സാധനങ്ങളല്ല ഇപ്പോൾ കേരളത്തിന് ആവശ്യം ആശ ശരത് പറയുന്നു

പ്രളയത്തെ അതിജീവിച്ച് സാധാരണ ജീവിതത്തിലേക്ക് തിരികെ വരാനൊരുങ്ങുകയാണ് ജനങ്ങൾ. വെള്ളമിറങ്ങിയെങ്കിലും വീടുകളിലേക്ക് തിരികെപ്പോകാൻ കഴിയാത്ത സ്ഥിതിയാണ് പലർക്കും. ഒരായുസ്സു മുഴുവൻ കഷ്ടപ്പെട്ടുണ്ടാക്കിയതു മുഴുവൻ പ്രളയജലത്തിൽ മുങ്ങുന്നതു കണ്ടു നെഞ്ചുരുകി ,സ്വന്തം ജീവൻ മാത്രം കൈയിൽ പിടിച്ച് രക്ഷപെട്ടവരാണ് ഭൂരിപക്ഷമാളുകളും.

പ്രളയജലം ഇറങ്ങിത്തുടങ്ങിയെങ്കിലും ജീവിതം പഴയപോലെയാകാൻ ഇനിയും ഏറെ സമയം ആവശ്യമാണ് പലർക്കും. ചിലർക്ക് വീടുകൾ നഷ്ടപ്പെട്ടു, വീടുകൾ ഉള്ള പലർക്കും നിലവിലെ അവസ്ഥയിൽ അവിടെ താമസിക്കാനാകില്ല. ഏറെ അധ്വാനവും പരിശ്രമവും മറ്റുള്ളവരുടെ സഹായവും ഒക്കെയുണ്ടെങ്കിലേ പലർക്കും സ്വന്തം കിടപ്പാടങ്ങളിലേക്ക് മടങ്ങിപ്പോകാനാകൂ. സർക്കാരും മറ്റു സന്നദ്ധസംഘടനകളും സഹായവുമായി ഒപ്പമുണ്ട്. ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിലുള്ളവരും സഹായവുമായി ഒപ്പമുണ്ട്. ഈ അവസരത്തിലാണ് നടിയും നർത്തകിയുമായ ആശാ ശരത് പ്രവാസി സുഹൃത്തുക്കളോട് ഒരു കാര്യം അഭ്യർഥിച്ചത്. ഫെയ്സ്ബുക്ക് ലൈവിലൂടെയാണ് കേരളത്തിന് ഇപ്പോൾ എന്താണ് ആവശ്യമെന്നതിനെക്കുറിച്ച് ആശ പറഞ്ഞത്.

പ്രവാസികൾ നാട്ടിലേക്ക് കണ്ടെയ്നറുകളിൽ സാധനങ്ങൾ അയയ്ക്കുന്നുണ്ടെന്നും എന്നാൽ ഇത് നാട്ടിലെത്താൻ കാലതാമസമെടുക്കുന്നുണ്ടെന്നും സാധനത്തേക്കാൾ ഇപ്പോൾ ആവശ്യം പണമാണെന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് പണം അയയ്ക്കണമെന്നും ആശപറയുന്നു. പണമയയച്ചാൽ എത്രയും പെട്ടന്ന് അവർക്കാവശ്യമുള്ള സാധനങ്ങൾ അവിടുന്നു തന്നെ വാങ്ങാൻ കഴിയുമെന്നും താരം പറയുന്നു.