Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

5–ാം മാസം കേൾവി നഷ്ടപ്പെട്ടു; ഓർമയിൽ മായാതെ ലോകത്തെ അതിശയിപ്പിച്ച സ്റ്റണ്ട് വുമൺ

wonder-woman-01

സാഹസികതയ്ക്കു സ്ത്രീ-പുരുഷ ഭേദമില്ലെന്നു തെളിയിച്ച വണ്ടര്‍ വുമണ്‍ ഇനി ഓര്‍മ. ധീരകൃത്യങ്ങളും വീരസാഹസികതയുമൊക്കെ പുരുഷന്‍മാര്‍ക്കു മാത്രം പറഞ്ഞിട്ടുള്ളതാണെന്നും നായകരുടെ നിഴലില്‍ ഒതുങ്ങേണ്ടവരാണു നായികമാര്‍ എന്നുമുള്ള സങ്കല്‍പത്തെ തിരുത്തി സ്വന്തമായി റെക്കോര്‍ഡുകള്‍ സ്ഥാപിച്ച്  ആരാധക വൃന്ദത്തെ നേടിയ അദ്ഭുത വനിതയ്ക്കു ലോകത്തിന്റെ യാത്രാമൊഴി. ധൈര്യമുള്ളവര്‍ക്കു  മരണം ജീവിതത്തില്‍ ഒരിക്കല്‍ മാത്രമേയുള്ളൂവെന്ന വാചകത്തെ സാധൂകരിച്ചുകൊണ്ടാണ് അമേരിക്കന്‍ സ്റ്റണ്ട് വുമണ്‍ കിറ്റി ഒ നീല്‍ യാത്രയായത്. 

1970-കളിലെ പ്രശസ്തമായ ടെലിവിഷന്‍ സീരീസ് വണ്ടര്‍ വുമണില്‍ ലിന്‍ഡ കാര്‍ടറിനുവേണ്ടി സ്റ്റണ്ട് രംഗങ്ങളില്‍ പ്രത്യക്ഷപ്പെട്ട് പ്രശസ്തയായ വനിതയാണ് കിറ്റി. കരിയറില്‍ പിന്നീടും സ്വന്തമായി റെക്കോര്‍ഡുകള്‍ സ്ഥാപിച്ചു മുന്നേറിയ കിറ്റി ന്യുമോണിയ രോഗത്തെത്തുടര്‍ന്ന് 72-ാം വയസ്സിലാണ് ധീരതയുടെ പര്യായമായ രംഗങ്ങളെ പിന്നിലാക്കി യാത്ര പറഞ്ഞത്. 

അഞ്ചുമാസം മാത്രം പ്രായമുള്ളപ്പോള്‍ കേള്‍വിശക്തി നഷ്ടപ്പെട്ട കിറ്റി ദ് ബയോണിക് വുമണില്‍ ലിന്‍ഡ്സേ വാഗ്നര്‍ക്കുവേണ്ടിയും സ്റ്റണ്ട് രംഗങ്ങളില്‍ പ്രത്യക്ഷപ്പെട്ട് കയ്യടി നേടിയിരുന്നു. സ്കോമി, ബ്ളൂ ബ്രദേഴ്സ്, ബാന്‍ഡിറ്റ് -2 എന്നിവയാണ് കിറ്റി പ്രശസ്തമാക്കിയ ചിത്രങ്ങളില്‍ ചിലത്. 

സാഹസിക രംഗങ്ങളിലൂടെ പ്രേക്ഷകരുടെ മനം കവര്‍ന്ന കിറ്റി പിന്നീട് റേസിങ്ങിലേക്കു മാറി റെക്കോര്‍ഡുകളുടെ തോഴിയായി മാറി. മോട്ടിവേറ്റര്‍ എന്ന റോക്കറ്റ് നിയന്ത്രിത വാഹനത്തില്‍ മണിക്കൂറില്‍ 512 മീറ്റര്‍ വേഗതയില്‍ സഞ്ചരിച്ചു നേടിയ കിറ്റിയുടെ റെക്കോര്‍ഡ് ഇതുവരെയും തകര്‍ക്കപ്പെട്ടിട്ടില്ല. 

kitty-01 കിറ്റിയുടെ സാഹസിക പ്രകടനങ്ങൾ

1976-ലായിരുന്നു കിറ്റിയുടെ ലോകത്തെ അതിശയിപ്പിച്ച മാസ്മരികപ്രകടനം. ജീവിതത്തില്‍ ഒരു ബാര്‍ബി ഡോളിന്റെ മാതൃകയാകാന്‍ ഭാഗ്യം സിദ്ധിച്ച സ്ത്രീ കൂടിയാണ് കിറ്റി. സ്റ്റണ്ട്സ് അണ്‍ലിമിറ്റഡ് എന്ന ഹോളിവുഡ് സ്റ്റണ്ട് ഏജന്‍സിയില്‍ അംഗത്വം ലഭിച്ച ആദ്യ വനിതകൂടിയാണ് കിറ്റി. സൈലന്റ് വിക്റ്ററി എന്ന 1979-ല്‍ പ്രേക്ഷകരെ തേടിയെത്തിയ കിറ്റിയുടെ സ്വന്തം ജീവിതകഥയിലും അവര്‍ക്ക് സ്റ്റണ്ട് രംഗങ്ങളില്‍ അഭിനയിക്കേണ്ടിവന്നു. 1978-ല്‍ ഒരു ടെലിവിഷന്‍ ഷോയുടെ ചിത്രീകരണത്തിനിടെ റോക്കറ്റ് നിയന്ത്രിത വാഹനത്തില്‍നിന്നുവീണ് കിറ്റിക്ക് അപകടം സംഭവിച്ചു.  രണ്ടുവര്‍ഷത്തിനുശേഷം അഭിനയത്തില്‍നിന്നും റേസിങ്ങില്‍നിന്നും വിരമിച്ച അവര്‍ പിന്നീടുള്ള ജീവിതം കഴിച്ചകൂട്ടിയത് അമേരിക്കയിലെ സൗത്ത് ഡക്കോട്ടയില്‍. ന്യൂമോണിയ ബാധിച്ച് വെള്ളിയാഴ്ച അന്ത്യശ്വാസം വലിച്ചതും ഡക്കോട്ടയില്‍വച്ചുതന്നെ. 

ഒന്നിനെയും തനിക്കു പേടിയില്ലെന്നു പലവട്ടം പ്രഖ്യാപിചിട്ടുള്ള കിറ്റി, ഒരു സ്റ്റണ്ട് വുമണ്‍ എന്നറിയപ്പെട്ടതില്‍ അഭിമാനമുണ്ടെന്നും പറഞ്ഞിട്ടുണ്ട്. ഓസ്കര്‍ നേടിയ ബധിരയായ നടി മാര്‍ലി മ്റ്റ്ലിന്‍ ഉള്‍പ്പെടെയുള്ളവര്‍ കിറ്റിക്ക് യാത്രാമൊഴിയേകി.