പെൺകുട്ടികളെ അയാൾ കീഴടക്കുന്നത് സ്വന്തം വീട്ടിൽവച്ച്, ഭാര്യയുടെയും പെൺമക്കളുടെയും സാന്നിധ്യത്തിൽ

അനു മാലിക്കിനെക്കുറിച്ച് ഇപ്പോൾ പുറത്തുവരുന്ന വാർത്തകളെല്ലാം പൂർണമായും സത്യമാണ്. അദ്ദേഹത്തെക്കുറിച്ച് ഉന്നയിക്കപ്പെടുന്ന ആരോപണങ്ങളും പരാതികളും എല്ലാം സത്യം തന്നെ. സത്യം തുറന്നുപറയാൻ തയാറായി മുന്നോട്ടുവന്ന സ്ത്രീകൾക്കൊപ്പമാണു ഞാൻ. ഇനിയെങ്കിലും സമാധാനവും സന്തോഷവും കണ്ടെത്താൻ അവർക്കു കഴിയട്ടെ– മീ ടൂ പ്രസ്ഥാനത്തെ പിന്തുണച്ചും ബോളിവുഡ് സംഗീത സംവിധായകൻ അനു മലിക്കിനെതിരായ ആരോപണങ്ങളെ ശരിവച്ചും മുന്നോട്ടുവന്നിരിക്കുകയാണ് പ്രശസ്ത ഗായിക അലിഷ ചിനായ്. 

ഹരം പകർന്ന പാട്ടുകളിലൂടെ ആയിരങ്ങളെ ത്രസിപ്പിച്ച, സംഗീതാസ്വാദനത്തെ പുതിയൊരു തലത്തിലേക്ക് ഉയർത്തിയ അലീഷ ഇപ്പോഴും ഓർമയിൽ നിറഞ്ഞുനിൽക്കുന്നതു പാട്ടുകളിലൂടെ മാത്രമല്ല; 96 ൽ പുറത്തുവന്ന സ്ഫോടകശേഷിയുള്ള ലൈംഗിക പീഡന ആരോപണത്തിലൂടെയൂം കൂടെയാണ്. 22 വർഷങ്ങൾക്കുമുമ്പാണ് അലീഷ അനു മാലിക്കിനെതിരെ പീഡനപരാതി ഉന്നയിച്ചത്. വർഷങ്ങൾക്കുശേഷം ഗായികമാർ ഉൾപ്പെടെ ഒട്ടേറെപ്പേർ മീ ടൂ വിന്റെ ചിറകിൽ അതേ സംഗീത സംവിധായകനെതിരെ ഒന്നൊന്നായി പരാതികൾ ഉന്നയിക്കുന്നു. അതോടെ, നിശ്ശബ്ദതത വെടിഞ്ഞ് സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തിൽ സത്യം അനാവരണം ചെയ്യുകയാണ് അലീഷ. 

ഗായിക സോന മൊഹാപത്ര, ശ്വേത പണ്ഡിറ്റ് തുടങ്ങിയവരാണ് അനു മാലിക്കിനെതിരെ ഇപ്പോൾ ലൈംഗികാരോപണം ഉന്നയിച്ചത്. പിന്നാലെ, അനു മാലിക്കിനെ റിയാലിറ്റി ഷോയിൽ നിന്ന് ഒഴിവാക്കി. സോണി എന്റ‌ർടെയിൻമെന്റിന്റെ സംഗീത റിയാലിറ്റി ഷോ 'ഇന്ത്യൻ ഐഡൽ 10' ജ‍‍ഡ്ജിങ് പാനലിൽ നിന്ന് പിൻമാറാൻ നിർമാതാക്കൾ നിർദേശിച്ചതിനെ തുടർന്ന് അദ്ദേഹം രാജിവയ്ക്കുകയായിരുന്നു. 2004മുതൽ ഷോയുടെ ഭാഗമാണ് അനു മാലിക്. 

അലിഷ ചിനീയ് അനു മാലിക്കിനെതിരെ  ലൈംഗിക പീഡന ആരോപണം ഉന്നയിക്കുന്നത് 1996ൽ.  26 ലക്ഷം രൂപ ആവശ്യപ്പെട്ടുകൊണ്ടായിരുന്നു അന്ന് അവർ കോടതി കയറിയത്. മാനനഷ്ടത്തിന് രണ്ടു കോടി ചോദിച്ചുകൊണ്ട് അനു മാലിക് അന്നു കേസിനെ നേരിട്ടു. ഒടുവിൽ ഒത്തുതീർപ്പായി, കേസ് അവസാനിപ്പിച്ചു. റിയാലിറ്റി ഷോയിൽ വാദിയും പ്രതിയും ഒരുമിച്ചു വിധികർത്താക്കളാകുകയും ചെയ്തു. പക്ഷേ, അടുത്തിടെ ഒരു അഭിമുഖത്തിൽ താൻ നേരിട്ട അഗ്നിപരീക്ഷ അലിഷ തുറന്നുപറഞ്ഞു; പൊള്ളുന്ന വാക്കുകളിൽ. 

