Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അന്ന് പെൺപുലിയായി കൈയടി നേടി, ഇന്ന് വിവാദം സൃഷ്ടിച്ച് മലയിറങ്ങി

rehna-fathima-45

ചരിത്രം തിരുത്തിയ ധീരയായ യുവതി എന്ന് പ്രകീർത്തിച്ചുകൊണ്ടാണ് തൃശൂർ പൂരത്തിന് പെൺപുലിയായി വേഷമിട്ട രഹ്ന ഫാത്തിമയെ ആളുകൾ  അന്ന് അഭിനന്ദിച്ചത്. ആൺപുലികൾ അരങ്ങുവാണ പൂരത്തിരക്കിൽ ആത്മവിശ്വാസത്തോടെ ചുവടുവച്ച രഹ്നയ്ക്കും സംഘത്തിനും അന്ന് ആളുകൾ ആവോളം പിന്തുണ നൽകി. അതിനു മുൻപും ശേഷവും രഹ്നഫാത്തിമ എന്ന പേര് മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും നിറഞ്ഞു. ചുംബന സമരത്തിലെ സജീവ പ്രവർത്തകരിൽ ഒരാളായാണ് പെൺപുലിയാകുന്നതിനു മുൻപ് രഹ്നയുടെ പേര് വാർത്തകളിൽ നിറഞ്ഞതെങ്കിൽ അതിനുശേഷം മാറുതുറക്കൽ സമരമുറയിലൂടെ ദേശീയ മാധ്യമങ്ങളിൽപ്പോലും രഹ്നയെക്കുറിച്ചുള്ള വാർത്തകൾ റിപ്പോർട്ട് ചെയ്യപ്പെട്ടത്.

സ്ത്രീ ശരീരത്തിന്റെ അമിത ലൈംഗികവൽക്കരണത്തിനെതിരെ തിരുവനന്തപുരം സ്വദേശിനിയും അധ്യാപികയുമായ ആരതി എസ് എ തുടങ്ങിവച്ച മാറുതുറക്കൽ സമരം ഏറ്റെടുത്തുകൊണ്ടാണ് രഹ്ന ഫാത്തിമ പിന്നീട് മാധ്യമങ്ങളിൽ നിറഞ്ഞത്. തണ്ണിമത്തൻ കൊണ്ട് മാറു മറച്ച രഹ്നയുടെ ചിത്രവും പിന്നീട് മാറ് പൂർണ്ണമായും തുറന്നു കാണിക്കുന്ന ഒരു ചിത്രവുമാണ് രഹ്നയുടെ സുഹൃത്തായ ദിയ സന സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവച്ചത്. എന്നാൽ ഈ ചിത്രങ്ങൾ കമ്യൂണിറ്റി സ്റ്റാൻഡേർഡിന് നിരക്കുന്നതല്ല എന്ന പേരിൽ പിന്നീട് ഫെയ്സ്ബുക്കിൽ നിന്ന് നീക്കം ചെയ്യപ്പെടുകയായിരുന്നു.

Rehna Fathima

പിന്നീടാണ് ശരീരത്തിന്റെ രാഷ്ട്രീയത്തെക്കുറിച്ച് തുറന്നു പറയാൻ രഹ്ന ഫാത്തിമ തന്റെ ഫെയ്സ്ബുക്ക് വാളുകളെ ഉപയോഗിച്ചു തുടങ്ങിയത്. തന്റെ ബിക്കിനി ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതിന്റെ പേരിൽ വധഭീഷണി വരെ രഹ്ന നേരിട്ടിരുന്നു. പിന്നീട് രഹ്ന വാർത്തകളിൽ നിറഞ്ഞത് ഏക എന്ന ചിത്രത്തിന്റെ പേരിലായിരുന്നു. പൂർണ്ണ നഗ്നയായി രഹ്ന അഭിനയിച്ച ചിത്രത്തിന്റെ പോസ്റ്ററുകളും ടീസറും ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ഭിന്നലൈംഗികതയുൾപ്പെട്ട കാര്യങ്ങളാണ് ഈ ചിത്രത്തിന്റെ പ്രമേയം. മുപ്പത്തിനാലോളം രാജ്യാന്തര ചലച്ചിത്രമേളകളിൽ ചിത്രം പരിഗണിക്കപ്പെട്ടിരുന്നു. 

ഏക എന്ന ചിത്രത്തിലെ ഷൂട്ടിങിനെക്കുറിച്ച് രഹ്നഫാത്തിമ ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പിങ്ങനെ :-

നഗ്നശരീരങ്ങൾ കടന്നുവരുന്ന രംഗങ്ങൾ ചിത്രീകരിക്കുന്ന സമയം. ഏകയുടെ ക്രൂവിൽ 18 അംഗങ്ങൾ . അവർക്കു മുന്നിലാണ് ചിത്രീകരണം. ഒട്ടും എളുപ്പമല്ലാത്ത രംഗങ്ങൾ .ഇരുപതും ഇരുപത്തഞ്ചും ടേക്കുകളിലൂടെ ടോർച്ചർ ചെയ്യുന്ന സംവിധായകൻ. സ്വാഭാവികമായും ആദ്യസിനിമയിൽ അഭിനയിക്കുന്ന ആൾ എന്ന നിലയിൽ അസ്വസ്ഥത ഉണ്ടായിരുന്നു.നഗ്നതയിൽ കോൺഷ്യസ് ഉണ്ടോ എന്ന സംവിധായകന്റെ ചോദ്യത്തിന് ഉണ്ട് എന്ന് മറുപടി നൽകി.

