രണ്ടു സുപ്രധാന വിധികള്‍, അനുകൂലിച്ചും വിയോജിച്ചും ബെഞ്ചിലെ ഏക വനിത

ഇന്ദു മൽഹോത്ര

രണ്ടു ദിവസത്തിനിടെ രണ്ടു സുപ്രധാന വിധികള്‍, രണ്ടും സ്ത്രീകളെ സംബന്ധിച്ച് പരമപ്രധാനമായവ, ഒന്നിൽ ഭൂരിപക്ഷ സ്വരത്തോടൊപ്പമാണെങ്കിൽ മറ്റൊന്നിൽ ഏക വിരുദ്ധ സ്വരം. – ജസ്റ്റിസ് ഇന്ദു മൽഹോത്രയാണ് രണ്ടു ദിവസത്തിനുള്ളിൽ രണ്ടു സുപ്രധാന വിധികളിൽ ഭാഗമായത്.

ശബരിമലയിലെ സ്ത്രീ പ്രവേശനം സംബന്ധിച്ച കേസ് പരിഗണിച്ച ബെഞ്ചിലെ ഏക വനിതാ പ്രതിനിധി അവരായിരുന്നു. വിശ്വാസത്തിൽ യുക്തിക്ക് സ്ഥാനമില്ലെന്നാണ് ഭൂരിപക്ഷ വിധിയോടുള്ള തന്‍റെ ശക്തമായ വിയോജിപ്പു പ്രകടമാക്കി കൊണ്ട് ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര വ്യക്തമാക്കിയത്. വിവാഹേതര ബന്ധമെന്നതു പങ്കാളിയോടും കുടുംബത്തോടുമുള്ള തെറ്റുതന്നെയെന്നും എന്നാൽ ക്രിമിനൽ കുറ്റമാക്കണമെങ്കിൽ അതു സമൂഹത്തെ പൊതുവിൽ നേരിട്ടു ബാധിക്കുന്ന തരത്തിലാവണമെന്നുമുള്ള നിലപാടാണ് ഐപിസി വകുപ്പ് 497 റദ്ദാക്കിക്കൊണ്ടുള്ള വിധിയിൽ അവർ കൈകൊണ്ടത്. ബെഞ്ചിലെ മറ്റു നാലുപേരുടെയും നിലപാടിനൊപ്പമായിരുന്നു ഈ കേസിൽ ജസ്റ്റിസ് ഇന്ദു മൽഹോത്ര. 

സിവിൽ പരിഹാരങ്ങൾ മതിയാവുന്ന സാഹചര്യങ്ങളിൽ ക്രിമിനൽ നടപടി പാടില്ലെന്നും അതുകൊണ്ടുതന്നെ വിവാഹേതര ബന്ധം ക്രിമിനൽ കുറ്റമായി കണക്കാക്കാനാകില്ലെന്നും ജസ്റ്റിസ് ഇന്ദു മൽഹോത്ര വ്യക്തമാക്കി. മതവികാരങ്ങള്‍ ഉള്‍പ്പെട്ട വിഷയങ്ങളില്‍ കോടതി ഇടപെടാതിരിക്കുന്നതാവും അഭികാമ്യമെന്ന അഭിപ്രായമാണ് ശബരിമല സ്ത്രീ പ്രവേശന കേസിൽ ഭൂരിപക്ഷ നിലപാടിനോടു വിയോജിപ്പു പ്രകടിപ്പിച്ചു കൊണ്ട് അവർ പ്രകടിപ്പിച്ചത്. 

