Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'ഇത് മാത്രം മതി ഏട്ടാ ജീവിത കാലം മുഴുവൻ ഓർക്കാൻ' ; ആദ്യഡ്യൂട്ടിയെക്കുറിച്ച് പൊലീസ് ഉദ്യോഗസ്ഥ

police-story-01

കാക്കി യൂണിഫോം സ്വപ്നം കാണുകയും കഠിന പരിശ്രമത്തിലൂടെ സ്വപ്നം കണ്ട ജോലി സ്വന്തമാക്കിയവർക്കും പൊലീസിൽ ചേരാൻ ഇനി ആഗ്രഹിക്കുന്നവർക്കും പ്രചോദനമാകുന്ന ഒരു വാർത്ത പങ്കുവച്ചിരിക്കുകയാണ് ഒരു പൊലീസ് ഉദ്യോഗസ്ഥൻ. അച്ഛനും പെങ്ങളുമുൾപ്പടെ മൂന്നു പൊലീസ് ഉദ്യോഗസ്ഥരാണ് ഈ കുടുംബത്തിലുള്ളത്. പൊലീസ് സേനയിൽ ട്രെയിനിങ് കഴിഞ്ഞിറങ്ങിയ സഹോദരിക്ക് ആദ്യമായി ഡ്യൂട്ടികിട്ടിയത് പ്രളയബാധിതമേഖലയിലായിരുന്നുവെന്നും അവളുടെ ജോലിയും ഉത്തരവാദിത്തവും അതിനെക്കുറിച്ചുള്ള അവളുടെ പ്രതികരണവും തന്റെ മനസ്സു നിറച്ചുവെന്നു പറഞ്ഞാണ് പൊലീസ് ഉദ്യോഗസ്ഥൻ ശ്രീ നമ്പ്യാർ ഫെയ്സ്ബുക്കിൽ ആ കുറിപ്പ് പങ്കുവച്ചത്.

ഫെയ്സ്ബുക്ക് കുറിപ്പിങ്ങനെ :- 

'ഞങ്ങളുടെ അച്ഛൻ കണ്ണൂർ പഴയങ്ങാടി എസ് ഐ ആയി വിരമിക്കുന്ന സമയത്തുള്ള യാത്രയയപ്പിന്റെ വൈകാരിക നിമിഷങ്ങളിലൊന്നിൽ.....അല്ലെങ്കിൽ അതിലും എത്രയോ മുന്നേ ആവണം ഒരു പോലീസുകാരൻ ആവണം എന്ന ആഗ്രഹം എന്നിൽ ഉണ്ടായത്..ആഗ്രഹത്തിന്റെയും ശ്രമത്തിന്റെയും കൂടെ അച്ഛന്റെയും അമ്മയുടെയും പൂർണ പിന്തുണയും കൂടി ആയപ്പോൾ ഞാനും പോലീസിന്റെ കാക്കി ഇട്ടു...തൊപ്പി അണിഞ്ഞു..ബൂട്ട് കെട്ടി.. ഒരു "ചെറിയ"പൊലീസുകാരനായി.. 

എന്റെ ആഗ്രഹം മുളപൊട്ടിയ സമയത്തു തന്നെയാവണം എന്റെ അനുജത്തിയും ഒരു പൊലീസുകാരി ആവണം എന്ന സ്വപ്നം കണ്ടു തുടങ്ങിയത്..അവളും അവളുടെ സ്വപ്നത്തെ കീഴടക്കുക തന്നെ ചെയ്തു..കുറച്ചു ദിവസങ്ങൾക്കു മുന്നേ ഞങ്ങളെ സാക്ഷി നിർത്തി കേരള പോലിസ് അക്കാഡമിയിൽ നിന്നും ഒരു പൊലീസുകാരിയായി അവൾ പുറത്തിറങ്ങി..

ഇനിയാണ് എന്റെ ജീവിതം എനിക്ക് സമ്മാനിച്ച ഏറ്റവും മഹത്തായ നിമിഷത്തിന്റെ വിശദീകരണം..

