15 വർഷം പൈലറ്റ് ആയി ജോലിചെയ്തു; ഇപ്പോൾ വിമാനക്കമ്പനിയുടമ

ഒരു വ്യവസായം തുടങ്ങുക എത്ര ബുദ്ധിമുട്ടേറിയ കാര്യമാണെന്ന് എല്ലാവർക്കും അറിയാം. വ്യവസായം തുടങ്ങുന്നതു വ്യോമയാന മേഖലയിലാകുമ്പോൾ പ്രത്യേകിച്ചും. പക്ഷേ, പ്രതിസന്ധികളെ അതിജീവിച്ചും പുതിയൊരു മാതൃക സൃഷിടിച്ചും കാനഡയിൽ ഒരു പുതിയ ചരിത്രം പിറക്കുകയാണ്. രാജ്യത്തുനിന്നുതന്നെയുള്ള വനിത ഒരു വിമാനക്കമ്പനിയുടെ ഉദ്ഘാടനം പ്രഖ്യാപിച്ചിരിക്കുന്നു. 

ടിയറ ഫ്രേസർ എന്ന കാനഡക്കാരിയാണ് വിമാനക്കമ്പനി തുടങ്ങുന്നത്. 'എനിക്കിപ്പോഴും വിശ്വസിക്കാനാവുന്നില്ല എന്താണു സംഭവിച്ചതെന്ന്. ഒന്നുമില്ലായ്മയിൽനിന്ന് ഞാനൊരു വ്യവസായം തുടങ്ങിയിരിക്കുന്നു. അതും വിമാനക്കമ്പനി'– ഫ്രേസർ പ്രതികരിച്ചു. കാനഡയുടെ വടക്കുപടിഞ്ഞാറു പ്രദേശത്തെ ഹെ റിവർ എന്ന സ്ഥലത്താണു ഫ്രേസർ ജനിച്ചുവളർന്നത്. തുടങ്ങാൻപോകുന്ന വിമാനക്കമ്പനിയിലൂടെ പരസ്പര ബന്ധമില്ലാതെ കിടക്കുന്ന പ്രദേശങ്ങളെയും ആളുകളെയും കൂട്ടിയിണക്കുക എന്ന ലക്ഷ്യം നിറവേറ്റാമെന്നാണ് ഫ്രേസർ ആഗ്രഹിക്കുന്നത്. 

ഫ്രേസർ വിമാനക്കമ്പനി തുടങ്ങുകയാണെങ്കിലും കാനഡയിൽ‌ ആദ്യമായി ഇങ്ങനെയൊരു വ്യവസായം തുടങ്ങുന്ന ആദ്യത്തെ വനിതയല്ല അവർ. ലവേർന മാർടൽ ഹാർവെ എന്ന യുവതി 2010–ൽ ഒരു വിമാനക്കമ്പനി വാങ്ങി പ്രവർത്തനം തുടങ്ങിയിരുന്നത്രേ. വോവറൈൻ എയർ എന്ന കമ്പനിയാണ് ഹാർവെ വാങ്ങി പ്രവർത്തിപ്പിച്ചിരുന്നത്. വിമാനക്കമ്പനിയുടെ ഉടമയാകുന്നതും അതു സ്വന്തമായി നടത്തുന്നതുമെല്ലാം വലിയ ഒരു പ്രക്രിയ ആണ്. ചെലവേറിയതും. ഒരിക്കൽ ഞാനതു ചെയ്തു. അതിന്റെ അർഥം മറ്റുള്ളവർക്കും അതു ചെയ്യാമെന്നാണ്. അഭിമാനത്തോടെ എന്റെ ആശംസകൾ – ഹാർവെ പറയുന്നു. 

വാൻകൂർ രാജ്യാന്തര വിമാനത്താവളം ആസ്ഥാനമായാണ് വിമാനക്കമ്പനി പ്രവർത്തിക്കുന്നത്. അടുത്ത വർഷം മാർച്ചില്‍ പൂര്‍ണതോതിൽ പ്രവർത്തനം ആരംഭിക്കും. 47 വയസ്സുകാരിയായ ഫ്രേസർ 15 വർഷമായി പൈലറ്റായാണു ജോലിചെയ്യുന്നത്. ഹോക് എയർ എന്ന വിമാനകമ്പനിയിലും അവർ പ്രവർത്തിച്ചിട്ടുണ്ട്. കാനഡയിലെ തദ്ദേശവാസികളായ സ്ത്രീകളെ വിശേഷിപ്പിക്കാൻ ഉപയോഗിക്കുന്ന വാക്കി‍‌ൽനിന്നാണ് വിമാനക്കമ്പനിയുടെ പേര് ഫ്രേസർ വികസിപ്പിച്ചെടുത്തത്.