ആ തീരുമാനമെടുത്തപ്പോൾ കുടുംബത്തിലാരും എന്നോടു സംസാരിക്കുമായിരുന്നില്ല; കങ്കണ

കങ്കണ

റാണി ലക്ഷ്മീ ഭായിയുടെ ജീവിത കഥ പറയുന്ന മണികർണിക എന്ന ചിത്രവുമായി പ്രേക്ഷകരെ അമ്പരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ബോളിവുഡ് താരം കങ്കണ റണാവത്. സ്ത്രീശക്തിയുടെ കരുത്തുറ്റ പ്രതീകമായ റാണി ലക്ഷ്മിഭായിയായി അഭിനയിച്ചതിനെക്കുറിച്ചുള്ള അനുഭവങ്ങൾ പങ്കുവയ്ക്കുന്നതിനിടയിലാണ് സ്ത്രീശക്തിയിൽ താൻ വിശ്വസിക്കുന്നുണ്ടെന്നും സ്ത്രീകളെ അടിച്ചമർത്തുന്നതിനുള്ള ശ്രമങ്ങൾ ആളുകൾ അവസാനിപ്പിക്കണമെന്നും കങ്കണ പറഞ്ഞത്.

'വളർച്ചയുടെ ഘട്ടത്തിൽ ഒരു കുട്ടി ഹീറോയായാണ് ഞാനെന്നെ കണ്ടത്. വളരെ സെൻസിറ്റീവ് ആയ അനുസരണയുള്ള കുട്ടിയിൽ നിന്നു സ്വതന്ത്രയാകാൻ ശ്രമിച്ചപ്പോൾ കുടുംബത്തിലുള്ള ആരും എന്നോടു മിണ്ടാൻ പോലും തയാറായില്ല. പക്ഷേ അമ്മമാത്രം രഹസ്യമായി വിളിച്ച് ഭക്ഷണം കഴിച്ചോയെന്നുമാത്രം വളരെ പതുക്കെ ചോദിക്കും. അത്രമാത്രം. വേറെ ചോദ്യവും പറച്ചിലുമൊന്നുമില്ല. ആ ദിവസങ്ങളിലാണ് സ്നേഹവും

ദൈവവുമാണ് പരമമായ സത്യമെന്നും അതു രണ്ടും സ്ത്രീയാണെന്നും ഞാൻ മനസ്സിലാക്കിയത്. അന്നുമുതലാണ് സ്ത്രീകളെ ശാക്തീകരിക്കുന്ന ശക്തിയിൽ ഞാൻ വിശ്വസിച്ചു തുടങ്ങിയത്'.-കങ്കണ പറയുന്നു.

'സ്ത്രീകൾ ശക്തരാണ്. അവരെ ശാക്തീകരിക്കേണ്ട ആവശ്യമില്ല. അവരെ അടിച്ചമർത്താതിരുന്നാൽ മാത്രം മതി. അവരുടെ വൈദഗ്ധ്യത്തെ, അവരുടെ ധൈര്യത്തെ തിരിച്ചറിഞ്ഞ് ബഹുമാനിക്കണം. സ്ത്രീ ശക്തിയിൽ ഉറച്ചു വിശ്വസിച്ചിരുന്ന ഒരാളായിരുന്നു റാണിലക്ഷ്മി ഭായി. സ്ത്രീകളുടെ കഴിവുകളെ പരമാവധി ഉപയോഗപ്രദമാക്കുകയും ചെയ്തിരുന്നു'.– കങ്കണ പറയുന്നു.

മണികർണിക എന്ന ചിത്രത്തിൽ സൈന്യമാണ് അവരുടെ ശക്തി. ആ സ്ത്രീകളുടെ ചുറുചുറുക്കും, യുദ്ധം ചെയ്യാനുള്ള ഉത്സാഹവും എത്രമാത്രമാണ്. അംഗിദ, മിഷ്ടി അങ്ങനെ പല അഭിനേത്രികളും ആ വലിയ സേനയുടെ ഭാഗമായിട്ടുണ്ട്. ചിത്രത്തിന്റെ പ്രമോഷൻ സമയത്ത് കഥാപാത്രങ്ങളുടെ പേരുകളും മറ്റു വിവരങ്ങളും വെളിപ്പെടുത്താമെന്നും കങ്കണ പറയുന്നു. ചിത്രത്തിന്റെ മിനുക്കു പണികൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്നും 2019 ജനുവരി 25 ന് ചിത്രം റിലീസ് ചെയ്യുമെന്നും അവർ പറയുന്നു.