പേരുകൾ വെളിപ്പെടുത്തി ഇന്ത്യൻ മീ റ്റൂ; തനുശ്രീ ഇരയല്ല പോരാളിയെന്ന് ശോഭാ ഡേ

വൈകിയാണെങ്കിലും അതു സംഭവിച്ചിരിക്കുന്നു. ചിലര്‍ ഭയത്തോടെ ആശങ്കപ്പെട്ടിരുന്നത്. ചിലര്‍ ആവേശത്തോടെ കാത്തിരുന്നത്. 

ബോളിവുഡിലെ തുറന്നുപറച്ചില്‍. ഇന്ത്യയിലെ മീ ടൂ.... പൊതുവായി എന്തെങ്കിലും പറയുകയോ പരാമര്‍ശം നടത്തുകയോ ഒന്നുമല്ല; കൃത്യമായി പേരുകള്‍ പറഞ്ഞുള്ള ആരോപണം. കാര്യവും കാരണങ്ങളും നിരത്തിയുള്ള കുറ്റപത്രം. ഇനി മറുപടി പറഞ്ഞേ പറ്റൂ. പണത്തിന്റെയും സ്വാധീനത്തിന്റെയും അഹങ്കാരത്തില്‍ ഇനി മൂടിവയ്ക്കാന്‍ പറ്റില്ല കേസുകള്‍. വിചാരണകള്‍ നടക്കണം. ശിക്ഷ അതെത്ര കടുത്തതായാലും സംഭവിക്കുക തന്നെ വേണം. വൈകിയാണെങ്കിലും നീതി ലഭിച്ചേ പറ്റൂ. 

ബോളിവുഡിനെ പിടിച്ചുകുലുക്കിയ, ഇതാദ്യമായി ഒരു പ്രമുഖ നായകന്റെ പേരു പറഞ്ഞുതന്നെയുള്ള പീഡന ആരോപണത്തിലെ നായിക, 

ഇര എന്നതിനേക്കാള്‍ പോരാളി എന്ന വിളി കേള്‍ക്കാന്‍ ഇഷ്ടപ്പെടുന്ന തനുശ്രീ ദത്ത തന്നെ പറയുന്നു: ചെറിയൊരു തീപ്പൊരിയില്‍നിന്നു തുടങ്ങിയ അഗ്നിനാളമാണിത്. ഈ തീ അണയരുത്. ഇതിന്റെ വെളിച്ചത്തില്‍ ധൈര്യം സംഭരിച്ചും ആശ്വാസത്തോടെയും ഇനിയും തുറന്നുപറച്ചിലുകള്‍ ഉണ്ടാകട്ടെ. ഇരകള്‍ ഉണ്ടാകരുത്; ഇനിയെങ്കിലും.

24-ാം വയസ്സില്‍ എനിക്കുണ്ടായ അപമാനം. എന്റെ ശരീരത്തിനും അഭിമാനത്തിനും മനസ്സിനും സംഭവിച്ച ആഘാതം. അത് ഇല്ലാതാക്കാന്‍ ഒരു നഷ്ടപരിഹാരത്തിനും കഴിയില്ല. അന്നത്തെ വേദന, അതിപ്പോഴും തുടരുന്നു. ഇപ്പോള്‍ ഞാന്‍ എല്ലാം തുറന്നുപറഞ്ഞിരിക്കുന്നു. കാരണം അന്നത്തെ വേദനയും അതിന്റെ ആഘാതവും അതുണ്ടാക്കിയ നഷ്ടവും ഇപ്പോഴും തുടരുന്നു.... നാന പടേക്കര്‍ക്കെതിരെ അപമര്യാദയായ പെരുമാറ്റം ആരോപിച്ച് ശ്രദ്ധേയയായ മുന്‍ മിസ് ഇന്ത്യയും പ്രമുഖ നടിയുമായ തനുശ്രീ ദത്ത പറയുന്നു. 

