പുരുഷന്മാർ അതെല്ലാം കാണും, എന്നിട്ട് അനാദരവു കാട്ടും: ഷക്കീലയെക്കുറിച്ച് റിച്ച

റിച്ച, ഷക്കീല

അഡൽറ്റ് സിനിമകളിൽ അഭിനയിച്ച ഷക്കീലയെ പോൺതാരമെന്ന് വിളിക്കുന്നതിലെ അമർഷം രേഖപ്പെടുത്തിക്കൊണ്ടാണ് അഭ്രപാളികളിൽ ഷക്കീലയായി വേഷമിടുന്ന റിച്ച ഛദ്ദ സംസാരിച്ചു തുടങ്ങിയത്. വാർത്താ ഏജൻസിയായ ഐഎഎൻഎസിന് നൽകിയ അഭിമുഖത്തിലാണ് ഷക്കീലയെ പോൺതാരമെന്ന് വിശേഷിപ്പിക്കുന്നത് പുരുഷമേധാവിത്വത്തിന്റെ ലക്ഷണമാണെന്ന് റിച്ച തുറന്നടിച്ചത്.

പുരുഷന്മാർ അഡൽറ്റ് സിനിമകളിൽ കാണുകയും അത്തരം സിനിമകളിൽ അഭിനയിച്ച സ്ത്രീകളോട് അനാദരവ് കാട്ടുകയുമാണ് ചെയ്യുന്നതെന്നും  റിച്ച അഭിപ്രായപ്പെട്ടു. അതെന്തൊരു കാപട്യമാണെന്നും അത്തരം ചിത്രങ്ങൾക്ക് മാർക്കറ്റ് ഉള്ളതുകൊണ്ടാണ് അത്തരം ചിത്രങ്ങൾ നിർമ്മിക്കപ്പെടുന്നതെന്നും പണംവാരുന്നതെന്നും റിച്ച പറയുന്നു.

ഇന്ദ്രജിത് ലങ്കേഷ് സംവിധാനം ചെയ്യുന്ന ഷക്കീല എന്ന ചിത്രത്തിൽ ഷക്കീലയുടെ ജീവിതം അവതരിപ്പിക്കുന്നത് റിച്ചയാണ്. പോൺതാരമല്ല എന്ന ടാഗ് ലൈനോടെയാണ് ഷക്കീലയെന്ന ചിത്രമെത്തുന്നതെന്നും ഷക്കീലയുടെ ജീവിതത്തിലെ ആരുംകാണാത്ത യാത്രകളെക്കുറിച്ചാണ് ചിത്രം ചർച്ച ചെയ്യുന്നതെന്നും റിച്ച വ്യക്തമാക്കി.

ഒരു നടിയെക്കുറിച്ച് അവരുടെ കരിയറിന്റെ ഉയർച്ചയുടെ സമയത്ത് ആളുകൾ എന്തുപറഞ്ഞു എന്നതിനെക്കുറിച്ച് തർക്കിക്കാനല്ല തന്റെ ശ്രമമെന്നും അവരഭിനയിച്ച ചിത്രങ്ങൾ മാത്രം കണ്ടാണ് അവരെ പോൺതാരം എന്നുവിളിച്ചതെന്നും താൻ അഭിനയിക്കുന്ന ഷക്കീല എന്ന ചിത്രം കണ്ടിട്ട് ഷക്കീല പോൺതാരം എന്ന ടാഗ് ചേർത്ത് വിളിക്കണോ വേണ്ടയോ എന്ന് ആളുകൾ തീരുമാനിക്കട്ടെയെന്നും റിച്ച പറയുന്നു.