അന്ന് അദ്ദേഹത്തിനെതിരെ കേസ് നടത്തിയപ്പോൾ ഞാൻ ഒറ്റയ്ക്കായിരുന്നു. അന്ന് മീ ടൂ കേട്ടുകേൾവി പോലുമില്ലായിരുന്നു. അന്നത്തെ എന്റെ കേസ് ഒറ്റപ്പെട്ടതും കേട്ടുകേൾവിയില്ലാത്തതും ആയിരുന്നു. അന്നയാൾ എത്രയോ പ്രാവശ്യം എന്നോടു മാപ്പിരന്നു. ക്ഷമ ചോദിച്ചു. അവസാനം ഭാവിയെക്കരുതി മാപ്പു കൊടുക്കാനും മുന്നോട്ടു പോകാനും ഞാൻ വഴങ്ങി– അലീഷ ഓർമിക്കുന്നു. ലൈംഗിക പീഡന ആരോപണങ്ങൾ ഓരോന്നും ഒന്നിനൊന്നു വ്യത്യസ്തമാണ്. അനുഭവിക്കുന്നവർക്കേ അതിന്റെ വേദനയും ക്രൂരതയും മനസ്സിലാക്കാനാവൂ–അലീഷ പറയുന്നു. 

അനു മാലിക്കിന്റെ സ്വഭാവത്തെക്കുറിച്ച് ഒരു സംഗീത സംവിധായകൻ ഈയടുത്ത് തുറന്നടിച്ചിരുന്നു: സ്വന്തം ആൾക്കാരെപ്പോലും വെറുതെ വിടാത്ത മൃഗമാണയാൾ...അനു മാലിക്കിന് രണ്ടു പെൺകുട്ടികളാണ്. പക്ഷേ, വർഷങ്ങളായി സ്വന്തം മക്കളുടെ പ്രായമുള്ള പെൺകുട്ടികളെപ്പോലും അയാൾ വേട്ടയാടുന്നു എന്നു പറഞ്ഞത് ഗായിക ശ്വേത പണ്ഡിറ്റാണ്. പലരെയും അയാൾ വീട്ടിൽവച്ചാണ് ആക്രമിച്ചു കീഴടക്കുന്നത്. സ്വന്തം ഭാര്യയുടെയും പെൺമക്കളുടെയും സാന്നിധ്യത്തിൽ...

കലാകാരൻമാർ അദ്ദേഹത്തിനൊപ്പം ജോലി ചെയ്യാൻ തയ്യാറായതിനാൽ അയാൾ പീഡനം തുടർ‌ന്നുകൊണ്ടേയിരുന്നു. എല്ലാവർക്കും അറിയാമായിരുന്നു അനു മാലിക് ആരാണെന്ന്. എന്നിട്ടും നമ്മുടെ പ്രശസ്ത കലാകാരൻമാർ സാജിദ് നാദിയാവാല, സാജിദ് ഖാൻ, ജെ.പി.ദത്ത, ഗുൽസാർ എന്നിവരൊക്കെ അനു മാലിക്കിനൊപ്പം ജോലി ചെയ്തു. എല്ലാമറിഞ്ഞിട്ടും ആരുമെതിർത്തില്ല. പക്ഷേ ഒടുവിൽ കരുത്തുറ്റ വാക്കുകളിൽ ഇരകൾ സംസാരിച്ചു. മൂടിവച്ച സംഭവങ്ങൾ ഓരോന്നോയി പുറത്തുവന്നു.

അനു മാലിക് ആരോപണങ്ങളുടെ ശരശയ്യയിലാകുമ്പോൾ നിശ്ശബ്ദയാകാനാകുമോ അലീഷ ചീനായിക്ക്; രണ്ടു പതിറ്റാണ്ടു മുമ്പു തന്നെ ആരോപണം ഉന്നയിച്ച ധീര വനിതയ്ക്ക്. പാട്ടുകളിലൂടെ ആരാധകരെ വിസ്മയിപ്പിച്ച അതേ അലീഷ ഇതാ അഭിമാനത്തിനുവേണ്ടിയുള്ള പോരാട്ടത്തിൽ അണി ചേരുകയാണ്. വിജയിക്കുമെന്ന ഉറച്ച ആത്മവിശ്വാസത്തിൽ.