ഭാര്യയുടെ മുൻഗണനകൾ നിശ്ചയിക്കുന്നതാര്?: പ്രിയങ്ക പറയുന്നു

വിവാഹശേഷം രണ്ടാം ദിവസം തന്നെ ജോലിക്കെത്തിയ പ്രിയങ്കയെ കണ്ട് അമ്പരന്നു നിൽക്കുകയാണ് ആരാധകർ. ചിലർക്കൊക്കെയറിയേണ്ടത് ഇങ്ങനെ ജോലിയുടെ പിന്നാലെ നടന്നാൽ എപ്പോഴാണ് ഹണിമൂൺ ആഘോഷിക്കുന്നതെന്നാണ്. സംശയം ചോദിച്ചവർക്കുള്ള മറുപടിയോടൊപ്പം നല്ലൊരുപദേശം നൽകാനും പ്രിയങ്ക മറന്നില്ല.

ജോലി ഉപേക്ഷിക്കാനുള്ള ഒരു കാരണമായി കല്യാണത്തെ കാണണ്ട എന്നു തന്നെയാണ് ബോളിവുഡ് താരം പ്രിയങ്ക ചോപ്രയുടെ പക്ഷം. അമേരിക്കൻ ഗായകൻ നിക്ക് ജൊനാസുമായുള്ള താരത്തിന്റെ വിവാഹം നടന്നത് ഡിസംബർ രണ്ടാം തീയതിയാണ്. വിവാഹം കഴിഞ്ഞ് രണ്ടു ദിവസം കഴിഞ്ഞപ്പോൾത്തന്നെ പ്രിയങ്ക ജോലിയിൽ സജീവമായി. ഹണിമൂണിനു പോകാതെ ജോലിക്കു വന്നതെന്താണ് എന്നു ചോദിച്ചവർക്ക് പ്രിയങ്ക നൽകിയ മറുപടിയിങ്ങനെ :-

''വിവാഹത്തിന് മുൻപ് തന്നെ കരാറായ ജോലികൾ ഉള്ളപ്പോൾ അതു ചെയ്തു തീർക്കാതെ ഭർത്താവിനൊപ്പം അവധിക്കാലമാഘോഷിക്കാനാവില്ലല്ലോ. ജോലികൾ തീരുന്നതനുസരിച്ച് സമയം കിട്ടുമ്പോൾ സ്വകാര്യ ജീവിതം ആഘോഷിക്കും. വിവാഹശേഷം ജീവിതത്തിലെ മുൻഗണനകളെക്കുറിച്ച് തീരുമാനിക്കേണ്ടത് നവവധുക്കളാണ്. കാരണം അതിനുള്ള ഊഴം നിങ്ങൾക്കാണ്. ജീവിതം എങ്ങനെ ആഘോഷിക്കണമെന്നു തീരുമാനിക്കേണ്ടത് നിങ്ങളാണ്''-. പ്രിയങ്ക പറയുന്നു.

''നവവധുക്കളോട് എനിക്ക് പറയാനുള്ളതിതാണ്. നിങ്ങളുടെ മുൻഗണനകൾ എന്താണെന്നാണോ തീരുമാനിക്കുന്നത് അതുശരിയാണ്. ജോലിയാണോ, ഹണിമൂൺ ആണോ, ഒന്നും ചെയ്യാതെ വെറുതെയിരിക്കുന്നതാണോ നിങ്ങൾക്കിഷ്ടം. ഇവയിലേത് നിങ്ങൾ തിരഞ്ഞെടുത്താലും അതായിരിക്കും നിങ്ങളുടെ ശരി. കാരണം ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യാനുള്ള നിങ്ങളുടെ ഊഴമാണ് വന്നുചേർന്നിരിക്കുന്നത്. ഞങ്ങളെ സംബന്ധിച്ചിടത്തോളം ‍ഞങ്ങൾ മുൻഗണന നൽകിയിരിക്കുന്നത് ജോലിക്കാണ്''. പ്രിയങ്ക പറയുന്നു.

രണ്ട് വിവാഹാഘോഷച്ചടങ്ങുകളിലൂടെയാണ് നിക്കും പ്രിയങ്കയും ഒന്നായത്. ഡിസംബർ ഒന്നിന് ക്രിസ്തീയ ആചാര പ്രകാരം ജോദ്പൂരിലെ ഉമൈദ് ഭവൻ പാലസിൽ വിവാഹിതരായ ഇവർ ഡിസംബർ 2 ന് ഹിന്ദു ആചാരപ്രകാരവും വിവാഹിതരായി. ഡിസംബർ 4 ന് അടുത്ത ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമായി ഡൽഹിയിലെ താജ്പാലസിൽ വിരുന്നു സൽക്കാരവും നടത്തിയിരുന്നു.