ആഡംബരമില്ല, രാജകുമാരിയുടെ യാത്ര ഓൺലൈൻ ടാക്സിയിൽ

വേഷത്തിലോ ഭാവത്തിലോ പെരുമാറ്റത്തിലോ ആഡംബരം തീരെയില്ലായിരുന്നു. അനുചരൻമാരോ അനുയായികളോ പാപ്പരാസികളോ ഒപ്പമില്ലായിരുന്നു. രാജകുമാരിയുടെ ഒരു നാട്യവുമില്ലായിരുന്നു ആ വരവിന്. ബിയാട്രിസ് രാജകുമാരിയുടെ അപ്രതീക്ഷിത അമേരിക്കൻ സന്ദർശനമാണ് ലാളിത്യത്താലും രാജകീയ ചിഹ്നങ്ങളുടെ അഭാവത്താലും ശ്രദ്ധേയമായത്. 

അമേരിക്കയിലെ ലൊസാഞ്ചലസിൽ ലാൻഡ് ചെയ്ത രാജകുമാരിയുടെ ലാളിത്യമുള്ള വസ്ത്രവും  ഏറെ ശ്രദ്ധപിടിച്ചുപറ്റി. സസ്സെക്സ് പ്രഭ്വി മേഗൻ മെർക്കൽ ധരിച്ചു പ്രശസ്തമാക്കിയ മിഡി സ്കർട്ട് മാതൃകയിലുള്ള ഒന്നായിരുന്നു അത്. തോളിൽ ഒരു ലതർബാഗുമിട്ട് വന്ന രാജകുമാരി ക്യമാറകൾക്കു നേരെ നോക്കി ഹൃദ്യമായി ചിരിച്ചുകൊണ്ട് കാറിലേക്കു കയറി. രാജകുമാരിയെ കാത്തുകിടന്നത് ഓൺലൈൻ ടാക്സി സർവീസായ ഊബറാണെന്നത് മറ്റൊരു അതിശയത്തിനു കാരണമായി. 

ബ്രിട്ടനിലെ എലിസബത്ത് രാജ്‌ഞിയുടെ രണ്ടാമത്തെ മകനായ ആൻഡ്രൂ രാജകുമാരന്റെ മൂത്തമകളായ മുപ്പതുകാരി ബിയാട്രീസ് രാജകുമാരി പുതിയൊരു പ്രണയകഥയിലെ നായിക കൂടിയാണ്. 34കാരനും ഒരു ആൺകുട്ടിയുടെ പിതാവുമായ എഡ്വേഡോ എന്ന ലക്ഷാധിപതിയായ വ്യവസായിയുമായി രാജകുമാരി ഡേറ്റിലാണെന്ന വിവരം പുറത്തുവന്നിട്ട് ഒരാഴ്ചയേ ആയിട്ടുള്ളൂ. തന്റെ കാമുകനെ വീട്ടിൽ പരിചയപ്പെടുത്തുകയും കുടുംബാഗങ്ങളുടെ സമ്മതം വാങ്ങുകയും ചെയ്തിട്ടുണ്ടെന്നാണു വാർത്തകൾ. അപ്രതീക്ഷിതമായി ഒന്നും സംഭവിച്ചില്ലെങ്കിൽ അടുത്തവർഷം ആദ്യം തന്നെ ബിയാട്രിയും എഡ്വേഡോയും വിവാഹിതരാകാനും സാധ്യതയുണ്ടെന്നു പറയപ്പെടുന്നു. 

ഇന്ത്യൻ വ്യവസായി ലക്ഷ്മി മിത്തൽ ഒരുക്കിയ വിരുന്നിൽ ഇക്കഴിഞ്ഞയാഴ്ചയാണ് കാമുകനെ ബിയാട്രിസ് ലോകത്തിനു പരിചയപ്പെടുത്തിയത്. രണ്ടുമാസമായി എഡ്വേഡോയുമായി അടുത്ത ബന്ധത്തിലാണത്രേ ബിയാട്രിസ്. ഇരുവരും ഒരുമിച്ച് അവധിക്കാലയാത്രകൾ നടത്തിയെന്നും പറയപ്പെടുന്നു. മുൻബന്ധത്തിലുണ്ടായ രണ്ടുവയസ്സുകാരൻ ആൺകുട്ടിയുടെ പിതാവാണ് എഡ്വോഡോ. പുതിയ ബന്ധം തുടങ്ങിയതിനുശേഷം ബിയാട്രിസ് ഏറെ സന്തോഷവതിയായാണ് കാണപ്പെടുന്നത്. പുതിയ ബന്ധത്തെക്കുറിച്ച് കൊട്ടാരവുമായി അടുപ്പമുള്ളവർക്കും സന്തോഷമാണത്രേ.