Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പെണ്ണിന് ‘ഇരിപ്പിട’മിട്ട് വിജി, കടലിന്റെ ‘കൈരേഖ’ വായിച്ച് രേഖ

viji-rekha-main-image-01

രണ്ടു സ്ത്രീകളുടെ ചിത്രങ്ങളോടെയാണ് ഈ വർഷത്തെ പുരുഷദിനം അവസാനിച്ചത്. പരസ്പര പൂരകങ്ങളായിരിക്കുമ്പോൾ സ്ത്രീ എന്നാൽ പുരുഷനോടൊപ്പം നിൽക്കുന്നവൾ എന്നും അർഥമുണ്ടെന്ന് പ്രവൃത്തിയിലൂടെ കാണിച്ചു തന്ന രണ്ടു സ്ത്രീകൾ, ചാവക്കാട് സ്വദേശിനിയായ രേഖയും കോഴിക്കോടുള്ള വിജിയും. 

വിജി, അഥവാ പെൺകൂട്ട് എന്ന് കേൾക്കുമ്പോൾ ‘ആഹാ, മ്മളെ വിജി ചേച്ചിയോ..’ എന്നാണു കോഴിക്കോട്ടുകാരുടെ ചോദ്യം.അവർക്ക് വിജി അത്ര പരിചിതയാണ്. വിജിയുടെ പേര് ആദ്യം കേൾക്കുന്നത് പക്ഷേ കോഴിക്കോട്ടുകാർ മാത്രമല്ല, പ്രശസ്തമായ ഇരിക്കൽ സമരത്തിന്റെ പ്രായോഗിക വക്താവായിരുന്നു വിജി.

സ്ത്രീകളുടെ അവകാശവും ആവശ്യങ്ങളും സംരക്ഷിക്കുന്നത് ഒരിക്കലും സ്ഥാപന ഉടമയുടെ ആവശ്യങ്ങളുടെ വിദൂരപരിധിയിൽ പോലും വരാതെയാകുമ്പോഴാണ് അവിടെ അവർക്കു വേണ്ടി പൊരുതാൻ ആരെങ്കിലുമൊക്കെ ഇറങ്ങേണ്ടത്. അത്തരത്തിൽ ആദ്യം ആരംഭിച്ച സമരവും കോഴിക്കോടായിരുന്നു, വിജിയുടെ ‘പെൺകൂട്ടി’ന്റെ നേതൃത്വത്തിൽ. കോഴിക്കോട് എസ്എം സ്ട്രീറ്റിലെ തുണിക്കടകളിൽ ജോലി ചെയ്യുന്ന സ്ത്രീകളുടെ ബുദ്ധിമുട്ടുകൾ വളരെ വലുതായിരുന്നു.

സ്ഥിരമായുള്ള നിൽപ്പ്, മൂത്രപ്പുരയില്ലായ്മ എന്നിവയെല്ലാം അവരെ ബുദ്ധിമുട്ടിച്ചപ്പോഴാണ് വിജിയും കൂട്ടുകാരും അവർക്കു വേണ്ടി രംഗത്തിറങ്ങിയത്. അങ്ങനെ പിന്നീട് കേരളം ഉടനീളം കണ്ട ഇരിക്കൽ സമരത്തിന്റെ തുടക്കം കോഴിക്കോട്ടു തുടങ്ങി. അതിൽ വിജിയുടെ നേതൃത്വത്തിലുള്ള ‘പെൺകൂട്ട്’ വിജയിക്കുകയും ചെയ്തു. അതേ വിജിയെത്തേടിയാണ്, ഇപ്പോൾ ബിബിസിയുടെ ആദരം എത്തിയിരിക്കുന്നത്.

ലോകത്തെ സ്വാധീനിച്ച നൂറു വനിതകളുടെ പട്ടികയിൽ സ്ഥാനം നേടുകയെന്നത് ഒട്ടും നിസ്സാരമല്ല. നൂറു പേരെ തിരഞ്ഞെടുക്കുമ്പോൾ അതിൽ കേരളത്തിൽ നിന്നൊരു അടയാളപ്പെടുത്തൽ അഭിമാനത്തിനു വക നൽകുന്നതുമാണ്. ബിബിസിയുടെ പട്ടികയിൽ എഴുപത്തി മൂന്നാം സ്ഥാനമാണ് വിജിക്ക്. 

ഉപവാസ സമരങ്ങൾ പോലും നയിച്ചാണ് വിജി തന്റെ ആദ്യ സമരം വിജയത്തിലെത്തിച്ചത്. പക്ഷേ ആ സമരത്തിന്റെ വിജയത്തോടെ വിജിയും പെൺകൂട്ടും പിൻവാങ്ങിയില്ല, തുടർന്നിങ്ങോട്ട് സ്ത്രീയുടെ അവകാശത്തിനു വേണ്ടി നടത്തിയ പലവിധ പ്രവർത്തനങ്ങൾ അവരെ സ്ത്രീകളുടെ സ്വന്തം വിജിച്ചേച്ചിയാക്കി. തൊഴിൽ ചൂഷണത്തിനെതിരെയുള്ള വിജിയുടെ സമരമാണ് ഏറ്റവും പ്രശസ്തവും ബിബിസിയുടെ ലിസ്റ്റിൽ വിജിക്ക് ഇടം കിട്ടാൻ കാരണവും. ഈ സമരം കൊണ്ടുതന്നെയാണ് തൊഴിലിടങ്ങളിലെ സ്ത്രീകളുടെ അവകാശങ്ങൾ നിയമപരമായി സംരക്ഷിക്കപ്പെട്ടതെന്നും ഇതിനൊപ്പം ചേർത്തെഴുതണം.

