വിഡിയോ മമ്മൂട്ടിയെ കാണിക്കരുത്; ക്യാംപിൽ ഒരുലക്ഷം നൽകി ഒരമ്മ പറഞ്ഞത്

നിഷ്കളങ്കമായി പുഞ്ചിരിക്കുന്ന സുന്ദരി മുത്തശ്ശിയും അവരുടെ മാസ് ഡയലോഗുമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ ചർച്ചാ വിഷയം. സുന്ദരിമുത്തശ്ശിയുടെ മനസ്സും നിർമ്മലമാണെന്ന് കാണിച്ചു തരുകയാണ് ഈ വിഡിയോ. 

തന്റെ പേരിൽ ബാങ്കിലുണ്ടായിരുന്ന ഒരുലക്ഷം രൂപ പിൻവലിച്ച് ആ തുകയ്ക്ക് ദുരിതാശ്വാസ ക്യാംപിലേക്ക് വേണ്ട സാധനങ്ങളുമായാണ് വയനാട് കലക്ട്രേറ്റിനു മുന്നിലെ കലക്‌ഷൻ പോയിന്റിൽ ഈ മുത്തശ്ശിയെത്തിയത്. കൽപ്പറ്റ എമിലിയിൽ വാടകയ്ക്കു താമസിക്കുന്ന ശാന്തകുമാരിയെന്ന അമ്മ സമൂഹമാധ്യമങ്ങളിൽ തരംഗമായത് ഒരു മാസ് ഡയലോഗുകൊണ്ടാണ്. കലക്ഷൻ പോയിന്റിലെത്തിയ തന്റെ ദൃശ്യങ്ങൾ പകർത്തിയവരോട് സുന്ദരി മുത്തശ്ശി പറഞ്ഞതിങ്ങനെ :-

' നിങ്ങളെന്റെ വിഡിയോ എടുത്തോ, പക്ഷേ മമ്മൂട്ടിയെ കാണിക്കരുത്. മൂപ്പര് ബന്ധം ഒഴിയും എന്റെ സൗന്ദര്യം കണ്ടിട്ട്' ദുരിതക്കെടുതിക്കിടയിലും ക്യാംപിലുള്ളവർ മുത്തശ്ശിയടെ ഈ വാക്കുകൾ കേട്ട് ചിരിച്ചു പോയി. മൂന്നു വർഷം മുമ്പ് ഭർത്താവ് മരിച്ച ശാന്തകുമാരി ഒറ്റയ്ക്കു താമസം. ഇതിനിടെ കുളിമുറിയിൽ വീണ് കൈയ്ക്ക് പരുക്കേൽക്കുകയും ചെയ്തു. എന്നാൽ ദുരന്തം മൂലം വേദനയനുഭവിക്കുന്നവർക്കു മുന്നിൽ തന്റെ ശരീരവേദന ഒന്നുമല്ലെന്നു പറഞ്ഞാണ് ക്യാംപിലേക്ക് ആവശ്യമുള്ള സാധനങ്ങളുമായി മുത്തശ്ശിയെത്തിയത്. സമൂഹമാധ്യമങ്ങളിലൂടെ മുത്തശ്ശിയുടെ കഥയറിഞ്ഞവരെല്ലാം മനസ്സു നിറഞ്ഞ് അഭിനന്ദിക്കുകയാണ്.