വിവാഹവാർത്ത മറച്ചുവയ്ക്കാം, ഗർഭിണിയാണെന്ന് മറയ്ക്കാനാകുമോ?; അനുഷ്ക

അനുഷ്ക ശർമ്മ, വിരാട് കോഹ്‌ലി. ചിത്രത്തിന് കടപ്പാട് : ഇൻസ്റ്റഗ്രാം

പുതിയ ചിത്രത്തിന്റെ പ്രമോഷൻ പരിപാടിയുടെ തിരക്കിനിടയിലാണ് തന്നെ അസ്വസ്ഥയാക്കിക്കൊണ്ടിരിക്കുന്ന ചോദ്യത്തെക്കുറിച്ചും അതു തനിക്കുണ്ടാക്കുന്ന പ്രയാസങ്ങളെക്കുറിച്ചും ബോളിവുഡ് താരം അനുഷ്ക ശർമ മനസ്സു തുറന്നത്. താൻ ഗർഭിണിയാണെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകളെക്കുറിച്ചാണ് അനുഷ്ക സൂചിപ്പിച്ചത്.

2017 ഡിസംബറിലായിരുന്നു അനുഷ്കയും ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിയും തമ്മിലുള്ള വിവാഹം. വിവാഹം കഴിഞ്ഞതു മുതൽ താൻ ഇത്തരത്തിലുള്ള ചോദ്യങ്ങൾ കേട്ടുകൊണ്ടിരിക്കുകയാണെന്നും പ്രൊഫഷണൽ ജീവിതത്തെക്കുറിച്ച് അന്വേഷിക്കാതെ എന്തിനാണ് ഇത്തരം വ്യക്തിപരമായ കാര്യങ്ങളിൽ തലയിടുന്നതെന്നുമാണ് താരത്തിന്റെ ചോദ്യം. പ്രചരിക്കുന്നത് അടിസ്ഥാനരഹിതമായ വാർത്തകളാണെന്നും അനുഷ്ക പറയുന്നു.

ഗർഭിണിയാണന്ന തരത്തിൽ പ്രചരിക്കുന്ന വ്യാജവാർത്തയോട് അനുഷ്ക പ്രതികരിച്ചതിങ്ങനെ :- '' ചില കാരണങ്ങൾ കൊണ്ട് ചെറുപ്പത്തിൽത്തന്നെ വിവാഹിതയാകേണ്ടി വന്നയാളാണ് ഞാൻ. ഒരു കുഞ്ഞു ജനിക്കാൻ പോകുന്നു എന്ന കാര്യം ആർക്കും മറച്ചു വയ്ക്കാനൊന്നും കഴിയില്ല. നിങ്ങൾക്ക് വിവാഹവാർത്ത മറച്ചു വയ്ക്കാൻ സാധിക്കും, പക്ഷേ ഗർഭിണിയാണെന്ന സത്യം മറച്ചുവയ്ക്കാനാവില്ല.''- അനുഷ്ക പറയുന്നു.

ആരെങ്കിലുമൊക്കെ ഗർഭിണിയാണെന്ന് ചില ആളുകൾ ഊഹിച്ചു പറയും. നാലഞ്ചു മാസത്തിനുള്ളിൽ അത് സത്യമല്ലെന്നു മനസ്സിലാകും ഉടൻ തന്നെ അടുത്തിടെ വിവാഹിതയായ മറ്റേതെങ്കിലും പെൺകുട്ടിയെ തേടിപ്പോകും. എന്നിട്ട് അവളെക്കുറിച്ച് വാർത്തയുണ്ടാക്കാൻ തുടങ്ങും.– അനുഷ്ക ക്ഷോഭത്തോടെ പറയുന്നു.

അനുഷ്കയും ഷാരൂഖ് ഖാനും കത്രീന കൈഫും ഒരുമിച്ചെത്തുന്ന സീറോ എന്ന പുതിയ ചിത്രത്തിന്റെ പ്രമോഷൻ പരിപാടിക്കിടെയാണ് താരം വികാരാധീനയായി സംസാരിച്ചത്. ഡിസംബർ 21 ന് പുറത്തിറങ്ങുന്ന ചിത്രത്തിൽ വീൽചെയറിൽ ജീവിക്കുന്ന ഒരു ശാസ്ത്രഞ്ജയുടെ കഥാപാത്രമാണ് അനുഷ്ക ചെയ്യുന്നത്.