ഇത്തരത്തിൽ ചിന്തിക്കാൻ നാണമില്ലേ?; പുരുഷന്മാരോട് സാനിയ

ഗർഭകാലത്ത് പോലും സ്വസ്ഥത നൽകാതെ അരോചകമായ ഉപദേശങ്ങളുമായി സമൂഹമാധ്യമങ്ങളിൽ പിന്തുടരുന്ന പുരുഷന്മാരെ ശക്തമായ ഭാഷയിൽ വിമർശിച്ചുകൊണ്ടാണ് ടെന്നീസ് റാണി സാനിയ മിർസ ട്വീറ്റ് ചെയ്തത്. പാക് ക്രിക്കറ്റ് താരം ഷുഐബ് മാലിക്കിനെ വിവാഹം ചെയ്തതു മുതൽ അന്തസ്സില്ലാത്ത പല ചോദ്യങ്ങളുമായി പിന്നാലെ കൂടിയവർക്കും കൂടിയാണ് സാനിയ ട്വീറ്റിലൂടെ മറുപടി നൽകുന്നത്.

ആദ്യത്തെ കൺമണിക്കായുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ സാനിയയും ഷുഐബും. ഗർഭാവസ്ഥയിൽ കായികലോകത്തു നിന്നു വിട്ടു നിൽക്കുകയാണെങ്കിലും ജീവിതത്തിലെ സന്തോഷകരമായ നിമിഷങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട് സാനിയ. അടുത്തിടെ ഭർത്താവുമൊത്ത് ബേബിഷവർ ആഘോഷിക്കുന്ന സാനിയയുടെ ചിത്രം പുറത്തു വന്നപ്പോൾ സാനിയയുടെ വസ്ത്രധാരണത്തെ വിമർശിച്ചുകൊണ്ട് ചിലർ രംഗത്തു വന്നിരുന്നു. 

ഗർഭകാലത്ത് എങ്ങനെ ജീവിക്കണമെന്ന് തന്നെ ഉപദേശിക്കുന്ന പുരുഷന്മാരോട് സാനിയയ്ക്ക് പറയാനുള്ളതിതാണ്. '' ഗർഭിണിയായാൽ ഒൻപതുമാസവും വീടിനുള്ളിൽ കട്ടിലിൽ കഴിയണമെന്ന് ചിന്തിക്കുന്ന പുരുഷന്മാർക്കുള്ള ഉപദേശമിതാണ്. നിങ്ങൾക്ക് നാണമില്ലേ? ഇങ്ങനെയൊക്കെ ചിന്തിക്കാൻ.സ്ത്രീകൾ ഗർഭം ധരിച്ചാൽ അതിനർഥം അതോടെ അവർ രോഗികൾ ആണെന്നോ, തൊട്ടുകൂടാത്തവരാണെന്നോ അല്ല. ആ സമയത്തും അവർ സാധാരണ മനുഷ്യരാണ്. അവരെ സാധാരണ ജീവിതം നയിക്കാൻ അനുവദിച്ചുകൊണ്ട് ഇത്തരം കാര്യങ്ങളിലിടപെടുന്നത് നിർത്തുക. നിങ്ങളും അമ്മയുടെ ഗർഭപാത്രത്തിൽ നിന്നല്ലേ വന്നത് എന്ന് ചിന്തിക്കൂ''വെന്നു പറഞ്ഞുകൊണ്ടാണ് സാനിയ ട്വീറ്റ് അവസാനിപ്പിക്കുന്നത്.