഒരു പ്രക്രിയയാണെന്ന് ഒരിക്കൽക്കൂടി ഓർമ്മപ്പെടുത്തിയതിന് നന്ദിയെന്നും ഈ ബിക്കിനി ചിത്രം അമ്മയുടെ മാറിലേക്കു നോക്കാനല്ല മറിച്ച് കുഞ്ഞിന്റെ മുഖത്തേക്ക് വാത്സല്യത്തോടെ നോക്കാനാണ് പ്രേരിപ്പിക്കുന്നത് എന്നും പറഞ്ഞുകൊണ്ടാണ് ചിലർ സമൂഹമാധ്യമങ്ങളിലൂടെ അവരുടെ പ്രതികരണം അറിയിച്ചിരിക്കുന്നത്.