മന്ത്രിയെ വഴിയില്‍ തടഞ്ഞത് ഈ കന്യാസ്ത്രീ; അട്ടപ്പാടിയുടെ ദുരിതം പറയാൻ പുതുനായിക: വിഡിയോ

അട്ടപ്പാടി ഷോളയൂരിൽ ക്ഷീര സംഗമം ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രി കെ.രാജു ആനക്കട്ടി ഷോളയൂർ റോഡിലൂടെ വരുമ്പോഴാണ് സംഭവം. ഷോളയൂർ ദീപ്തി കോൺവെന്റിലെ സിസ്റ്റർ റിൻസി മന്ത്രി വാഹനത്തിന് മുന്നിലേക്ക് ഓടിയെത്തി. അകമ്പടി പൊലീസും പാർട്ടി നേതാക്കളും ജനപ്രതിനിധികളുമൊക്കെ മറ്റ് വാഹനങ്ങളിൽ ഒപ്പമുണ്ടായിരുന്നു.  അതൊന്നും ഗൗനിക്കാതെ വാഹനത്തിന്റെ മുന്നിലേക്ക് ഇറങ്ങി മന്ത്രി ഇരുന്ന വശത്തേക്ക് നീങ്ങി.

പാതി തുറന്ന കാറിന്റെ ഗ്ലാസിലൂടെ മന്ത്രി കെ.രാജുവിനെ നേരിൽ കണ്ട് സങ്കടം ബോധിപ്പിച്ചു.  ഞങ്ങടെ റോഡ് കണ്ടോ, ആന കാരണം ജീവിക്കാൻ യാതൊരു നിർവാഹവുമില്ല. ഇതിനൊരു പരിഹാരമുണ്ടാക്കിത്തരാതെ പറ്റില്ല. ഞങ്ങടെ പറമ്പൊക്കെ സാറ് കാണണം. ഞങ്ങടെ വീടൊക്കെ ആന കുത്തിപ്പൊളിക്കയാ... 

ഒറ്റ ശ്വാസത്തിൽ പറയാവുന്നതൊക്കെ സിസ്റ്റർ റിൻസി പറഞ്ഞപ്പോഴേക്കും പൊലീസും പ്രാദേശിക ജനപ്രതിനിധികളും ഓടിയെത്തി. പുറത്തിറങ്ങാതെ എങ്ങനെ കാണാനാണ് എന്ന് പരിതപിച്ച സിസ്റ്ററിന് ഉദ്ഘാടന വേദിയില്‍ വെച്ച് കാണാം എന്ന മറുപടിയാണ് മന്ത്രിക്ക് ഒപ്പമുള്ളവര്‍ നല്‍കുന്നത്.

മന്ത്രിയുടെ വണ്ടി  തടയണ്ടായെന്നായി പിന്നീട് ചില പ്രാദേശിക നേതാക്കളുടെ ഉപദേശം. പക്ഷേ ഉന്നയിച്ച വിഷയത്തിന്റെ ഗൗരവം  ബോധ്യമായാണ് മന്ത്രി പോയത്. കാട്ടാനകളെ തുരത്താമെന്ന് മന്ത്രി ഉറപ്പു നൽകി. 

അട്ടപ്പാടിയിലെ പൊന്നുവിളയുന്ന മണ്ണിൽ കർഷകനെ കണ്ണീരിലാക്കിയാണ് കാട്ടാനകളുടെ വിളയാട്ടം. ആദിവാസികളും കുടിയേറ്റക്കാരുമായ കർഷകർക്ക് ജീവിക്കാനാകാത്ത അവസ്ഥ. കാലവർഷക്കെടുതിയുടെ നഷ്ടം ഉള്ളിലൊതുക്കി വായ്പയെടുത്ത് കുടുംബം പോറ്റേണ്ടുന്ന സാഹചര്യം. ജനവാസമേഖലകളിലെ റോഡുകളെല്ലാം തകർന്നു. തീർത്തും നിസഹായരായർ ആരോട് പരാതി പറയും. വല്ലപ്പോഴും ചുരം കയറി വരുന്ന മന്ത്രിമാർക്ക് മുന്നിൽ ഉദ്യോഗസ്ഥർ നൽകുന്ന റിപ്പോർട്ടുകൾ മാത്രമാണുള്ളത്.

മന്ത്രിയുടെ പാർട്ടിക്കാരോ അല്ലെങ്കിൽ ഭരിക്കുന്ന പാർട്ടിയുടെ പ്രാദേശിക നേതാക്കൾ നൽകുന്ന വിവരങ്ങളോ മന്ത്രി വിശ്വസിക്കും. മന്ത്രി പങ്കെടുക്കുന്ന ഉദ്ഘാടന ചടങ്ങുകൾ നോക്കി ചിലർ രേഖാമൂലം പരാതി നൽകുന്നതൊഴിച്ചാൽ ഭൂരിപക്ഷം ജനങ്ങളും നിശബ്ദരാണ്. കരയുന്ന കുഞ്ഞിനേ പാലുളളു എന്ന് പറയുന്നതുപോലെ ഒറ്റപ്പെട്ട ശബ്ദങ്ങളും ജനങ്ങൾക്കിടയിലുണ്ട്. അതാണ് സിസ്റ്റർ റിൻസിയെപ്പോലുള്ളവരുടേത് എന്ന് നാട്ടുകാര്‍ പറയുന്നു.

വാർത്തയുടെ പൂർണ്ണരൂപം വായിക്കാം