2008-ലാണ് ആരോപണത്തിന് ആസ്പദമായ സംഭവം നടക്കുന്നത്. ഹോണ്‍ ഓകെ പ്ലീസ് എന്ന സിനിമയുടെ സെറ്റില്‍വച്ച്. അന്ന് സെറ്റിലുണ്ടായിരുന്ന മുഴുവന്‍ പേരുടെയും മധ്യത്തില്‍വച്ച് അപമാനം സഹിക്കേണ്ടിവന്നുവെന്നാണ് തനുശ്രീ വെളിപ്പെടുത്തിയത്. അപ്പോള്‍ തന്നെ നടി പരാതിപ്പെട്ടു. എതിര്‍പ്പു പ്രകടിപ്പിച്ചു. പക്ഷേ, നടിയെ രക്ഷിക്കാനോ നാനയെ എതിര്‍ക്കാനോ ഒരാള്‍പോലും മുന്നോട്ടുവന്നില്ല. സെറ്റില്‍ നിന്നു തിരിച്ചുപോയപ്പോള്‍ നടിയെയും അച്ഛനമ്മമാരെയും ഒരു രാഷ്ട്രീയകക്ഷിയുടെ ആള്‍ക്കാര്‍ എന്നു പരിചയപ്പെടുത്തിയവര്‍ ഭീഷണിപ്പെടുത്തുകയും അപകടപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തു. നാന പടേക്കര്‍ അവശ്യപ്പെട്ടതനുസരിച്ചായിരുന്നത്രേ ഭീഷണി. നടി സഞ്ചരിച്ച കാര്‍ അക്രമികള്‍ നശിപ്പിച്ചു. അന്നു കൃത്യമസയത്ത് പൊലീസ് എത്തിയിരുന്നില്ലെങ്കില്‍ തനുശ്രീയുടെ ജീവന്‍ തന്നെ അപകടത്തിലായിരുന്നേനേം. ഇപ്പോള്‍ ഇങ്ങനെയൊരു ആരോപണം പോലും ഉണ്ടാകുമായിരുന്നുമില്ല. അതെന്തായാലും, അതോടെ തനുശ്രീ എന്ന നടിയുടെ ബോളിവുഡ് കരിയര്‍ അവസാനിച്ചു. പ്രമുഖ എഴുത്തുകാരി ശോഭ ഡേ ചോദിക്കുന്നു: ബോളിവുഡില്‍ എന്തുകൊണ്ട് മീ ടൂ...ഉണ്ടാകുന്നില്ല എന്ന് ഇനിയെങ്കിലും ആര്‍ക്കെങ്കിലും എന്തെങ്കിലും സംശയമുണ്ടോ ? പരാതിപ്പെടാന്‍ ശ്രമിച്ച ആളുടെ അനുഭവം ഇതാണ്. പിന്നെ ആര് എന്ന് എങ്ങനെ പരാതിപ്പെടും ? 

സംവിധായകനും നിര്‍മാതാവും ഒക്കെ അറിഞ്ഞുകൊണ്ടുതന്നെയാണ് പീഡനശമവും അപമര്യാദയായ പെരുമാറ്റവും നടന്നതെന്നു പറയുന്നു തനുശ്രീ. നായകനെ സന്തോഷിപ്പിക്കാനാണ് എല്ലാവര്‍ക്കും താല്‍പര്യം. അയാള്‍ വിരല്‍ ഞൊടിക്കുന്നതനുസരിച്ചാണ് സെറ്റില്‍ എല്ലാം നടക്കുന്നത്. നിര്‍മാതാവ് പറയുന്നതെല്ലാം അനുസരിക്കാനും അവരുടെ ആഗ്രഹങ്ങള്‍ക്കു വഴങ്ങാനുമാണ് തന്നോടും ആവശ്യപ്പെട്ടതെന്നും താന്‍ അതിനു നിന്നില്ലെന്നും കൂടി നടി വ്യക്തമാക്കുന്നു.അന്നത്തെ സംഭത്തോടെ ആകെ തകര്‍ന്നുപോയി. പിന്നെ ഒരു സെറ്റിലും പോകാന്‍ ധൈര്യം കിട്ടിയില്ല. പൊലീസില്‍ കേസ് കൊടുത്തു. സിനിമയുടെ പ്രവര്‍ത്തകര്‍ മറുപടിയായി കള്ളക്കേസ് കൊടുത്തു. ഭീഷണി വിളികള്‍ പിന്നെയും വന്നുകൊണ്ടുമിരുന്നു. കോടതി നടപടികളിലൂടെ ജീവിതം മുഴുവന്‍ തകര്‍ക്കുമെന്നും അവര്‍ ഭീഷണിപ്പെടുത്തി. 