ചരിത്രം കുറിച്ചു കൊണ്ടാണ് ജസ്റ്റിസ് ഇന്ദു മൽഹോത്ര സുപ്രീംകോടതി ജ‍ഡ്ജിയായി നിയമിതയായത്. സുപ്രീംകോടതി ജഡ്ജിയായി നേരിട്ട് നിയമനം ലഭിക്കുന്ന ആദ്യ വനിതയായി മാറി അവർ. 67 വർഷത്തെ സുപ്രീംകോടതിയുടെ സുദീർഘമായ ചരിത്രത്തിൽ ജഡ്ജിയാകുന്ന ഏഴാമത്തെ മാത്രം വനിത. ഒരു അഭിഭാഷക കുടുംബത്തിലെ അംഗമായി 1956ൽ ബംഗളൂരുവിൽ ജനിച്ച ഇന്ദുമൽഹോത്ര മൂന്നു പതിറ്റാണ്ടിലെ അനുഭവ പാരമ്പര്യവുമാണ് പരമോന്നത നീതിപീഠത്തിലെത്തിയത്. 1983ലായിരുന്നു അഭിഭാഷകവൃത്തിയുടെ ആരംഭം. 2007ൽ സീനിയർ അഭിഭാഷകയായി സുപ്രീംകോടതി നിയോഗിക്കുമ്പോൾ ഈ നേട്ടം കരസ്ഥമാക്കുന്ന രണ്ടാമത്തെ വനിതയായി അവർ മാറി. ജസ്റ്റിസ് ലീല സേത്തായിരുന്നു മുൻഗാമി. സുപ്രീംകോടതി അഭിഭാഷകയാകാനുള്ള അഡ്വക്കേറ്റ്– ഓൺ– റെക്കോഡ് പരീക്ഷ ഒന്നാമതായാണ് പാസായത്. സാമൂഹിക വിഷയങ്ങളിലാണ് ജസ്റ്റിസ് ഇന്ദു മൽഹോത്ര കൂടുതൽ ശ്രദ്ധപതിപ്പിക്കാറുള്ളത്. 

ഇന്ത്യയിൽ തർക്കപരിഹാര കൗൺസിൽ സ്ഥാപിക്കണമെന്ന് നിർദേശം നൽകിയ ജസ്റ്റിസ് ബിഎൻ ശ്രീകൃഷ്ണ അധ്യക്ഷനായ കമ്മിറ്റിയിൽ അംഗമായി പ്രവർത്തിച്ചിട്ടുണ്ട്. ഓരോ ജില്ലയിലും സ്ഥാപിച്ചിട്ടുള്ള കുടുംബക്ഷേമ സമിതിയുടെ സമ്മതത്തോടെ സ്ത്രീധന പീഢന അറസ്റ്റുകൾ സംബന്ധിച്ച കേസിലെ അമിക്കസ് ക്യൂറിയായി സുപ്രീംകോടതിയുടെ മൂന്നംഗ ബെഞ്ച് ജസ്റ്റിസ് മല്‍ഹോത്രയെ നിയോഗിച്ചിരുന്നു. 1991–96 കാലഘട്ടത്തിൽ സുപ്രീംകോടതിയിൽ ഹരിയാന സർക്കാരിന്‍റെ സ്റ്റാന്‍റിങ് കൗൺസിലായിരുന്നു. വനിത അഭിഭാഷകരെ ലൈംഗിക പീഡനത്തില്‍ നിന്നും സംരക്ഷിക്കാൻ 2013ൽ സ്ഥാപിതമായ വനിത അഭിഭാഷകരുടെ സമിതിയിൽ അംഗമായിരുന്നു.

ഒഴിവു സമയങ്ങളിൽ സുപ്രീംകോടതിയുടെ ഇടനാഴികളിലൂടെ വെറുതെ നടന്നു സമയം കളയാതെ മുതിർന്ന അഭിഭാഷകർ വാദിക്കുന്നത് കാണാനും പഠിക്കാനാണ് സഹപ്രവർത്തകർക്ക് ഇന്ദു മല്‍ഹോത്ര നല്‍കാറുള്ള ഉപദേശം. ഓരോ കോടതിയുടെയും സപ്ന്ദനം മനസിലാക്കി, അവ നൽകുന്ന ജ്ഞാനം ഉള്‍ക്കൊണ്ട് വാദങ്ങള്‍ ഇതനുസരിച്ച് ക്രമീകരിക്കാൻ പഠിക്കണമെന്ന് ഒരു അഭിമുഖത്തിൽ അവർ ചൂണ്ടിക്കാട്ടിയിരുന്നു.