വീൽചെയറിൽ ജീവിതം; സന്ദർശിച്ചത് 23 രാജ്യങ്ങൾ, 6 ഭൂഖണ്ഡങ്ങൾ

ആറു ഭൂഖണ്ഡങ്ങളിലായി 23 രാജ്യങ്ങൾ. ഏറ്റവും ഒടുവിൽ നടത്തിയ യാത്ര യൂറോപ്പിലേക്ക്. അതും ഒറ്റയ്ക്ക്. നേരത്തേ യാത്രാപദ്ധതി തയാറാക്കാതെ. അഡ്വാൻസ് ബുക്കിങ് ഇല്ലാതെ. ഈ യാത്രകളൊക്കെ നടത്തിയ വ്യക്തിയെ അറിയണം– പമ്മു എന്നു സ്നേഹിതർ വിളിക്കുന്ന മുംബൈയിൽനിന്നുള്ള പർവീന്ദർ ചാവ്‍ല. 48 വയസ്സുകാരി ചാവ്‍ലയുടെ സാഹസികതയെ അംഗീകരിക്കുന്നതിനു മുമ്പ് ഒരുകാര്യം കൂടി അറിയണം.യാത്രകളെല്ലാം ഈ യുവതി നടത്തിയതു വീൽചെയറിൽ ഒറ്റയ്ക്ക്. തായ്‍വാനിലെ പാരാഗ്ലൈഡിങ്ങും ചൈനയിലെ മലമടക്കുകളിലെ യാത്രയും ഇക്വഡോറിലെ അപകടമേഖലകളിലെ പര്യടനവുമെല്ലാം. 

പമ്മു ജനിച്ചതു ലുധിയാനയിൽ. വാതരോഗബാധ കണ്ടെത്തുന്നതു 15–ാം വയസ്സിൽ–റ്യൂമാറ്റൈസ്ഡ് ആർത്രൈറ്റിസ്. പമ്മു ആറാം ക്ലാസിൽ പഠിക്കുമ്പോൾ കുടുംബം മുംബൈയിലേക്കു മാറി. ബാന്ദ്ര, വാഷി എന്നീ സ്ഥലങ്ങളിൽ ഹോട്ടൽ നടത്തുന്നുണ്ടായിരുന്നു കുടുംബം. നാലു മക്കളിൽ ഇളയവളായിരുന്നു പമ്മു. കുട്ടിക്കാലത്തു ഭക്ഷണം കൊടുക്കുമ്പോൾ വായ പൂർണമായും തുറക്കാനായിരുന്നില്ല. പ്രായം കൂടുന്തോറും കുട്ടിയുടെ രോഗം വഷളാകുമെന്നു ഡോക്ടർമാർ മുന്നറിയിപ്പു നൽകി. എങ്കിലും പമ്മു രോഗത്തിനു വലിയ ഗൗരവമൊന്നും കൊടുത്തില്ല. 

പക്ഷേ, കോളജിൽ പോകാൻ തുടങ്ങിയതോടെ രോഗം പ്രശ്നങ്ങൾ സൃഷ്ടിച്ചു. 12–ാം ക്ലാസിൽ പഠിക്കുമ്പോൾ അസഹ്യമായ വേദനയുടെ പിടിയിലായി. കൈമുട്ടുകളിലും കാൽമുട്ടുകളിലും അസഹ്യമായ വേദന. പരീക്ഷയെഴുതിയതു ഡോക്ടർമാർ കുത്തിവച്ച സ്റ്റിറോയ്ഡിന്റെ സഹായത്തോടെ. കഴിവതും മരുന്നുകൾ ഒഴിവാക്കി മുന്നോട്ടുപോയി. സഹോദരിയുടെ വിവാഹദിനമെത്തി. പഞ്ചാബിൽ ആഘോഷപൂർവമായ വിവാഹം. നൃത്തപരിശീലനം നേരത്തെ തുടങ്ങി. വേദന സഹിച്ചായിരുന്നു പരിശീലനം. ഒടുവിൽ വിവാഹദിനമെത്തിയപ്പോഴേക്കും പമ്മു തളർന്നു. ഒരു ചുവടു പോലും വയ്ക്കാനാകാതെ. പാട്ടിനൊത്തു കാലുകൾ ചലിപ്പിക്കാനാകാതെ. പാട്ടും നൃത്തവും ഏറെയിഷ്ടമായിരുന്നു പമ്മുവിന്, പക്ഷേ,പിന്നീടുള്ള ദിവസങ്ങളിൽ ആഘോഷങ്ങൾ നടക്കുമ്പോൾ ഒരു കസേരയിൽമാറിയിരുന്നു കരയാനായിരുന്നു യോഗം. 