ഉടനെ ക്രൂവിൽ ഉള്ള എല്ലാവരും വസ്ത്രങ്ങൾ മാറ്റാൻ സംവിധായകൻ നിർദേശിച്ചു. സംവിധായകൻ , ക്യാമറാമാൻ , സഹസംവിധായകർ , ലൈറ്റ് സ്റ്റാഫ് , പ്രൊഡക്ഷൻ സ്റ്റാഫ് എന്തിന് , ആ രംഗങ്ങളുടെ സമയത്തു സെറ്റിൽ നിൽക്കണം എങ്കിൽ നിർമ്മാതാവ് പോലും നഗ്നനാവണം എന്നായിരുന്നു നിർദേശം .

Rehna Fathima | Sabarimala Women Entry

നഗ്നത എന്നാൽ നിഷ്കളങ്കത എന്നുകൂടി അർഥമുണ്ട് എന്ന് സംവിധായകന്റെ വാദം . ഏറ്റവും പ്യുവർ ആയ മനുഷ്യനേ നഗ്നനാവാൻ സാധിക്കൂ .

നഗ്നശരീരത്തിന് ലൈംഗികത എന്നർത്ഥമില്ല. ലിംഗഭേദം ഇല്ല.എല്ലാവരും നഗ്നരായിത്തന്നെ അവരുടെ ജോലി ചെയ്യുന്നു.

വസ്ത്രത്തിൽ പൊതിഞ്ഞ ശരീരങ്ങളുടെ മുന്നിൽ , തുറിച്ചു നോട്ടം പോലെത്തന്നെ തുളഞ്ഞു വരുന്ന ക്യാമറ. ഈ അവസ്ഥയിൽ ഉണ്ടായിരുന്ന എല്ലാ അസ്വസ്ഥതകളെയും മറികടക്കാനും എല്ലാവരും തുല്യരാണ് എന്ന മനോഭാവം ഉണ്ടാക്കാനും സഹപ്രവർത്തകരുടെ മുഴുവൻ സഹകരണം കൊണ്ട് സാധിച്ചു . അവരും അഭിനേതാക്കൾക്കൊപ്പം വസ്ത്രങ്ങൾ ഉപേക്ഷിച്ചു കൊണ്ട് മാനസികമായ പിന്തുണ നൽകി. ഏകയുടെ ചിത്രീകരണം വളരെ വ്യത്യസ്തവും അനുഭവങ്ങളുടെയും പരീക്ഷണങ്ങളുടെയും പുതുമഴ തന്നെയായിരുന്നു.

പ്രായഭേദമന്യെ എല്ലാ സ്ത്രീകൾക്കും ശബരിമലയിൽ പ്രവേശിക്കാം എന്ന സുപ്രീം കോടതിവിധിക്കു പിന്നാലെ മാലയിട്ട് വ്രതെടുത്ത ചിത്രം തത്വമസി എന്ന അടിക്കുറിപ്പോടെ രഹ്ന പങ്കുവച്ചിരുന്നു. കറുപ്പുടുത്ത് മാലയിട്ട് സഭ്യമല്ലാത്ത രീതിയിലിരിക്കുന്ന ചിത്രമാണ് പോസ്റ്റ് ചെയ്തതെന്നാരോപിച്ച് ചിലര്‍ രഹ്നയെ വിമർശിച്ചിരുന്നു. അതിനുപിന്നാലെയാണ് അവർ പൊലീസ് സുരക്ഷയോടെ ഒരു മാധ്യമ പ്രവർത്തകയ്ക്കൊപ്പം മലകയറാനെത്തിയത്. എന്നാൽ ഇവരെ സന്നിധാനത്ത് പ്രവേശിപ്പിക്കേണ്ടെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പൊലീസിന് നിർദേശം നൽകി. ശബരിമല്ല ആക്ടിവിസം കാട്ടാനുള്ള സ്ഥലമല്ലെന്നും യുവതികൾ ഭക്തരല്ല ആക്റ്റിവിസ്റ്റുകളാണെന്നും മന്ത്രി പറഞ്ഞു.

ആക്ടിവിസ്റ്റുകളുടെ ശക്തി തെളിയിക്കാനുള്ള ഇടമല്ല ശബരിമലയെന്ന പുണ്യഭൂമി. യുവതികൾക്കു സംരക്ഷണം നൽകുന്നത് ഭരണഘടനാ ബാധ്യത നിറവേറ്റാനാണ്. പ്രതിഷേധം കൊണ്ടല്ല, ആക്ടിവിസ്റ്റുകളായതു കൊണ്ടാണ് വന്നവരെ മടക്കി അയയ്ക്കുന്നത്. സർക്കാരിനെ സംബന്ധിച്ചിടത്തോളം വിശ്വാസികളുടെ താൽപര്യം സംരക്ഷിക്കുകയാണ് പ്രധാനം. എത്തിയ യുവതികൾ ആരെന്ന് അന്വേഷിക്കാതെ കടത്തിവിട്ട പൊലീസിനെയും മന്ത്രി വിമർശിച്ചു. വന്നവർ ആരെന്ന് പൊലീസ് മനസ്സിലാക്കേണ്ടിയിരുന്നുവെന്നു മന്ത്രി കടകംപള്ളി പറഞ്ഞു.