രണ്ടു വര്‍ഷം മുമ്പ് തനുശ്രീ അമേരിക്കയിലേക്കു പോയെങ്കിലും അവിടെയും പഴയ സംഭവം പിന്തുടര്‍ന്നെന്നും നടി പറയുന്നു. അടുത്തിടെ മികച്ച ഒരു ജോലി ഓഫര്‍ ലഭിച്ചു. പക്ഷേ, ഇന്റര്‍വ്യൂവിനു പോലും അവര്‍ വിളിച്ചില്ല. അപ്പോള്‍ തനുശ്രീ തന്റെ തന്നെ വിവരങ്ങള്‍ ഗൂഗിളില്‍ സെര്‍ച്ച് ചെയ്തു. പഴയ ആരോപണവുമായി ബന്ധപ്പെട്ട കള്ളക്കഥകളും പ്രഫഷണല്‍ അല്ല, പരാജയമാണ് എന്നൊക്കെയുള്ള അടിസ്ഥാനമില്ലാത്ത വിവരങ്ങളും അവിടെയുണ്ട്. അതു വായിക്കുന്ന ആരെങ്കിലും ജോലി തരുമോ ? 

ഇനിയും തനിക്കു നിശ്ശബ്ദയായിരിക്കാന്‍ അവില്ലെന്നും തുറന്നുപറ‍ഞ്ഞേ പറ്റൂ എന്നും തനുശ്രീ വ്യക്തമാക്കുന്നു. ഇന്ത്യയില്‍ എന്തുകൊണ്ട് മീ..ടൂ... സംഭവിക്കുന്നില്ല എന്നാണു ചോദ്യം. അതു സംഭവിക്കണമെങ്കില്‍ സൗഹൃദപരമായ സാഹചര്യം കൂടി ഉണ്ടാകണം. ഹോളിവുഡില്‍ വെയ്ന്‍സ്റ്റൈനിന്റെ ഇരകളില്‍ പലരും പതിറ്റാണ്ടുകള്‍ക്കുശേഷമാണ് പീഡനവിവരങ്ങള്‍ തുറന്നുപറഞ്ഞത്. എന്റെ കേസ് വളരെ വ്യക്തമാണ്. അന്നത്തെ വീഡിയോ തെളിവുകള്‍ ഉണ്ട്. മാധ്യമ വാര്‍ത്തകളുണ്ട്. സാക്ഷിമൊഴികളുണ്ട്. അന്നുതന്നെ ഞാന്‍ പരാതിയും പറഞ്ഞിരുന്നു. പക്ഷേ, എന്തു കൊണ്ട് നിശ്ശബ്ദയായിരുന്നു എന്ന ചോദ്യം ഞാന്‍ നേരിടുന്നു.... തനുശ്രീ പറയുന്നു. 

തനുശ്രീ സംഭവത്തെക്കുറിച്ച് ധാര്‍മികരോഷത്തോടെ ശോഭ ഡെ എഴുതുന്നു: ഒരു ദുഃഖസത്യം പറയാതെ വയ്യ. ഇന്ത്യ സ്ത്രീകള്‍ക്കു പറ്റിയ രാജ്യമല്ല. പീഡിപ്പിക്കാന്‍ ശ്രമിച്ചവരുടെ പേരുകള്‍ തുറന്നുപറഞ്ഞ തനുശ്രീ, നന്ദി. കൂടുതല്‍ സ്ത്രീകള്‍ക്ക് നിങ്ങളുടെയത്ര ധൈര്യം ലഭിക്കട്ടെ എന്നാഗ്രഹിക്കുന്നു. ഞാന്‍ തനുശ്രീയെ വിശ്വസിക്കുന്നു. നിങ്ങളോ ?