ഓർമ്മയായത് ഇന്ത്യയിലെ ഏറ്റവും പ്രായം ചെന്ന യൂട്യൂബ് ഷെഫ്

Photo Credit: Youtube

ലോകത്തിലെ ഏറ്റവും വലിയ വിഡിയോ ഷെയറിങ് സൈറ്റായ യൂട്യൂബിന് ഇക്കഴിഞ്ഞെ ഫെബ്രുവരിയിൽ 13 വയസ്സു തികഞ്ഞതേയുള്ളൂ. പക്ഷേ യൂട്യൂബിലെ കോടാനുകോടി വിഡിയോകൾക്കിടയിൽ പല്ലില്ലാത്ത മോണയും കാട്ടി ഒരു 107 വയസ്സുകാരിയുണ്ടായിരുന്നു– ആന്ധ്രപ്രദേശിൽ നിന്നുള്ള മാസ്റ്റനെമ. അതും ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ‘ഷെഫ്’ എന്ന വിശേഷണവുമായി. അതോടൊപ്പം ഇന്ത്യയിലെ ഏറ്റവും പ്രായം ചെന്ന ‘യൂട്യൂബർ’ എന്ന ബഹുമതിയും ഈ മുത്തശ്ശി സ്വന്തമാക്കിയിരുന്നു. ‘കൺട്രി ഫുഡ്സ്’ എന്ന ചാനൽ വഴി മാസ്റ്റനെമയുടെ വിഡിയോ കാണാൻ കാത്തിരുന്ന ആരാധകർ ഹൃദയവേദനയോടെയാണ് തങ്ങളുടെ പ്രിയപ്പെട്ട ഷെഫ് മുത്തശ്ശിയുടെ വിയോഗവാർത്ത കേട്ടറിഞ്ഞത്.

കൃഷ്ണ ജില്ലയിലെ ഗുഡിവാഡ സ്വദേശിയായ മുത്തശ്ശി തയാറാക്കുന്ന പലതരം നാടൻ ഭക്ഷണങ്ങളുടെ വിഡിയോ കാണാനായി അഞ്ചുലക്ഷത്തിലേറെപ്പേരാണ് ഇതുവരെ കൺട്രി ഫുഡ്സ് ചാനൽ സബ്സ്ക്രൈബ് ചെയ്തിരുന്നത്. എല്ലാ വിഭവങ്ങളും ഒരുക്കിവച്ചിട്ടുള്ള പാചകമൊന്നുമല്ല ഇത് എന്നതാണ് ചാനലിനെ വേറിട്ടു നിർത്തുന്നതും. ചുറ്റിലും കാണുന്ന സാധാരണ ഭക്ഷ്യവസ്തുക്കളിൽ നിന്നാണ് രുചികരമായ ഭക്ഷണം മാസ്റ്റനെമ തയാറാക്കിയിരുന്നത്. ചാനൽ ആരംഭിച്ചിട്ടും അധികനാളായിരുന്നില്ല.

കൊച്ചുമകനായ കെ.ലക്ഷ്മണാണ് യൂട്യൂബ് ചാനലിന്റെ നടത്തിപ്പ്. പക്ഷേ ആവശ്യമായ വസ്തുക്കൾ തയാറാക്കിക്കൊടുക്കാനല്ലാതെ പാചകത്തിന്റെ കാര്യത്തിൽ ആരെയും അടുപ്പിക്കില്ലായിരുന്നു ഈ മുത്തശ്ശി. ഉപ്പും മുളകും മല്ലിയുമെല്ലാം തന്റെ കൈകൊണ്ടു തന്നെ ചേർത്താലേ തൃപ്തി വരൂ. അതേസമയം യൂട്യൂബ് ചാനലിന്റെ ആശയം ലക്ഷ്മണിന്റേതാണ്. വിശന്നുപൊരിഞ്ഞ ഒരു രാത്രി കക്ഷിയും കൂട്ടുകാരും കൂടെ കുറച്ച് ഭക്ഷണം തയാറാക്കി. പരിസരത്തു നിന്നു ലഭിച്ച സംഗതികളൊക്കെ ചേർത്തായിരുന്നു പാചകം. അതിന്റെ വിഡിയോ ചുമ്മാതെടുത്ത് യൂട്യൂബിലിട്ടു. അങ്ങനെ ഏതാനും മാസം തുടർന്നു. ബാച്‌ലർമാർക്ക് എളുപ്പം തയാറാക്കാവുന്ന വിഭവങ്ങളായിരുന്നു ലക്ഷ്യം. വിഡിയോകൾ അത്യാവശ്യം ഹിറ്റായി. അതോടെയാണ് ആന്ധ്രയിലെ നാടൻ ഭക്ഷണത്തിനു വേണ്ടി ഒരു ചാനലെന്ന ആശയം വിരിയുന്നത്.

അതിനിടെ സുഹൃത്തുക്കൾ ലക്ഷ്മണിന്റെ വീട്ടിൽ ഒരു രാത്രി ഒത്തുകൂടി. അവിടെ വച്ചാണ് മുത്തശ്ശിയുടെ പാചകവൈദഗ്ധ്യം തിരിച്ചറിയുന്നത്. അതോടെ നാടൻഫുഡിന്റെ അക്ഷയഖനിയായ മുത്തശ്ശിയെയും ഒപ്പം കൂട്ടി. അങ്ങനെ എന്താണു സംഭവമെന്നറിയാതെ ഓരോ വിഭവങ്ങളായി മാസ്റ്റനെമ പാകം ചെയ്തു കൊച്ചുമകനും കൂട്ടുകാർക്കും കൊടുത്തു തുടങ്ങി. ലക്ഷ്മൺ അതെല്ലാം കൺട്രിഫുഡിൽ അപ്‌ലോഡും ചെയ്തു.  കൂട്ടിന് ശ്രീനാഥ് റെഡ്ഡി എന്ന സുഹൃത്തും. ചാനൽ ഹിറ്റായതോടെ മുത്തശ്ശിക്കു പിടികിട്ടി, താനും നെറ്റ്‌ലോകത്തെ സ്റ്റാറായെന്ന്. അതോടെ പുതുവിഭവങ്ങളുമായി വിഡിയോകളും മുത്തശ്ശിയും ഉഷാറായി. ഒടുവിൽ ഭക്ഷണപ്രിയർക്ക് പങ്കുവയ്ക്കാൻ ഒരുപാടു രുചിരഹസ്യങ്ങൾ ബാക്കിയാക്കി 107–ാം വയസ്സിൽ മുത്തശ്ശി വിടപറഞ്ഞു.