ഇരുണ്ട നിറത്തെ പരിഹസിച്ചവർക്ക് പെൺകുട്ടിയുടെ മറുപടി

ഞാൻ ഇപ്പോൾ കുറച്ചു വെളുത്തിട്ടില്ലേ?, ആകാംക്ഷയോടെയുള്ള ചോദ്യത്തിന് കാശുവന്നാൽ കാക്കയ്ക്കും നിറം വയ്ക്കുമെന്ന മറുപടിയാണ് കിട്ടുന്നതെങ്കിലോ? ഇരുണ്ട നിറമാണെന്ന കോംപ്ലക്സിൽ ജീവിക്കുന്നവർ ജീവിതത്തിൽ ശരിക്കും പതറിപ്പോകുന്ന നിമിഷം. എന്നാൽ ആക്ഷേപിച്ചവരുടെ മുഖത്തു നോക്കി അവരുടെ വായടിപ്പിക്കുന്ന കുറച്ചു ചോദ്യങ്ങളുമായി സമൂഹമാധ്യമങ്ങളിൽ താരമാവുകയാണ് ഒരു പെൺകുട്ടി.

സമൂഹമാധ്യമങ്ങൾ മറ്റുള്ളവരെ പരിഹസിക്കാനും വായിൽ തോന്നിയത് വിളിച്ചു പറയാനും മാത്രമുള്ള വേദിയല്ലെന്നും വളരെ പോസിറ്റീവായ കാര്യങ്ങൾക്കുവേണ്ടി അവ എങ്ങനെയൊക്കെ ഉപയോഗിക്കാമെന്നും കാണിച്ചു തരുകയാണ് അവൾ. ലിപ് സിങ്ക് വിഡിയോ ആപ് ആയ ടിക്ക് ടോക്ക് എന്ന മാധ്യമത്തിലൂടെ തമിഴ്നാട്ടുകാരിയായ പെൺകുട്ടി പങ്കുവയ്ക്കുന്നത് തന്റെ ആശങ്കകൾ മാത്രമല്ല സാമൂഹിക പ്രസക്തിയുള്ള ചില വിഷയങ്ങൾ കൂടിയാണ്.

ഇരുണ്ട നിറമുള്ള ആളുകളെ പരിഹസിക്കുന്നവർക്കു നേരെ പെൺകുട്ടി കുറിക്കു കൊള്ളുന്ന ചില ചോദ്യങ്ങൾ ചോദിക്കുകയാണ്. കറുപ്പും ഓറഞ്ചും നിറമുള്ള വസ്ത്രങ്ങൾ ഇരുണ്ട നിറക്കാർക്ക് യോജിക്കില്ല എന്ന് പറയുന്നർ, അമാവാസി എന്ന് പരിഹസിക്കുന്നവർ, നിന്റെ മുഖത്തെ പല്ലുമാത്രമേ പുറത്തു കാണൂ എന്നു പരിഹസിക്കുന്നവർ, അങ്ങനെയുള്ള ഒരുകൂട്ടമാളുകളോടാണ് പെൺകുട്ടി ചില ചോദ്യങ്ങൾ ചോദിക്കുന്നത്.

നിറത്തിന്റെ പേരിൽ പരിഹസിക്കാൻ കാത്തുനിൽക്കുന്നവർ എന്തുകൊണ്ട് സാമൂഹിക പ്രസക്തിയുള്ള പല കാര്യങ്ങളിലും മൗനം പാലിക്കുന്നു എന്നാണ് അവളുടെ ചോദ്യം. 8 വയസ്സുള്ള കുഞ്ഞിനെ മാനഭംഗം ചെയ്തു കൊന്നവൻ ഈ സമൂഹത്തിലുണ്ട് ഇരുണ്ടവരെ പരിഹസിക്കുന്ന നാവുകൊണ്ട് അവനെ നാലു ചീത്തവിളിക്കാത്തതെന്താണ്? അയ്യോ, ദാ അവിടെയൊരാൾ റോഡപകടത്തിൽപ്പെട്ട് മരിക്കാറായിക്കിടക്കുന്നു ഒരു ആംബുലൻസ് വിളിച്ച് അയാളെ ആശുപത്രിയിൽ കൊണ്ടുപോയ്ക്കൂടെ?, അപ്പോൾ കേസുംകൂട്ടവും നൂലാമാലകളുമാകുമെന്ന ഭയം. അങ്ങനെ എത്രയെത്ര പ്രശ്നങ്ങൾ ഈ സമൂഹത്തിലുണ്ട്. അതിനൊന്നുമെതിരെ ഒരു വാക്കു പറയാത്തവരാണ് നിറത്തിന്റെ പേരിൽ മറ്റുള്ളവരെ പരിഹസിക്കാൻ വാ തുറക്കുന്നത്.

ജാതിക്കും മതത്തിനും വേണ്ടി പോരാടുന്ന നാട്ടിൽ നിറത്തിന്റെ പേരുപറഞ്ഞ് മനസ്സു വേദനിപ്പിച്ച് നിറത്തിന്റെ പേരിൽ പോരാടാൻ പ്രേരിപ്പിക്കുകയാണോയെന്നും പെൺകുട്ടി ചോദിക്കുന്നു. തന്റെ ഇരുണ്ട നിറത്തെ പരിഹസിച്ചവർക്കെല്ലാം നന്ദിയുണ്ടെന്നും, ( നിറങ്ങളെ താണ്ടി മതിക്കപ്പെടേണ്ടത് ഉൻ ഗുണം) നിറങ്ങളേക്കാൾ വില കൽപ്പിക്കപ്പെടേണ്ടത് മൂല്യങ്ങൾക്കാണ് എന്ന ഉപദേശം കൂടി നൽകിയാണ് പെൺകുട്ടി പറഞ്ഞു നിർത്തുന്നത്.