Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പരിഹാസവും അശ്ലീലവും അവസാനിപ്പിച്ച പോരാളി; വിജിയുടെ ജീവിതമിങ്ങനെ

p-viji-025 പി.വിജി

അടിമകളുടെ പോരാട്ടത്തിന്റെ കഥ കൂടിയാണ് ചരിത്രം. അവകാശങ്ങൾക്കുവേണ്ടി തൊലാളികൾ നടത്തിയ നിരവധി സമരങ്ങളുടെ, മുന്നേറ്റങ്ങളുടെ കഥകൾ. രക്തരൂക്ഷിതവും രക്തരഹിതവുമായ വിപ്ലവങ്ങൾ. കേരളചരിത്രത്തിലും തൊഴിലാളിമുന്നേറ്റത്തിന്റെ കഥകളുണ്ടെങ്കിലും മുഖ്യധാര തൊഴിലാളി പ്രസ്ഥാനങ്ങൾ പോലും ഉപേക്ഷിക്കുകയും അവഗണിക്കുകയും ചെയ്തവർക്കുവേണ്ടി ശബ്ദമുയർത്തുകയും പുതിയൊരു മുന്നേറ്റത്തിനു വിത്തു പാകി പ്രക്ഷോഭത്തിന്റെ മുൻനിരയിൽ നിൽക്കുകയും ചെയ്ത ഒരു വനിതയുണ്ട്.

സ്വയം ഒരു തൊഴിലാളിയായ സ്ത്രീ. കോഴിക്കോട്ടു നിന്നുള്ള പി.വിജി. ലോകത്തെ പ്രചോദിപ്പിക്കുകയും സ്വാധീനിക്കുകയും ചെയ്യുന്ന 100 വനിതകളെ ഉൾപ്പെടുത്തിയുള്ള ബിബിസിയുടെ പട്ടികയിൽ ഇടംപിടിച്ച മലയാളി. ഇന്ത്യയിൽ നിന്നു പട്ടികയിൽ ഇടംപിടിച്ചതു മൂന്നു പേർ മാത്രം. അവരിലൊരാളായി ചരിത്രം രചിച്ച വിജിയുടെ ജീവികതഥ കേരളത്തിന്റെ സമകാലിക ചരിത്രത്തിലെ അപൂർവവും അതിശയകരവുമായ വിജയകഥകളിലൊന്നാണ്. 

പി. വിജി അറിയപ്പെടുന്നതു പെൺകൂട്ട് വിജി എന്നാണ്. കേരളത്തിലെ ആദ്യത്തെ വനിതാ ട്രേഡ് യൂണിയന്റെ അമരക്കാരി. ‘മൂത്രപ്പുര സമരവും’ ‘ഇരിക്കൽ സമരവും’ നടത്തി കേരളത്തിലെ ആയിരക്കണക്കിനു കടകളിൽ ജോലി ചെയ്യുന്ന അസംഘടിതരായ സ്ത്രീ തൊഴിലാളികൾക്ക് ആശ്വാസമെത്തിച്ച, സ്ത്രീ തൊഴിലാളികൾക്കും ചോദിക്കാനും പറയാനും ആളുണ്ടെന്നു മുതലാളികളെയും സമൂഹത്തെയും ബോധ്യപ്പെടുത്തിയ സ്ത്രീപ്പോരാളി. 

മുതലാളിക്കു തൊഴിലാളി അടിമയാണെങ്കിൽ പുരുഷൻമാർക്ക് സ്ത്രീകൾ അടിമകളാണെന്ന അടിസ്ഥാനപാഠത്തിൽനിന്നുമാണ് പത്താം ക്ലാസ് വരെ പഠിച്ച വിജി തന്റെ പോരാട്ടം തുടങ്ങുന്നത്. അതും കേരളം ഇന്നും നടുക്കത്തോടെ മാത്രം ഓർമിക്കുന്ന ഒരു വിപ്ലവകാരിയുടെ സംഘത്തിൽചേർന്നുകൊണ്ട്. കെ.അജിതയുടെ അന്വേഷി എന്ന കൂട്ടായ്മയിൽ കൂടിയാണ് വിജിയും വിപ്ലവം തുടങ്ങുന്നത്. വലിയ വിപ്ലവം പറയുന്നവരുടെ വീടുകളിൽപ്പോലും സ്ത്രീകൾ അടിമത്തം അനുഭവിക്കുന്നുണ്ടെന്നു വിജി മനസ്സിലാക്കി. അതോടെ സ്വന്തമായി എന്തെങ്കിലും ചെയ്യണമെന്ന തീരുമാനത്തിലെത്തി. 

