പ്രളയത്തെ അതിജീവിച്ചവർക്ക് 1000 ജോഡി ചെരുപ്പുകൾ; ഈ പെൺമനസ്സുകൾക്ക് നന്ദി

പത്രത്താളുകളിൽ നിന്നാണ് കേരളത്തിലുണ്ടായ പ്രളയത്തെക്കുറിച്ച് ജാർഖണ്ഡിലെ ഈ സ്ത്രീ തൊഴിലാളികൾ അറിയുന്നത്. ജീവിതം തിരികെ പിടിക്കാൻ കേരളത്തെ സഹായിക്കാനായി തങ്ങൾക്കെന്തു ചെയ്യാൻ കഴിയും എന്ന ചിന്തയിൽ നിന്നാണ് ആ ആശയം അവരുടെ മനസ്സിലുദിച്ചത്. 250 രൂപ ദിവസവേതനക്കാരായ തങ്ങൾക്ക് ദുരിതാശ്വാസനിധിയിലേക്ക് നൽകാൻ തക്കവണ്ണമുള്ള പണം കൈയിലില്ല. ആകെയറിയാവുന്ന ജോലി ചെരുപ്പു നിർമ്മാണമാണ്. അങ്ങനെയാണെങ്കിൽ എന്തുകൊണ്ട് കുറച്ചു ചെരുപ്പുകളുണ്ടാക്കി അത് സൗജന്യമായി കേരളത്തിലെ ജനങ്ങൾക്ക് നൽകിക്കൂട?.

ജാർഖണ്ഡിലെ ദുംകജില്ലയിലെ ബലിജോർ ഗ്രാമത്തിലെ പെണ്ണുങ്ങൾ അങ്ങനെയൊരു തീരുമാനമെടുത്തപ്പോൾ പിറന്നത് 1000 ജോഡി ചെരുപ്പുകൾ. ഗ്രാമത്തിലെ 300 സ്ത്രീകൾ ചേർന്നാണ് 1000 ചെരുപ്പുകൾ നിർമ്മിച്ച് കേരളത്തിന് നൽകിയത്. ജില്ലാഭരണകൂടത്തിന്റെ സഹായത്തോടുകൂടിയാണ് ഒരു ദിവസത്തെ വേതനത്തിനു സമമായ ചെരുപ്പുകളുണ്ടാക്കി അവർ കേരളത്തിലേക്ക് അയച്ചത്. ആഗസ്റ്റ് 27നായിരുന്നു ഈ പെൺകുട്ടായ്മ തങ്ങളുടെ അധ്വാനത്തിലൊരു പങ്ക് കേരളജനതയ്ക്ക് നൽകിയത്.

ദുംകയിലെ ഡെപ്യൂട്ടി ഡവലപ്മെന്റ് കമ്മിഷ്ണറാണ് ഗ്രാമത്തിലെ സ്ത്രീകൾ നിർമ്മിച്ച ചെരുപ്പുകൾ കേരളത്തിലെത്തിക്കാൻ അവരെ സഹായിക്കുകയും അവരുടെ നന്മമനസ്സിൽ വിരിഞ്ഞ ആശയത്തെ അഭിനന്ദിക്കുകയും ചെയ്തത്.