28 വർഷങ്ങൾക്കു മുമ്പ് പരിചരിച്ച കുഞ്ഞ് ഡോക്ടറായി മുന്നിൽ; നഴ്സ് പറയുന്നു

വിധികാത്തുവച്ച സുന്ദരനിയോഗത്തെക്കുറിച്ച് വിശദീകരിക്കുകയാണ് നഴ്സ് വിൽമ വോങ്. കാലിഫോർണിയയിലെ ലൂസിൽ പാക്കാർഡ് ചിൽഡ്രൻസ് ഹോസ്പിറ്റലിലെ നഴ്സാണ് വിൽമ. 28 വർഷങ്ങൾക്ക് മുമ്പ് താൻ പരിചരിച്ച ഒരു കുഞ്ഞ് വളർന്ന് മിടുക്കനായി വിൽമ ജോലിചെയ്യുന്ന ആശുപത്രിയിൽ ഡോക്ടറാെയത്തിയ അവിശ്വസനീയമായ കഥയാണ് വിൽമ പങ്കുവച്ചത്.

പൂർണ്ണവളർച്ചയെത്താത്ത കു‍ഞ്ഞുങ്ങളെ പരിചരിക്കുന്ന നിയോനേറ്റീവ് കെയർ വിഭാഗത്തിലായിരുന്നു വിൽമയ്ക്ക് ജോലി. 28 വർഷങ്ങൾക്ക് മുമ്പ് വിൽമ പരിചരിച്ച ഒരു കുഞ്ഞായിരുന്നു ബ്രാൻഡൻ സെമിനാറ്റോർ. ഇന്ന് അദ്ദേഹം ഒരു ഡോക്ടറാണ്. ആശുപത്രിയിലെത്തിയ ഡോക്ടറുടെ പേരുകേട്ടപ്പോൾത്തന്നെ വിൽമയ്ക്ക് ചില സംശയങ്ങൾ തോന്നിയിരുന്നു.

തന്റെ മനസ്സിലെ സംശയം ശരിയാണോയെന്നറിയാനായി ഡോക്ടറോട് വീട്ടുകാരെപ്പറ്റിയൊക്കെ അന്വേഷിച്ചു. താങ്കളുടെ അച്ഛൻ ഒരു പൊലീസ് ഓഫിസർ ആയിരുന്നോയെന്ന് വിൽമ ചോദിച്ചപ്പോൾ അൽപ്പസമയം മൗനം പാലിച്ച ഡോക്ടർ പറഞ്ഞതിങ്ങനെ;- '' നിങ്ങൾ വിൽമ വോങ് അല്ലേ?. തന്നെ പരിചരിച്ച നഴ്സിനെക്കുറിച്ചൊക്കെ വീട്ടുകാർ പറഞ്ഞ് ഡോക്ടർ അറിഞ്ഞിരുന്നു. 

ഡോക്ടറുടെയും നഴ്സിന്റെയും പുനഃസമാഗന വാർത്തയെക്കുറിച്ചറിഞ്ഞ ആശുപത്രി അധികൃതർ ഇരുവരുടെയും ചിത്രങ്ങൾക്കൊപ്പം ആ കഥ പങ്കുവച്ചു. 28 വർഷം മുമ്പ് നഴ്സ് വിൽമയുടെ മടിയിൽ കിടക്കുന്ന നാൽപ്പതു ദിവസം പ്രായമായ ബ്രാൻഡൻ സെമിനാറ്റോറിന്റെയും ഇന്ന് നിറഞ്ഞ സനേഹത്തോടെ തന്റെ നഴ്സ് അമ്മയെ ചേർത്തുപിടിച്ച ഡോക്ടറിന്റെയും ചിത്രങ്ങൾ പങ്കുവച്ചുകൊണ്ടാണ് ആശുപത്രി അധികൃതർ ഈ കഥ പുറംലോകത്തെ അറിയിച്ചത്.