1994–ലാണ് വിജി മിഠായിത്തെരുവിൽ എത്തുന്നത്; ടെയ്‍ലറിങ് ഷോപ്പുമായി.കട തുടങ്ങിയതിനുശേഷമാണ് സ്ത്രീ തൊഴിലാളികൾ നേരിടുന്ന പീഡനങ്ങൾ ഒരോന്നായി അറിഞ്ഞതും അനുഭവിച്ചതും. അക്കാലത്ത് ഒറ്റപ്പെട്ട കടകളിൽ മാത്രമായിരുന്നു സ്ത്രീതൊഴിലാളികൾ. അവരെ നിയമിക്കാൻ കാരണം മുതലാളിമാർതന്നെ പറഞ്ഞിട്ടുണ്ട്: രാവിലെ മുതൽ രാത്രി ഏഴു വരെ ജോലി ചെയ്യും. അവർക്ക് മൂത്രമൊഴിക്കാൻ പോകേണ്ട. ചായ കുടിക്കാൻ പുറത്തു പോകേണ്ട. മുഴുവൻ സമയവും ജോലി തന്നെ. ശമ്പളമാണെങ്കിൽ തുച്ഛം. മുതലാളിമാർക്കു തോന്നുന്ന എന്തെങ്കിലും കൊടുത്താൽ മതി. 

മിഠായിത്തെരുവിലെ ആര്യഭവൻ ഹോട്ടലിലാണ് അന്നു സ്ത്രീ തൊഴിലാളികൾ മൂത്രമൊഴിക്കാൻ പോയിരുന്നത്. അതു പ്രശ്നമായതോടെ മറ്റു ഹോട്ടലുകളിൽ ചായ കുടിക്കാൻ പോയി പ്രഥമിക കൃത്യങ്ങൾ നിർവഹിക്കാൻ‌ തുടങ്ങി. ആർത്തവ സമയത്തും മറ്റും വലിയ ബുദ്ധിമുട്ടും വേദനയും സഹിച്ചാണ് സ്ത്രീ തൊഴിലാളികൾ ജോലി ചെയ്തിരുന്നത്. പ്രശ്നത്തെക്കുറിച്ചു പരാതിപ്പെടുമ്പോൾ പരിഹസിക്കുകയും അശ്ലീലം കലർന്ന ഭാഷയിൽ അപമാനിക്കുകയുമാണ് മുതലാളിമാർ ചെയ്തത്. വിജി പ്രശ്നത്തിൽ ഇടപെട്ടു. തൊഴിലാളി യൂണിയനിൽ പ്രശ്നം അവതരിപ്പിച്ചപ്പോൾ യൂണിയനിൽ മെംബർഷിപ് എടുക്കാനായിരുന്നു നിർദേശം. 

അന്നാണ് സ്വന്തമായി വനിതകൾക്ക് തൊഴിലാളി സംഘനട വേണമെന്ന് വിജിക്കു ബോധ്യമാകുന്നത്. അങ്ങനെ 2009–ൽ പെൺകൂട്ട് എന്ന സംഘടന സ്ഥാപിതമാകുന്നു. ആദ്യം വിഷയം പഠിച്ച് കൃത്യമായി കണക്കുകളെടുത്തു. മിഠായിത്തെരുവിൽ എത്ര കെട്ടിങ്ങളുണ്ട്. എവിടെയൊക്കെ മൂത്രപ്പൂരകളുണ്ട്. സ്ത്രീ തൊഴിലാളികളുടെ എണ്ണം എന്നിവ. കോർപറേഷനു പ്രശ്നത്തിൽ ഇടപെടാതിരിക്കാൻ വയ്യെന്നായി. ഇ ടോയ്‍ലെറ്റ് സ്ഥാപിച്ച് അവർ തടിതപ്പി. മിഠായിത്തെരുവിൽ മിക്ക കെട്ടിടങ്ങളും പഴയതാണ്. അവിടങ്ങളിൽ മൂത്രപ്പുരകൾ പണിയുന്നത് പ്രയോഗികമല്ലാതായി. പക്ഷേ പുതുതായി നിർമിക്കുന്ന കെട്ടിടങ്ങളിൽ മൂത്രപ്പുരകൾ നിർബന്ധിതമാക്കിയതോടെ വിജിയുടെ ആദ്യസമരം വിജയത്തിലെത്തി. ശുചിമുറി ഇല്ലാത്ത കെട്ടിടങ്ങളിൽ ജോലി ചെയ്യുന്നവർക്ക് എത്ര ദൂരെപ്പോയി ആയാലും ശുചിമുറിയിൽ പോകാനുള്ള അനുവാദവും കിട്ടി. പരിഹാസവും അശ്ലീലവും അവസാനിച്ചു. 

