‘വീട്ടിൽ ചോദിക്കേണ്ട സാറെ. എതിർപ്പൊന്നും പറയില്ല’; ദുരിതാശ്വാസനിധിയിലേക്ക് കമ്മൽ നൽകി കല്യാണി

കല്യാണി സ്കൂൾ ഹെഡ്മിസ്ട്രസ് പി. ലീനയ്ക്ക് കമ്മൽ ഊരി നൽകുന്നു.

അങ്കമാലി ∙ ‘വീട്ടിൽ ചോദിക്കേണ്ട സാറെ. എതിർപ്പൊന്നും പറയില്ല’. ഇട്ടുകൊതി തീരാത്ത കമ്മൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഊരി നൽകുമ്പോൾ നായത്തോട് മഹാകവി ജി. മെമ്മോറിയൽ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനി ടി.എസ്. കല്യാണിയുടെ മറുപടി ഇതായിരുന്നു. കമ്മൽ നൽകുമ്പോൾ വീട്ടിൽ പറയേണ്ടേയെന്ന് അധ്യാപകൻ രവികുമാർ ചോദിച്ചപ്പോഴായിരുന്നു കല്യാണിയുടെ ഉറച്ച മറുപടി. 

എങ്കിലും അധ്യാപകർ കല്യാണിയുടെ അച്ഛൻ സജീഷിനെ ഫോണിൽ വിളിച്ചു. വിവരം അറിഞ്ഞ സജീഷ് മകളുടെ തീരുമാനത്തെ പിന്തുണച്ചു. സ്കൂൾ അസംബ്ലിയിൽ ദുരിതാശ്വാസനിധിയിലേക്കു സംഭാവന നൽകണമെന്ന മുഖ്യമന്ത്രിയുടെ സന്ദേശം വായിച്ചയുടനെ ആയിരുന്നു കല്യാണി രണ്ടു കമ്മലുകളും ഊരി നൽകിയത്. നാലു മാസം മുൻപാണ് അരപ്പവൻ തൂക്കം വരുന്ന കമ്മൽ അച്ഛൻ വാങ്ങി നൽകിയത്. കല്യാണിയുടെ നന്മ പ്രചോദനമായപ്പോൾ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനി ഉണ്ണിമായ ക്ലാസിൽ വച്ചു മോതിരം ഊരി നൽകി. കമ്മലും മോതിരവും സ്കൂളിൽ സൂക്ഷിച്ചിരിക്കുകയാണ്.

വിദ്യാഭ്യാസ വകുപ്പുമായി ആലോചിച്ചു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു കൈമാറുമെന്നു സ്കൂൾ പ്രിൻസിപ്പൽ വി. പ്രദുഷ, ഹെഡ്മിസ്ട്രസ് പി. ലീന എന്നിവർ പറഞ്ഞു. എയർപ്പോർട്ടിനു സമീപമുള്ള ഹോട്ടലിലെ മാനേജരാണ് കല്യാണിയുടെ അച്ഛൻ സജീഷ്. അമ്മ ദീപ്തി. സഹോദരൻ കാശിനാഥ്. കഴിഞ്ഞ വർഷം എറണാകുളം റവന്യുജില്ലാതലത്തിൽ സംസ്കൃതം കവിതാരചനയ്ക്കും പ്രശ്നോത്തരിക്കും കല്യാണി ഒന്നാം സ്ഥാനം നേടിയിരുന്നു. കുടുംബശ്രീ മിഷൻ സംസ്ഥാനതലത്തിൽ നടത്തിയ ഗണിതോത്സവത്തിൽ രണ്ടാം സ്ഥാനവും നേടി