കഴിഞ്ഞ ദിവസം കണ്ണൂർ എ ആർ ക്യാമ്പിൽ നിന്നും ചെങ്ങന്നൂർ ദുരിതാശ്വാസ ക്യാമ്പിലേക്ക് പുറപ്പെട്ട വണ്ടിയിൽ ഞാനും ഉണ്ടായിരുന്നു..കണ്ണൂരിൽ ഞങ്ങൾ ശേഖരിച്ച അവശ്യ വസ്തുക്കൾ ചെങ്ങന്നൂരിൽ എത്തിക്കുക എന്നതായിരുന്നു ഞങ്ങളുടെ ചുമതല..അവിടെ ഞങ്ങൾ കണ്ട കാഴ്ച അങ്ങേയറ്റം വേദനാപൂർമായിരുന്നു....വീടും സ്വത്തും നഷ്ടമായവർ...ഉറ്റവരെ നഷ്ടമായവർ...കാണാതെപോയ പ്രിയപ്പെട്ടവരെ കാത്തിരിക്കുന്നവർ....സങ്കടകരമായിരുന്നു എല്ലാം...

തിരുവല്ല,അമ്പലപ്പുഴ ഭാഗങ്ങളിൽ എത്തിയപ്പോൾ ഞാൻ കണ്ട കാഴ്ച്ച എന്റെ കണ്ണിനെയും മനസിനെയും ഒരുപോലെ നിറച്ചു..അവിടെ ശുചീകരണ പ്രവൃത്തികളിൽ ഏർപ്പെട്ടിരിക്കുന്ന എന്റെ അനിയത്തി.ആ നാട്ടുകാരിൽ ഒരാളെന്ന പോലെ കഷ്ടപ്പെടുന്ന എന്റെ അനിയത്തി...ഞാൻ കരുതി.."അവൾ വിചാരിക്കുന്നുണ്ടാവുമോ ഈ പണിക്കു വേണ്ടിയാണല്ലോ ഞാൻ പോലീസിൽ വന്നത്"എന്ന്...

പക്ഷേ എന്റെ സകല പ്രതീക്ഷകളെയും കീഴ്മേൽ മറിച്ചുകൊണ്ട് അവൾ എന്റെ അടുക്കലേക്ക് ഓടി വന്നു..എന്നെ ചേർത്ത് പിടിച്ചു...നിറഞ്ഞ കണ്ണുകളോടെ അവൾ പറഞ്ഞത് ഇങ്ങനെയാണ്..."ട്രെയിനിങ് കഴിഞ്ഞിട്ട് ആദ്യത്തെ ഡ്യൂട്ടി ആണ്..പക്ഷേ ഇത് മാത്രം മതി ഏട്ടാ ജീവിത കാലം മുഴുവൻ ഓർക്കാൻ...അത്രമാത്രം എനിക്ക്,ഞങ്ങൾക്ക് എല്ലാർക്കും ചെയ്യാൻ പറ്റുന്നുണ്ട് ഇവിടെ" എന്ന്...പൊലീസിങ് എന്നത് ഒരു സേവനം ആണെന്ന് കുറഞ്ഞ നാളുകൾ കൊണ്ട് തിരിച്ചറിഞ്ഞ എന്റെ അനിയത്തി എന്നെ അദ്ഭുതപ്പെടുത്തി..

ചുരുങ്ങിയ നിമിഷങ്ങൾക്കകം ഞങ്ങളും അവരിൽ ഒരാളായി. അവിടുത്തെ കുട്ടികളുടെ എല്ലാം നഷ്ടമായ നിഷ്കളങ്ക മുഖഭാവം വല്ലാതെ തളർത്തി. സ്വന്തം നാട്ടിലെ പല കുട്ടികളുടെ മുഖഛായകൾ മിന്നിമറഞ്ഞു. കൈയ്യിൽ കിട്ടിയ ക്രീം ബിസ്കറ്റുകൾ മുഴുവൻ അവർക്കു കൊടുത്തു. അവരുടെ സന്തോഷത്തിന് അതിർവരമ്പുകൾ ഉണ്ടായിരുന്നു. പക്ഷേ ഒരു ഏട്ടൻ എന്ന നിലയിൽ,ഒരു പോലീസുകാരൻ എന്ന നിലയിൽ,ഒരു പോലീസുകാരന്റെ മകൻ എന്ന നിലയിൽ എന്റെ അഭിമാനം കൊടുമുടി കയറി....ഈ അനുഭവം അച്ഛനോട് പറഞ്ഞപ്പോൾ അച്ഛന്റെ കണ്ണിൽ ഞാൻ കണ്ട തിളക്കവും സന്തോഷത്തിന്റേതായിരുന്നു...നിറഞ്ഞ അഭിമാനത്തിന്റേതായിരുന്നു..... എന്നും പാവപ്പെട്ട ജനങ്ങളുടെ കൂടെ' ......