കാസ്റ്റിങ് കൗച്ചിനെ എതിർത്തു; ജോലിയില്ലാതിരുന്നത് 8 മാസമെന്ന് നടി

സിനിമാ മേഖലയിലെ ലൈംഗിക ചൂഷണത്തെക്കുറിച്ച് ഞെട്ടിപ്പിക്കുന്ന കഥകൾ പുറത്തു വന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ബോളിവുഡ് താരം അദിതിയും തന്റെ മോശം അനുഭവത്തെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുന്നത്. കാസ്റ്റിങ് കൗച്ചിനെതിരെ പ്രതികരിച്ചതിന് തന്റെ നിരവധി അവസരങ്ങൾ നഷ്ടപ്പെട്ടുവെന്നും നീണ്ട എട്ടുമാസം ജോലിയില്ലാതിരിക്കേണ്ടി വന്നുവെന്നുമാണ് താരം വെളിപ്പെടുത്തുന്നത്.

2006 ൽ പ്രജാപതി എന്ന മലയാളം സിനിമയിൽ അഭിനയിച്ചുകൊണ്ടാണ് അദിതി റാവു അഭിനയ ജീവിതം തുടങ്ങിയത്. പക്ഷേ അദിതിയ്ക്ക് കരിയറിൽ വലിയൊരു ബ്രേക്ക് സമ്മാനിച്ചത് 2011ൽ അഭിനയിച്ച ബോളിവുഡ് ചിത്രമായ യേ സാലി സിന്ധകിയാണ്. അദിതി ഏറ്റവുമൊടുവിൽ അഭിനയിച്ചത് സുധീർ മിശ്രയുടെ ദാസ് ദേവിലാണ്.

കാസ്റ്റിങ് കൗച്ച് സമ്പ്രദായത്തെ എതിർത്തതിനെത്തുടർന്ന് തനിക്ക് അവസരങ്ങൾ നഷ്ടപ്പെട്ടതിനെക്കുറിച്ചും ആ അവസ്ഥയെ മറികടന്നതിനെക്കുറിച്ചും അദിതി പറയുന്നതിങ്ങനെ :- 

' വർക്കുകളൊന്നും ലഭിക്കാതായപ്പോൾ ഞാനൊരുപാടു സങ്കടപ്പെട്ടു, ഒത്തിരി കരഞ്ഞു. പെൺകുട്ടികളെ ഇത്തരത്തിലാണല്ലോ പരിഗണിക്കുന്നത് എന്നോർത്തപ്പോഴാണ് എനിക്ക് സങ്കടം വന്നത്. പക്ഷേ എന്റെ തീരുമാനത്തെക്കുറിച്ച് ഒരിക്കലും നിരാശ തോന്നിയില്ല. ആ സംഭവം എന്നെ കൂടുതൽ കരുത്തയാക്കി'

അധികാരദുർവിനിയോഗത്തെക്കുറിച്ചുള്ള ചോദ്യത്തിന് പെൺകുട്ടികൾ അവരെത്തന്നെ ശക്തിപ്പെടുത്തുകയാണ് വേണ്ടതെന്നും അവസരം നഷ്ടപ്പെടുമെന്ന തോന്നലിൽ ഒരു കോംപ്രമൈസിനും തയാറാവരുതെന്നും. കഴിവുണ്ടെങ്കിൽ ശരിയായആളുകൾ ആ കഴിവിനെ തേടിവരുമെന്നും ആ ഉറപ്പിൽ മുന്നോട്ടു പോവുകയാണ് വേണ്ടതെന്നും അദിതി പറയുന്നു.