'എന്തിനാ ഫാഷനെന്ന പേരിൽ യോജിക്കാത്ത വസ്ത്രമിടുന്നത്'?

ബോഡിഷെയിമിങ്ങിന് ഏറ്റവും കൂടുതൽ ഇരയായിട്ടുള്ളയാളാണ് ബോളിവുഡ് നടി പരിനീതി. ബിടൗണിന്റെ അഴകളവുകൾക്ക് പരിനീതിയുടെ ശരീരപ്രകൃതി യോജിക്കില്ലെന്നു പറഞ്ഞായിരുന്നു ആദ്യത്തെ വിമർശനം. അതൊരു വെല്ലുവിളിയായി ഏറ്റെടുത്ത പരിനീതി കഠിന പരിശ്രമത്തിലൂടെ ശരീരഭാരം കുറച്ച് ബോളിവുഡ് നായികയ്ക്കുവേണ്ട ശരീരവടിവ് സ്വന്തമാക്കി.

എന്നാലിപ്പോൾ സമൂഹമാധ്യമങ്ങളിലൂടെ പരിനീതി ട്രോളുകൾക്കിരയായത് വസ്ത്രധാരണത്തിന്റെ പേരിലാണ്. പുതിയ ചിത്രമായ നമസ്തേ ഇംഗ്ലണ്ടിന്റെ പ്രചരണാർഥം അർജുൻ കപൂറിനൊപ്പം മുംബെയിലെത്തിയപ്പോൾ പരിനീതി ധരിച്ച വസ്ത്രത്തിന്റെ പേരിലാണ് ട്രോളുകൾക്കിരയായത്. ആകാശനീല നിറത്തിലെ ബട്ടൺ ഡൗൺ ഓഫ്ഷോൾഡർ വസ്ത്രത്തിൽ പരിനീതി ഒട്ടും കംഫർട്ടബിൾ അല്ലെന്ന് ചിത്രങ്ങൾ കണ്ടാൽത്തന്നെ അറിയാമെന്നാണ് ട്രോളന്മാർ പറയുന്നത്. എന്തിനാണ് ഫാഷന്റെ പേരിൽ ഒട്ടും യോജിക്കാത്ത വസ്ത്രം ധരിച്ചത് എന്നു ചോദിച്ചുകൊണ്ടാണ് അവർ പരീനീതിയെ പരിഹസിക്കുന്നത്.

ഫൊട്ടോഷൂട്ടിനിടെ പല തവണ പരിനീതി മുടിശരിയാക്കിയിടാനും വസ്ത്രം വലിച്ചിടാനും ശ്രമിച്ചെന്നും യോജിക്കില്ലെന്നറിഞ്ഞുകൊണ്ട് എന്തിനാണ് ഫാഷന്റെ പേരിൽ ഇത്തരം കാട്ടിക്കൂട്ടലുകൾ നടത്തുന്നതെന്നുമാണ് അവരുടെ ചോദ്യം.