'മുതുകിൽ ചവിട്ടി ധൈര്യമായി ഇറങ്ങിക്കോ'; ഈ പൊലീസ് ഉദ്യോഗസ്ഥർക്ക് ഒരു സല്യൂട്ട്

യൂണിഫോമിട്ട പൊലീസ് ഉദ്യോഗസ്ഥരെ ചവിട്ടിയാൽ അതു നിയമ ലംഘനമാകുമോ? പൊലീസ് ഉദ്യോഗസ്ഥർ തന്നെ തങ്ങളുടെ പുറത്തു ചവിട്ടാൻ അനുവാദം നൽകിയാലോ? അങ്ങനെയൊരു ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നത്. പാതിയിൽ നിന്നുപോയ ട്രെയിനിൽ നിന്ന് യാത്രക്കാരെ പുറത്തിറങ്ങാൻ സഹായിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ വിഡിയോ ചിത്രീകരിച്ചിരിക്കുന്നത് തമിഴ് നാട്ടിൽ നിന്നാണ്.

അപ്രതീക്ഷിത സിഗ്നൽ തകരാർ മൂലം ട്രെയിൻ നിർത്തിയത് പ്ലാറ്റ്ഫോം ഇല്ലാത്ത സ്ഥലത്ത്. കോച്ചിൽ നിന്ന് ഭൂരിപക്ഷം യാത്രക്കാരെയും കൈയിൽ പിടിച്ച് ഇറക്കാൻ സഹായിച്ച പൊലീസ് ഉദ്യോഗസ്ഥർ ആരോഗ്യ പ്രശ്നങ്ങളുള്ള യാത്രക്കാരെ ട്രെയിനിൽ നിന്ന് താങ്ങിയെടുത്താണ് പുറത്തെത്തിച്ചത്.  രണ്ടു മണിക്കൂറായി കോച്ചിൽ നിന്ന് ഇറങ്ങാനാവാതെ വലഞ്ഞ ഗർഭിണിയായ യുവതിയെ സുരക്ഷിതയായി താഴെയിറക്കാനാണ് പൊലീസ് അത് ചെയ്തത്. 

ഉയരത്തിലുള്ള കോച്ചിൽ നിന്ന്  ഗർഭിണിയെ കൈപിടിച്ചിറക്കാനോ എടുത്തിറക്കാനോ കഴിയില്ല. പിന്നെ മുന്നിലുള്ള ഒരോയൊരു മാർഗ്ഗം അവർക്കിറങ്ങാനുള്ള ചവിട്ടുപടിയാവുക തന്നെ. അങ്ങനെയാണ് പൊലീസ് കോൺസ്റ്റബിൾമാരായ മണികണ്ഠനും ധനശേഖരനും ചവിട്ടു പടിയും മനുഷ്യഗോവണിയുമാകാൻ തീരുമാനിച്ചത്. ഇരുവരും കോച്ചിന്റെ വാതിൽക്കൽ കുനിഞ്ഞു നിന്നു. ഇവരുടെ മുതുകിൽ ചവിട്ടിയാണ് ഗർഭിണി സുരക്ഷിതയായി താഴെയിറങ്ങിയത്. തമിഴ്നാട് പൊലീസിന്റെ ഒഫിഷ്യൽ ഫെയ്സ്ബുക്ക് പേജാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്.