ഗർഭകാലത്തും ടെന്നീസിനോട് നോ പറയാൻ സാനിയയ്ക്കാവില്ല

ജീവിതത്തിലെ ഏറ്റവും സന്തോഷം നൽകുന്ന കാലത്തിലൂടെ കടന്നു പോകുകയാണ് ടെന്നീസ് താരം സാനിയ മിർസ. അമ്മയാകാനുള്ള ഒരുക്കത്തിലാണെങ്കിലും പ്രിയപ്പെട്ട ടെന്നീസിൽ നിന്ന് അൽപ്പകാലത്തേക്കു പോലും മാറിനിൽക്കാൻ സാനിയ ഒരുക്കമല്ല. 

സാനിയയ്ക്കൊപ്പം ടെന്നീസ് കളിക്കുന്നതിന്റെ വിഡിയോ പങ്കുവച്ചിരിക്കുകയാണ് സഹോദരി അനം മിർസ. കോർട്ടിന് സമീപം ഇവരുടെ അച്ഛൻ ഇമ്രാൻ മിർസയും നിൽപ്പുണ്ട്. വിഡിയോ പങ്കുവച്ച് നിമിഷങ്ങൾക്കകം അത് ആരാധകർ ഏറ്റെടുത്തു. ഗർഭകാലത്തെങ്കിലും സാനിയയെ നിങ്ങൾ തോൽപ്പിക്കുമെന്നാണ് ഞങ്ങൾ കരുതിയത് എന്നാണ് ചില ആരാധകർ അനമിനോട് ചോദിച്ചത്.

ആരാധകർക്കായി മറ്റൊരു ചിത്രം പങ്കുവച്ചുകൊണ്ട് സാനിയ പറഞ്ഞതിങ്ങനെ :- അൽപ്പകാലത്തേക്കെങ്കിലും ടെന്നീസ് പ്ലെയറിനെ ടെന്നീസ് കോർട്ടിൽ നിന്ന് മാറ്റി നിർത്താനായേക്കും പക്ഷേ ഒരിക്കലും ടെന്നീസ് പ്ലെയറിൽ നിന്ന് ടെന്നീസിനെ അടർത്തി മാറ്റാനാവില്ല. അതിവൈകാരികതയോടെ സാനിയ പങ്കുവച്ച പോസ്റ്റ് വളരെ സന്തോഷത്തോടെയാണ് ആരാധകർ സ്വീകരിച്ചത്.

ടെന്നീസ്കോർട്ടിലെ സിൻഡ്രല്ല എന്നാണ് ചിത്രം കണ്ട ഒരു ആരാധകന്റെ പ്രതികരണം. സാനിയയും ഭർത്താവായ ക്രിക്കറ്റ്താരം ശുഐബ് മാലികും അവരുടെ ആദ്യത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ്.