എഴുതിത്തള്ളിയവർക്കു ചുട്ടമറുപടി കൊടുത്ത് വിനേഷ് ഫൊഗട്ട്

വിനേഷ് ഫൊഗട്ട്.

ചോര പൊടിയുന്നത് ഒരു ഗുസ്തിതാരത്തിന് അപൂർവമായ അനുഭവമൊന്നുമല്ല. പരുക്കേൽക്കുന്നതും വീഴുന്നതും എഴുന്നേൽക്കാനാവാതെ വീണുപോകുന്നതുമൊക്കെ മൽസരത്തിന്റെ ഭാഗം തന്നെ. എന്നാൽ, മൽസരവേദിയിൽനിന്ന് പരാജയത്തിന്റെ കയ്പുനീരിനൊപ്പം പരുക്കിന്റെ വേദനയുമായി മാസങ്ങളോളം ആശുപത്രി കിടക്കയിൽ കിടക്കേണ്ടിവരിക ഒരു താരത്തെ സംബന്ധിച്ചിടത്തോളം കഠിനമാണ്. മൽസര വേദിയിലേക്കു തിരിച്ചുവരിക അസാധ്യമാണെന്ന് ഡോക്ടർമാർ ഉറപ്പിച്ചുപറയുന്നതു കേൾക്കുക കഠിനവും. എന്നിട്ടും ജക്കാർത്ത ഏഷ്യൻ ഗെയിംസിൽ അഭിമാനത്തോടെ പുഞ്ചിരിച്ച ഒരു വനിതാ താരമുണ്ട്: വിനേഷ് ഫോഗട്ട്. അതും, ഏഷ്യൻ ഗെയിംസ് ഗുസ്തിയിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ വനിതാ താരമെന്ന പെരുമയോടെ. 

റിയോ ഒളിംപിക്സ് ഓർമിക്കപ്പെടുന്നത് ഒരുപിടി ഇന്ത്യൻ താരങ്ങളുടെ വിജയക്കുതിപ്പിന്റെ പേരിൽ. ആ പേരുകളിലൊന്നും വിനേഷ് ഫോഗട്ട് എന്ന താരമില്ല. അവരുടെ അധ്വാനമോ വിയർപ്പോ വേദനയോ ഇല്ല. പരാജിതരുടെ നിരയിലായിരുന്നു അന്നു വിനേഷ്. അന്നു മൽസരവേദിയിൽനിന്നു പരുക്കേറ്റു പിൻമാറാനായിരുന്നു ഹരിയാനയിലെ പ്രശസ്ത ഗുസ്തിതാരങ്ങളായ ഗീതയുടെയും ബബിത കുമാരിയുടെയും അർധസഹോദരിയായ വിനേഷിനും യോഗം. ഇപ്പോഴും മറക്കാറായിട്ടില്ല ഗീത–ബബിത കുമാരിമാരുടെ കഥ പറഞ്ഞ ദംഗൽ എന്ന ആമിർ ഖാൻ സിനിമ. ഗീതയുടെയും ബബിതയുടെയും പിതാവ് മഹാവീർ സിങ് ഫോഗട്ടിന്റെ ഇളയ സഹോദരൻ രാജ്പാലിന്റെ മകളാണ് ഇരുപത്തിനാലുകാരിയായ വിനേഷ്– ജക്കാർത്തയിലെ സ്വർണപുഞ്ചിരിക്കാരി. കഴിഞ്ഞ ഏഷ്യൻ ഗെയിംസിൽ വെങ്കലം കൊണ്ടു തൃപ്തിപ്പെട്ടെങ്കിൽ ഇത്തവണ മെഡൽ സ്വർണം തന്നെയാക്കി എഴുതിത്തള്ളിയവർക്കു ചുട്ടമറുപടി കൊടുത്തിരിക്കുകയാണു വിനേഷ്. 

