സെക്സിയസ്റ്റ് ഏഷ്യൻ വുമൺ; പ്രിയങ്കയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി ദീപിക

ബോളിവുഡ് താരം ദീപിക പദുക്കോണിന് സ്വപ്ന സാഫല്യങ്ങളുടെ വർഷമാണ് 2018 എന്നാണ് ആരാധകർ പറയുന്നത്. പ്രിയ സുഹൃത്തും ബോളിവുഡ് താരവുമായ രൺവീർ സിങ്ങുമായുള്ള വിവാഹം, ഫോബ്സ് മാസിക തയാറാക്കിയ സമ്പന്നരായ ബോളിവുഡ് അഭിനേത്രികളുടെ പട്ടികയിൽ അഞ്ചാം സ്ഥാനം ഇങ്ങനെ നേട്ടങ്ങളുടെ പട്ടിക നീണ്ടുപോകുമ്പോഴാണ് സെക്സിയസ്റ്റ് ഏഷ്യൻ വുമൺ എന്ന അംഗീകാരവും ദീപികയെ തേടിയെത്തിയത്.

യുകെ അടിസ്ഥാനമാക്കിയുള്ള ഈസ്റ്റേൺ ഐ വീക്ക്‌ലി തയാറാക്കിയ 50 സ്ത്രീകളുടെ പട്ടികയിൽ സെക്സിയസ്റ്റ് ഏഷ്യൻവുമണായി ഒന്നാം സ്ഥാനത്തെത്തിയത് ദീപികയാണ്. കഴിഞ്ഞ വർഷം പ്രിയങ്ക ചോപ്രയായിരുന്നു ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. ഇക്കുറി പ്രിയങ്കയെ രണ്ടാം സ്ഥാനത്തേക്ക് പിൻതള്ളിയാണ് ദീപിക നേട്ടം സ്വന്തമാക്കിയിരിക്കുന്നത്.

ബിടൗണിൽ തിളങ്ങി നിൽക്കുന്ന താരമായതുകൊണ്ടു മാത്രമല്ല ദീപിക തിരഞ്ഞെടുക്കപ്പെട്ടതെന്നും അവരുടെ ഹൃദയ വിശാലതയും ആരാധകരുടെ മനസ്സു കീഴടക്കിയിട്ടുണ്ടെന്നുമാണ് മാഗസിന്റെ എന്റർടെയ്ൻമെന്റ് എഡിറ്റർ പറയുന്നത്. ദീപികയുടെ വിനയവും മാനസികാരോഗ്യത്തെക്കുറിച്ച് അവർ നടത്തിയ ഫലപ്രദമായ ബോധവൽക്കരണവും അവരുടെ വിജയത്തിന് കാരണമായിട്ടുണ്ട്. അവർ ആയിരിക്കുന്ന അവസ്ഥയിൽ നിന്നുകൊണ്ടാണ് തന്റെയുള്ളിലെ പ്രകാശം അവർ മറ്റുള്ളവർക്ക് പകർന്നു നൽകുന്നത്.

ഇക്കുറി രണ്ടാം സ്ഥാനത്തായിപ്പോയെങ്കിലും തന്റെ പ്രണയത്തോടൊപ്പം ജീവിതത്തിലെ ഏറ്റവും നല്ല സമയം ആഘോഷിക്കുകയാണ് പ്രിയങ്കയെന്നും അദ്ദേഹം പറയുന്നു. പട്ടികയിൽ മൂന്നാം സ്ഥാനത്തെത്തിയ നിയ ശർമ്മ സെക്സിയസ്റ്റ് ടെലിവിഷൻ താരം എന്ന വിശേഷണത്തോടെയാണ് നേട്ടം സ്വന്തമാക്കിയത്. സേവനപ്രവർത്തനങ്ങൾക്കുവേണ്ടി പണം സമ്പാദിച്ച പാക്കിസ്ഥാനി അഭിനേത്രി മഹർ ഖാൻ സെക്സിയസറ്റ് പാക്കിസ്ഥാനി എന്ന വിശേഷണവുമായി പട്ടികയിൽ നാലാം സ്ഥാനത്തുണ്ട്.

പട്ടികയിൽ ഇടംപിടിക്കാനായതിന്റെ സന്തോഷത്തിൽ മഹിർഖാൻ കുറിച്ചതിങ്ങനെ:-

''ഒരിയ്ക്കൽക്കൂടി ഈ പട്ടികയിലിടം പിടിക്കാനായതിൽ സന്തോഷമുണ്ട്. എന്റെ ആരാധകരാണ് എന്റെ ശക്തി. ജോലിചെയ്യാനാരംഭിച്ച സമയത്തുള്ള അതേ മനസ്സോടെ കഠിനാധ്വാനം ചെയ്യാൻ സാധിക്കുന്നതാണ് സെക്സിയാകാനുള്ള മാനദണ്ഡമെന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം''. 

ശിവാങ്കി ജോഷി (5), ആലിയ ഭട്ട്(6), സോനം കപൂർ (7), ഹിനഖാൻ(8), കത്രിന കൈഫ്(9) നിഥി ടെയ്‌ലർ(10) എന്നിവരാണ് പട്ടികയിൽ ആദ്യ പത്തിലിടം പിടിച്ചവർ. പുതുമുഖമായിരുന്നിട്ടു കൂടി ലിസ്റ്റിൽ 18–ാം സ്ഥാനം ആഷി സിങ് നേടി. പട്ടികയിലിടം നേടിയ ഏറ്റവും പ്രായം കുറഞ്ഞയാൾ ശിവാങ്കി ജോഷിയാണ്. 20 വയസ്സുകാരിയായ ശിവാങ്കി 5–ാം സ്ഥാനമാണ് നേടിയത്. അനുഷ്കഷെട്ടി പട്ടികയിൽ 22–ാം സ്ഥാനം സ്വന്തമാക്കിയപ്പോൾ 30–ാം സ്ഥാനമാണ് ഐശ്വര്യ റായിക്ക് ലഭിച്ചത്.