മമ്മൂട്ടിയുടെ ‘അമരം’ എന്ന സിനിമയിലെ ഇപ്പോഴും ഓർക്കുന്ന ഒരു ദൃശ്യമുണ്ട്. ഓളപ്പരപ്പിലൂടെ ഒഴുകിപ്പോകുന്ന ഒരു തോണി, അതിൽ തനിച്ചിരിക്കുന്ന അരയന്റെ കൈയിൽ ഒരു കുഞ്ഞു പെൺകുട്ടി, വലുതായപ്പോൾ അവൾ കടപ്പുറത്തെ പഠിപ്പിസ്റ്റായി. പക്ഷേ, ‘അമരം’ കടന്ന്, കാലം കുറച്ചുകൂടി മുന്നോട്ടു വന്നപ്പോൾ സത്യൻ അന്തിക്കാടിന്റെ ‘പുതിയ തീരങ്ങൾ’ എന്ന ചിത്രത്തിൽ താമര എന്ന പെൺകുട്ടി ആണുങ്ങൾ മാത്രം വാഴുന്ന കടലിലെ മീൻകാരുടെ ഇടയിലെ പെൺ താരമായി. എല്ലായ്പ്പോഴും പരുക്കൻ ഭാവത്തിൽ കിടക്കുന്ന കടലും ആഴക്കടലിലേക്കുള്ള യാത്രയും മത്സ്യബന്ധനവും സാഹസികമായതുകൊണ്ടുതന്നെ അത് ആണിന്റേതാണെന്നു മാത്രം പറഞ്ഞു പഠിപ്പിച്ചവർക്കു മുന്നിലേക്കാണ് അന്നു താമര വന്നതെങ്കിൽ ഇന്നു ചാവക്കാട് സ്വദേശിനി രേഖ ജീവിതത്തിൽ താമരയാകുന്നു. കേന്ദ്ര സമുദ്ര ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ടിന്റെ കണക്കനുസരിച്ച്, കടലിൽ പോകുന്ന ഏക ഫിഷർ വുമൺ ആണ് രേഖ.

ഇന്നലെ സമൂഹമാധ്യമങ്ങൾ ആഘോഷിച്ചത് കൊച്ചു ബോട്ടിൽ, ചെളി പിടിച്ചു നിറം മങ്ങിയ ചുരിദാറിട്ട, പക്ഷേ തീവ്രമായ ഏതോ ലക്ഷ്യത്തിലേക്കെന്ന പോലെ നോക്കുന്ന രേഖയുടെ ചിത്രമായിരുന്നു. ‘പെണ്ണ് കടലീ പോകരുത്’, അതെ, പെണ്ണിനു കടലിൽ പോകാനുള്ള അവകാശമില്ല, അവൾ കരയിലിരുന്ന് കടലിൽ പോയ പ്രിയപ്പെട്ടവനു വേണ്ടി പ്രാർഥനയോടെ പതിവ്രതയായി കാത്തിരിക്കുക മാത്രമേ പാടുള്ളൂ, ഈ വിശ്വാസത്തെയാണ് ഭർത്താവിനൊപ്പം കടലിൽ പോയി രേഖ തകർത്തെറിഞ്ഞത്. വല വൃത്തിയാക്കിയും മീൻ എടുത്തു വച്ചും പിന്നീട് മീൻ പിടിക്കാൻ വലയെറിഞ്ഞും വള്ളമിറക്കിയും രേഖ കാര്യങ്ങളോരോന്നായി പഠിച്ചെടുത്തു. പിന്നെ ധൈര്യമായി ലൈസൻസിനും അപേക്ഷിച്ചു. അങ്ങനെ കേന്ദ്ര സർക്കാരിന്റെ ഔദ്യോഗികമായ അടയാളപ്പെടുത്തലിൽ പോലും ഫിഷർ വുമൺ എന്ന പദമുണ്ടായി.

കടൽ എന്നുമൊരു ആഘോഷവും കൗതുകവുമാണ് സാധാരണ മനുഷ്യർക്ക്. അതേ കടലിനെ കൈവെള്ളയിലെ രേഖ പോലെ മനസ്സിലാക്കാൻ ശ്രമിക്കുകയാണ് രേഖ. അതെ, അവരെ പുരുഷ ദിനത്തിൽ തന്നെയാണ് അടയാളപ്പെടുത്തേണ്ടത്. ആണും പെണ്ണും എന്ന വേർതിരിവില്ല എന്നതു തന്നെ ഒരു അടയാളപ്പെടുത്തലാണ്, പക്ഷേ ഇതുവരെ ചെയ്യാത്ത കാര്യങ്ങൾ ചെയ്യുമ്പോൾ, ഇന്നേവരെ ലഭിച്ചിട്ടില്ലാത്ത നേട്ടങ്ങൾ ലഭിക്കുമ്പോൾ അവരെ അവരായിത്തന്നെ എഴുതി വയ്ക്കണം. രേഖയും വിജിയും അതുകൊണ്ടുതന്നെയാണ് സമൂഹമാധ്യമങ്ങളിൽ ആഘോഷിക്കപ്പെടുന്നതും. ഒരുപാടു പേർക്കു വഴികാട്ടുകയാണ് അവർ; നേർവഴികാട്ടികൾ.