വിമാനം പറത്തി മകൾ; എയർഹോസ്റ്റസ് അമ്മയ്ക്ക് ആരുംകൊതിക്കും യാത്രയയപ്പ്

അമ്മയുടെ സ്വപ്നം സഫലമാക്കിയ സന്തോഷത്തിലാണ് പൈലറ്റ് അർഷിത അന്ന് എയർ ഇന്ത്യയുടെ ഫ്ലൈറ്റ് പറത്തിയത്. നീണ്ട 38 വർഷമായി  എയർ ഇന്ത്യയിൽ എയർഹോസ്റ്റസ് ആയി ജോലിചെയ്യുകയായിരുന്നു അർഷിതയുടെ അമ്മ പൂജ. ദീർഘനാളായുള്ള അമ്മയുടെ സ്വപ്നം സാക്ഷാത്കരിച്ചുകൊണ്ടാണ് അമ്മയുടെ റിട്ടയർമെന്റ് ദിനം അവർ അവിസ്മരണീയമാക്കിയത്.

ഫ്ലൈറ്റ് ക്രൂവിനൊപ്പം നിൽക്കുന്ന അമ്മയുടെ സുന്ദരചിത്രം പങ്കുവച്ചുകൊണ്ടുള്ള അർഷിതയുടെ ട്വീറ്റിലൂടെയാണ് ആരേയും കൊതിപ്പിക്കുന്ന ഒരു യാത്രയയപ്പ് കഥയെക്കുറിച്ച് ലോകമറിഞ്ഞത്. പൈലറ്റായ മകൾ പറത്തുന്ന ഫ്ലൈറ്റിൽ ജോലിചെയ്തുകൊണ്ടാവണം തന്റെ കരിയർ അവസാനിപ്പിക്കേണ്ടത് എന്ന ആഗ്രഹം പൂജയ്ക്കുണ്ടായിരുന്നു. ആഗ്രഹം പോലെ തന്നെ തന്റെ റിട്ടയർമെന്റ് ദിവസം മകൾ പറത്തുന്ന ഫ്ലൈറ്റിൽ ജോലിചെയ്യാൻ പൂജയ്ക്ക് അവസരം ലഭിച്ചു.

അമ്മയുടെ ആഗ്രഹം സാക്ഷാത്കരിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും കരിയറിൽ അമ്മയുടെ പാരമ്പര്യം താൻ പിന്തുടരുമെന്നും പറഞ്ഞുകൊണ്ടാണ് അർഷിത ട്വീറ്റ് ചെയ്തത്. ഫ്ലൈറ്റ് ക്യാപ്റ്റൻ പരേഷ് നെരൂർക്കറിന്റെ വാക്കുകളിലൂടെയാണ് അതിമനോഹരമായ ഒരു യാത്രയയപ്പിന്റെ കഥ യാത്രക്കാർ അറിഞ്ഞത്. സംഭവമറിഞ്ഞ പലരും വികാരനിർഭരമായ യാത്രയയപ്പാണ് പൂജയ്ക്ക് നൽകിയത്.

1980 ലാണ് തനിക്ക് എയർ ഇന്ത്യയിൽ ജോലി ലഭിച്ചതെന്നും അന്ന് രണ്ടു വനിതാ പൈലറ്റ്സ് മാത്രമാണ് ഉണ്ടായിരുന്നതെന്നും. തനിക്കൊരു മകൾ പിറന്നാൽ അവളെ പൈലറ്റ് ആക്കണമെന്ന് അന്ന് തീരുമാനിച്ചതാണെന്നും പൂജ പറയുന്നു. പൂജയുടെ മകൾ അർഷിത ജോലിയിൽ പ്രവേശിച്ചിട്ട് രണ്ടുവർഷമേ ആകുന്നുള്ളൂ. എയർഇന്ത്യ തനിക്ക് കുടുംബം പോലെയാണെന്ന് പറയുന്ന അർഷിത താൻ അമ്മയുടെ പാരമ്പര്യം തുടരുമെന്ന് ഉറപ്പിച്ചു പറയുന്നു. ഫ്ലൈറ്റ് ഡെസ്ക്കിൽ ഇനി അമ്മയുടെ ശബ്ദം കേൾക്കാൻ സാധിക്കില്ല എന്നതാണ് അർഷിതയുടെ ഇപ്പോഴത്തെ സങ്കടം.