തൊഴിലാളികളുടെ പ്രശ്നങ്ങൾ ലേബർ ഡിപാർട്ട്മെന്റിനെ അറിയിച്ച് പരിഹാരം തേടാൻ ട്രേ‍ഡ് യൂണിയൻ വേണം എന്നു ബോധ്യമായതോടെ ആദ്യത്തെ സ്ത്രീപക്ഷ ട്രേഡ് യൂണിയൻ സ്ഥാപിക്കാനുള്ള ഒരുക്കങ്ങൾ‌ തുടങ്ങി. അംഗീകാരം കിട്ടാൻ ഏറെ ബുദ്ധിമുട്ടി. പല ഭാഗത്തുനിന്നും എതിർപ്പുകളുണ്ടായി. പക്ഷേ തൊഴിലാളികളെ കൂട്ടി വിജി മുന്നോട്ടുതന്നെ നടന്നു. 2016 അവസാനം സംഘടനയ്ക്ക് അംഗീകാരം കിട്ടി. ഇപ്പോൾ പുരുഷ തൊഴിലാളികളും സംഘനടയിൽ അംഗങ്ങളാണ്. 

2013– ൽ കോഴിക്കോട്ടെ ഒരു കടയിലെ മുന്നറിയിപ്പ് ഇല്ലാതെ തൊഴിലാളികളെ പിരിച്ചുവിട്ട വിഷയത്തിലും വിജി ഇടപെട്ടു. സമരത്തെത്തുടർന്ന് തൊഴിലാളികൾക്ക് മാന്യമായ നഷ്ടപരിഹാരം കൊടുക്കാൻ തീരുമാനമായി. പെൺകൂട്ടിന്റെ നേതൃത്വത്തിൽ തൊഴിലാളികൾ കുടുംബസമേതം സമരം നടത്തിയതോടെയാണ് പ്രശ്നം വിജയകരമായി പര്യവസാനിച്ചത്. ഈ ചർച്ചയ്ക്ക് ഒരു സ്ഥാപനത്തിലെത്തിയപ്പോഴാണ് സ്ത്രീ തൊഴിലാളികൾക്ക് ഇരിക്കാൻ അനുവാദമില്ലെന്ന വിഷയം വിജി ശ്രദ്ധിക്കുന്നത്. ക്യാമറ നിരീക്ഷണമുണ്ട് കടകളിൽ. ആരെങ്കിലും ഒന്നിരുന്നുപോയാൽ അപ്പോൾതന്നെ പുരുഷ സൂപ്പർവൈസർമാർ ഇടപെട്ട് തൊഴിലാളികൾക്കെതിരെ നടപടി എടുപ്പിക്കും. ഇതിനെതിരെ 2014 മേയിൽ മിഠായിത്തെരുവിലൂടെ കസേര തലയിൽവച്ചുകൊണ്ട് സമരം നടത്തുകയും ഇരിക്കൽ സമരം ആരംഭിക്കുകയും ചെയ്തു. യൂത്ത് കമ്മിഷനും ലേബർ കമ്മിഷനും ഇടപെട്ടു. ഇതിനുശേഷം കേരളത്തിലെ വിവിധയിടങ്ങളിലായി പല കടകളിൽ സ്ത്രീതൊഴിലാളികളുടെ പ്രശ്നങ്ങളിൽ ഇടപെടുകയും സമരം നടത്തുകയും ചെയ്തിട്ടുണ്ട് വിജി. 

പെമ്പിളൈ ഒരുമൈ, നിൽപുസമരം, കൂടംകുളം ആണവ വിരുദ്ധസമരം, രജനി എസ് ആനന്ദ് ആത്മഹത്യ, നോട്ട് പിൻവലിക്കൽ തുടങ്ങിയ സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങളിലും ഇടപെടുകയും സമരങ്ങളിലൂടെ സാന്നിധ്യമറിയിക്കുകയും ചെയ്തു. കോഴിക്കോട് ജില്ലയാണ് പെൺകൂട്ടിന്റെ പ്രധാന പ്രവർത്തന മേഖല. തൃശൂർ, എറണാകുളം, വയനാട് തുടങ്ങിയ ജില്ലകളിലും മുന്നേറ്റമുണ്ടാക്കാനായിട്ടുണ്ട്. കോഴിക്കോട് നഗരത്തിൽ മാത്രം ആറായിരത്തിൽക്കൂടുതൽപേർ ഇപ്പോൾ വനിതാ ട്രേഡ് യൂണിയനിലുണ്ട്. ആശുപത്രി ജോലിക്കാർ, ടെക്സ്റ്റൈൽ തൊഴിലാളികൾ, ഖരമാലിന്യമമെടുക്കുന്നുവർ, കുടുംബശ്രീ തൊഴിലാളികൾ, പെട്രോൾ പമ്പ് തൊഴിലാളികൾ, മുതലക്കുളത്തെ അലക്കുതൊഴിലാളികൾ, വീട്ടുവേലക്കാർ തുടങ്ങിയവരൊക്കെ അംഗങ്ങളാണ്. കുടുംബത്തോടൊപ്പം കോഴിക്കോട്ട് പാലാഴിയിലാണു വിജി താമസം. ഭർത്താവ് സുരേഷ്. മക്കൾ: അമൃത, അനന്തു.