രണ്ടുവർഷത്തേക്കു പൂർണമായും കിടക്കയിൽ തളച്ചിടപ്പെട്ടു. ശുചിമുറിയിൽ പോകാൻപോലും അമ്മയുടെ സഹായം വേണ്ടിവന്നു. ശുഭപ്രതീക്ഷയുണ്ടായിരുന്നു തുടക്കത്തിൽ. പക്ഷേ കിടക്കയിൽ തന്നെ മുഴുവൻ സമയവും കഴിയേണ്ടിവന്നതോടെ പ്രതീക്ഷകൾ നഷ്ടപ്പെട്ട് പമ്മു തളർന്നു. കാലം പോകെ ശക്തി വീണ്ടെടുത്ത പമ്മു ജീവിതത്തോടു പോരാടാൻ തന്നെ തീരുമാനിച്ചു. തളരില്ലെന്നു പ്രതിജ്ഞ ചെയ്തു. വ്യത്യസ്ത ജോലികൾ മടികൂടാതെ സ്വീകരിച്ചു. ബേബി സിറ്റർ മുതൽ കോൾ സെന്റർ ജീവനക്കാരി വരെ. കാറ്ററിങ് സർവീസ് നടത്തിപ്പുകാരിയുമായിട്ടുണ്ട്. രോഗം തളർത്താതിരിക്കാൻ ശ്രദ്ധിച്ചു മുന്നോട്ടുപോയി പമ്മു. ഒരിക്കൽ കശ്മീരിലേക്കു നടത്തിയ യാത്രയാണ് യാത്രാദാഹം വളർത്തിയത്. ഗുൽമാർഗിൽവച്ച് കേബിൾ കാറിൽ കയറേണ്ട ഘട്ടമെത്തിയപ്പോൾ ജോലിക്കാർ തടഞ്ഞു. പക്ഷേ, അസാധാരണമായ ഇച്ഛാശക്തിയോടെ പമ്മു ആ യാത്രയെയും അനായാസമാക്കി. അന്ന് ഏറ്റവും ഉയരത്തിൽ മഞ്ഞിൽ പുതഞ്ഞ വീൽചെയറിൽ ഇരുന്ന് കൂടുതൽ ഉയരങ്ങളെ അവർ സ്വപ്നം കണ്ടു. യാത്രയോടുള്ള പ്രണയത്തിനും തിരികൊളുത്തി. 

വീട്ടിൽ തിരിച്ചെത്തിയ പമ്മു പുതിയ യാത്രാപദ്ധതികൾ തയാറാക്കി. ഒറ്റയ്ക്കുള്ള യാത്രകളായിരുന്നു താൽപര്യം. പക്ഷേ, സഹായി ഇല്ലാതെ യാത്ര അനുവദിക്കാൻ തയാറായില്ല ട്രാവൽ ഏജൻസികൾ. മലേഷ്യയിൽ സുഹൃത്തുക്കളുമായി പോയപ്പോൾ രണ്ടുദിവസം ഒറ്റയ്ക്കു കറങ്ങിനടന്നു. അതോടെ ധൈര്യമായി. കുറഞ്ഞ ചെലവിലുള്ള വിമാനങ്ങളിൽ യാത്ര ചെയ്തു. സാധാരണ മുറികളിൽ താമസിച്ചു. പണം മിച്ചം പിടിച്ച് കൂടുതൽ യാത്രകൾ തരപ്പെടുത്തി. 

പാസ്പോർട്ടിൽ എല്ലാ രാജ്യങ്ങളുടെയും സ്റ്റാംപ് പതിക്കുക എന്നതായിരുന്നു പമ്മുവിന്റെ ലക്ഷ്യം. അമേരിക്കയിലേക്കും യുറോപ്പിലേക്കുമൊക്കെ പലതവണ യാത്ര ചെയ്ത അവർ ഓരോ രാജ്യത്തെയും ജനങ്ങളുമായും അടുത്തബന്ധം പുലർത്തി. ചൈനയിൽ നടത്തിയ യാത്രയായിരുന്നു ഏറ്റവും വെല്ലുവിളി നിറഞ്ഞത്. താമസിക്കാനിരുന്ന ഹോട്ടൽ തകർന്നുകിടക്കുന്നത് അവസാനനിമിഷം കാണേണ്ടിവന്നു. കടുത്ത പനിയും. ഗൂഗിൾ അവിടെ കിട്ടുകയുമില്ല. ഒടുവിൽ ഒരു പ്രദേശവാസിയുടെ സഹായത്തോടെ കിടക്കാൻ ഇടം കണ്ടെത്തി. റോമിൽവച്ച് കയിലുള്ള പണമെല്ലാം നഷ്ടപ്പെട്ട സന്ദർഭവും ഉണ്ടായിട്ടുണ്ട്. 

ജീവിതം ഒരിക്കലേയുള്ളൂ; അതു പൂർണമായും ആസ്വദിക്കുക. എന്നായാലും മരിക്കുമെന്നു തീർച്ച; ആകെ ചെയ്യാനുള്ളതു മരണത്തിനുമുമ്പ് പൂർണമായും ജീവിക്കുക. ജീവിതപാഠങ്ങൾ പമ്മു പഠിച്ചെടുത്തതല്ല, അനുഭവത്തിലൂടെ ആർജിച്ചെടുത്തത്. അതുതന്നെയാണു കരുത്തും.