കുറ്റബോധം തോന്നാതെ അതിനുള്ള സമയം കണ്ടെത്തണം: ദീപിക പദുക്കോൺ

എപ്പോഴും കുടുംബത്തിലുള്ളവരുടെ കാര്യങ്ങളെക്കുറിച്ച് ചിന്തിച്ച് സ്വന്തം കാര്യങ്ങൾക്ക് സമയം കണ്ടെത്താൻ പല സ്ത്രീകൾക്കും കഴിയാറില്ലെന്നും ഇനി അങ്ങനെ സമയം കണ്ടെത്തിയാൽ തന്നെ അതിനെക്കുറിച്ച് കുറ്റബോധത്തോടെ ചിന്തിക്കുന്നവരാണ് ഭൂരിപക്ഷം സ്ത്രീകളെന്നുമാണ് ദീപിക പദുക്കോൺ പറയുന്നത്. എപ്പോഴും എല്ലാവരുടെയും എല്ലാക്കാര്യവും പെർഫകറ്റ് ആകണമെന്നു ചിന്തിക്കുന്ന സ്ത്രീകൾക്ക് അവരുടെ സ്വന്തം കാര്യത്തിന് ചിലവഴിക്കാൻ സമയം പലപ്പോഴും ലഭിക്കാറില്ലെന്നും ദീപിക ചൂണ്ടിക്കാട്ടുന്നു. 

എഫ്ഐസിസിഐ ലേഡീസ് ഓർഗനൈസേഷൻ സംഘടിപ്പിച്ച ഫൈൻഡിങ് ബ്യൂട്ടി ഇൻ ഇംപെർഫെക്ഷൻ എന്ന പരിപാടിയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു ദീപിക. പെർഫകറ്റ് ആയിരിക്കണമെന്ന ചിന്തയുപേക്ഷിച്ച് ഉത്തരവാദിത്തങ്ങൾക്കിടയിൽ സ്വന്തം സന്തോഷങ്ങൾക്ക് സമയം കണ്ടെത്തേണ്ട സമയം അതിക്രമിച്ചുവെന്നും ദീപിക പറയുന്നു. മറ്റുള്ളവരുടെ കാര്യത്തിൽ ഉത്തരവാദിത്തം കാട്ടുന്നതുപോലെ പ്രധാനമാണ് കുറ്റബോധമില്ലാതെ സ്വന്തം കാര്യങ്ങൾക്ക് സമയം കണ്ടെത്തുന്നും ദീപിക വിശദീകരിച്ചു.

നാലുവർഷം മുമ്പ് തന്നെ കീഴടക്കിയ വിഷാദരോഗത്തെക്കുറിച്ചും അതിനോട് പോരാടി ജീവിതത്തിലേക്ക് തിരിച്ചു വന്നതിനെക്കുറിച്ചും ദീപിക മനസ്സു തുറന്നു. വിഷാദത്തെക്കുറിച്ച് തുറന്നു പറഞ്ഞപ്പോൾ നാണം തോന്നിയില്ലെന്നും സമാന അവസ്ഥയിലൂടെ കടന്നുപോകുന്നവർക്ക് വിഷാദത്തെ അതിജീവിക്കാനുള്ള പ്രചേദനം നൽകാനുമാണ് ആ കാര്യം തുറന്നു പറഞ്ഞതെന്നും ദീപിക പറയുന്നു.

ജീവിതത്തിൽ നിന്നും രണ്ടുപാഠങ്ങളാണ് പഠിച്ചതെന്നും. ചിന്തകളിലും വികാരങ്ങളിലും സത്യസന്ധത പുലർത്തണമെന്നതാണ് അതിൽ ആദ്യത്തേതെന്നും. നമ്മുടെ മനസ്സിലുള്ള എല്ലാ വികാരങ്ങളെക്കുറിച്ചും ചിന്തകളെക്കുറിച്ചും ലോകത്തോട് തുറന്നു പറയേണ്ടതിന്റെ ആവശ്യമില്ലെന്ന് കരുതുന്നവരുണ്ടാകും. പക്ഷേ ഞാൻ അത് ചെയ്യുന്നതിനു പിന്നിൽ ഒരു കാരണമുണ്ട്. എന്റേതായ രീതിയിൽ ആളുകളെ സഹായിക്കണമെന്ന് എനിക്കാഗ്രഹമുണ്ട്. നമ്മൾ നമ്മുടെ സത്യസന്ധമായ വികാരങ്ങളും ചിന്തകളും ആളുകൾക്കു മുന്നിൽ പങ്കുവയ്ക്കുമ്പോൾ അത് നമ്മളെത്തന്നെ മെച്ചപ്പെടുത്താൻ സഹായിക്കും.

മറ്റുള്ളവർ നമ്മളെക്കുറിച്ച് എന്തു കരുതും എന്ന ചിന്തയൊഴിവാക്കി അവനവനോടു തന്നെ വിശ്വസ്തത കാട്ടാനും ദീപിക പറയുന്നു. സമൂഹം അനുശാസിക്കുന്ന ചില പ്രത്യേകമോൾഡുകളിൽ ഉറച്ചുനിന്നുകൊണ്ട് മറ്റുള്ളവരുടെ പ്രതീക്ഷകൾക്കൊപ്പിച്ച് ജീവിച്ച് അവരെ ഇംപ്രസ് ചെയ്യാൻ നോക്കാതെ  നിങ്ങളുടെ വ്യക്തിത്വത്തിലും ചിന്തകളിലും വികാരങ്ങളിലും ഉറച്ചു വിശ്വസിക്കുക – ദീപിക പറയുന്നു.