സ്ത്രീകൾക്കായി പത്തു കൽപ്പനകൾ; പ്ലക്കാർഡുമായി ജ്യോതിക

സ്ത്രീകൾ ജീവിതത്തിൽ പാലിക്കേണ്ട പത്തു കൽപ്പനകൾ എന്തൊക്കെയാണ്? ഇനിയും സംശയമുള്ളവർ ജ്യോതികയുടെ കൈകളിലേക്ക് ഒന്നു സൂക്ഷിച്ചു നോക്കിക്കൊള്ളൂ. സ്ത്രീകൾ പാലിക്കേണ്ട പത്തുകൽപ്പനകളെക്കുറിച്ച് വളരെ വ്യക്തമായെഴുതിയ പ്ലക്കാർഡ് കൈയിലേന്തിയാണ് ജ്യോതികയുടെ നിൽപ്പ്. കാട്രിൻ മൊഴി എന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്ററിലാണ് ബോൾഡ്‌ലുക്കിൽ ജ്യോതികയെത്തിയിരിക്കുന്നത്.

വിദ്യാബാലൻ അഭിനയിച്ച തുമാരി സുലു എന്ന ഹിന്ദി ചിത്രത്തിന്റെ തമിഴ് പതിപ്പാണ് കാട്രിൻ മൊഴി. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഓഗസ്റ്റ് 15നാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തുവിട്ടത്. സ്ത്രീകൾക്കുമേൽ അടിച്ചേൽപ്പിച്ച ചില നിയന്ത്രണങ്ങൾക്കുള്ള പ്രതികരണമെന്ന നിലയിലാണ്  ഈ പോസ്റ്ററെത്തുന്നത്.

ജ്യോതികയുടെ പത്തുകൽപ്പനകളിങ്ങനെ

1. ഇഷ്ടമുള്ള വസ്ത്രം ധരിക്കുക

2. ആഹാരം കഴിക്കാൻ തോന്നുമ്പോൾ ആദ്യം തന്നെ കഴിക്കുക

3. ഭർത്താവ് ഉപദ്രവിക്കുമ്പോൾ മറുകരണം കാട്ടിക്കൊടുക്കാതിരിക്കുക

4. ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യുക.

5. തടിവയ്ക്കണമെന്നു തോന്നുന്നുവെങ്കിൽ അങ്ങനെ ചെയ്യുക.

6.വീട്ടുകാര്യങ്ങളിൽ സഹായിക്കാൻ ഭർത്താവിനോട് ആവശ്യപ്പെടുക

7. സമ്പാദിക്കുക, നൽകുക, ചിലവഴിക്കുക

8. പറ്റില്ല എന്നു പറയേണ്ടതിനു പകരം പറ്റും എന്നു പറയാതിരിക്കുക.

9.സ്വതന്ത്രമായി സംസാരിക്കുക

10. പുരുഷന്മാരും സ്ത്രീകളും തുല്യരാണെന്ന് മനസ്സിലാക്കുക.

വീട്ടമ്മയിൽ നിന്ന് റേഡിയോ ജോക്കിയായ സ്ത്രീയുടെ കഥയാണ് വിദ്യാബാലൻ അഭിനയിച്ച തുമാരി സുലു എന്ന ചിത്രം പറഞ്ഞത്. സ്ത്രീ ശാക്തീകരണത്തെക്കുറിച്ചുള്ള ആ ചിത്രം ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ചിത്രം തമിഴിലെത്തുമ്പോൾ പ്രമേയത്തിൽ കുറച്ചു വ്യത്യാസമുണ്ടാകുമെന്നാണ് പറയപ്പെടുന്നത്.

രാധാമോഹൻ സംവിധാനം ചെയ്യുന്ന കാട്രിൻമൊഴി എന്ന ചിത്രത്തിൽ ജ്യോതികയെക്കൂടാതെ വിദാർഥ്, ലക്ഷ്മി മഞ്ജു എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മൊഴി എന്ന ചിത്രത്തിനു ശേഷം ജ്യോതികയും രാധാമോഹനും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണ് കാട്രിൻമൊഴി.