ആദ്യറൗണ്ട് മൽസരങ്ങൾക്കുശേഷം യഥാർഥ ചാംപ്യനെപ്പോലെയായിരുന്നു ഇത്തവണ വിനേഷിന്റെ പടയോട്ടം. പ്രീ ക്വാർട്ടറിൽ പരാജയപ്പെടുത്തിയതു ചൈനയുടെ യാൻ സണിനെ. 8–2 സ്കോറിൽ. റിയോയിൽ വിനേഷിനെ പരാജയപ്പെടുത്തിയതിനൊപ്പം നാണം കെടുത്തിയ അതേ താരത്തെ. അന്നു യനാൻ സണിന്റെ കരുത്തിനു മുന്നിൽ കാലിനു പരുക്കേറ്റപ്പോഴാണ് കളിജീവിതം സ്വപ്നമായി വിനേഷ് ആശുപത്രിക്കിടക്കയിലായത്. അന്നത്തെ പരാജയത്തിനും പരുക്കിനും കൊടുത്ത മറുപടിയാണ് ഇപ്പോഴത്തെ സ്വർണം. അതേ, ഇങ്ങനെ മധുരമായും ചൂടോടെയും എന്നെങ്കിലും ആർക്കെങ്കിലും മറുപടി കൊടുക്കാൻ കഴിഞ്ഞിട്ടുണ്ടോ എന്നും സംശയം. അന്നത്തെ പ്രതിയോഗിയെ ഇത്തവണ മുഖാമുഖം കണ്ടപ്പോൾ അന്നു തോറ്റമ്പിയ താരത്തിനു മുട്ടു വിറച്ചില്ല എന്നു മാത്രമല്ല അധികഊർജം സംഭരിക്കാനുമായി. അതു തെളിയുന്നുണ്ട് സ്കോറിലും. ആധികാരികമായ വിജയം. മിന്നുന്ന മുന്നേറ്റം. ചെറുത്തുനിൽക്കാൻപോലും അനുവദിക്കാതെ എതിരാളിയെ മലർത്തിയടിച്ച ശൗര്യം. 

ക്വാർട്ടറിൽ എതിരാളി കിം യങ് ജൂവ്. വിജയം 11–0 ന്. സെമിയിൽ എതിരാളി ഉസ്ബക്കിസ്ഥാൻ താരം യാക്ഷി മുറട്ടോവ. 10–0 വിജയം. ഫൈനൽ മൽസരം ജപ്പാൻ താരവുമായി. അവിടെയും ആധികാരികമായി വിനേഷ് വിജയമുറപ്പിച്ചു; രാജ്യത്തിന്റെ ത്രിവർണപതാകയും ചൂടി ആനന്ദനൃത്തം ചവിട്ടി. 

ലോകചാംപ്യൻഷിപ്പുകളിലും ഏഷ്യൻ ചാംപ്യൻഷിപ്പുകളിലും കുറച്ചുനാളായി വിജയത്തിന്റെ പതാക ചൂടുന്നത് ഇന്ത്യൻ‌ വനിതാ താരങ്ങൾ. അവരിൽ പ്രമുഖയാണ് സൈന നേവാൾ. പരുക്കേറ്റ് ആശുപത്രിയെ അഭയം പ്രാപിച്ചപ്പോൾ വിനേഷിനെ ചെന്നുകണ്ട് ആശ്വാസം പകർന്നതും പ്രചോദിപ്പിച്ചതും സൈന തന്നെ. കായികരംഗത്ത് ഇപ്പോഴത്തെ വനിതാ മുന്നേറ്റം ഒറ്റപ്പെട്ടതല്ലെന്നു തെളിയിക്കുന്ന സംഭവം. സഹായിച്ചും സഹകരിച്ചും പരസ്പരം പ്രചോദിപ്പിച്ചും അവർ ഒരു ശക്തിയായി മാറിയിരിക്കുന്നു. ലോക താരങ്ങളുടെ മുന്നിൽ മുട്ടിടിക്കാത്ത ഇന്ത്യയുടെ വനിതാസൈന്യം. സാക്ഷി മാലികും ദീപ കർമാകറും പി.വി. സിന്ധുവും മേരി കോമുമൊക്കെ ഉൾപ്പെട്ട ധീരവനിതകളുടെ മുൻനിരയിലേക്കു വന്നിരിക്കുകയാണ് ഇപ്പോൾ വിനേഷ് ഫോഗട്ടും. ദംഗൽ പോലെ മറ്റൊരു ഇതിഹാസ സിനിമ ഒരുപക്ഷേ രാജ്യത്തെ കോരിത്തരിപ്പിക്കാൻ ഇനിയും എത്തിയേക്കാം. അങ്ങനെ സംഭവിച്ചാൽ അതിലെ വീരനായിക ആകാൻ എല്ലാ യോഗ്യതയുമുണ്ട് വിനേഷ് ഫോഗട്ട് എന്ന തീപ്പൊരി താരത്തിന്. അടിക്കു മറുപടി അടി തന്നെയാണെന്നും ഇടിക്കും മറുപിടി ഇടി തന്നെയാണെന്നും തെളിയിച്ച ഈ യുവ വനിതാ താരത്തിന്. നാളത്തെ വൻവിജയങ്ങളുടെ തുടക്കം ജക്കാർത്തയിൽനിന്നുതന്നെയാകട്ടെ!