ചതിച്ചത് വർക്കൗട്ട് പൗഡർ; കിഡ്നിക്ക് തകരാറെന്ന് സുന്ദരി

2013 ലെ മിസ് ഇന്റർനാഷണൽ മൽസരത്തിലെ വിജയിയായാണ് ബിയ റോസ സാന്റിയാഗോ എന്ന സുന്ദരിയെ ലോകത്തിനു പരിചയം. എന്നാൽ ഈ ഫിലിപ്പീനോ സുന്ദരി വീണ്ടും വാർത്തകളിൽ നിറയുന്നത് സ്വന്തം അസുഖത്തിന്റെ പേരിലാണ്. കിഡ്നി മാറ്റിവയ്ക്കൽ ശസ്ത്രക്രിയയിലൂടെ മാത്രമേ ജീവൻ നിലനിർത്താനാവൂ എന്ന വാർത്ത സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത് ബിയ തന്നെയാണ്.

കഴിഞ്ഞ ആഗസ്റ്റിലാണ് തനിക്ക് രോഗം സ്ഥിരീകരിച്ച കാര്യം ബിയ പങ്കുവച്ചത്. കഴിഞ്ഞ നാലുമാസമായി ഡയാലിസ് ചികിത്സയിലൂടെ കടന്നു പോവുകയായിരുന്നുവെന്നും കിഡ്നി മാറ്റിവച്ചാൽ മാത്രമേ ഇനിയും മുന്നോട്ടു പോകാനാകൂവെന്ന് ഡോക്ടർമാർ അറിയിച്ചതായും ബിയ പറയുന്നു. 

അപകടകരമായ കിഡ്നി രോഗമാണ് ബിയയ്ക്കെന്നാണ് ഡോക്ടർമാർ പറയുന്നത്.

ശരീരത്തിലെ ഫ്ളൂയിഡുകളും മാലിന്യങ്ങളും മൂത്രത്തിലൂടെ പുറത്തുപോകാതെ ശരീരത്തിനുള്ളിൽ കെട്ടിക്കിടന്ന് കിഡ്നിയുടെ പ്രവർത്തനം മന്ദീഭവിപ്പിക്കുന്ന അവസ്ഥയിലൂടെയാണ് ബിയ ഇപ്പോൾ കടന്നു പോകുന്നതെന്നും ഡോക്ടർമാർ പറയുന്നു. രോഗത്തെക്കുറിച്ച് അറിഞ്ഞപ്പോൾത്തന്നെ ടോക്യോയിലും ജപ്പാനിലും പോയി കൂടുതൽ വിദഗ്ധരെ കാണിച്ചെന്നും അങ്ങനെയാണ് രോഗവിവരം സ്ഥിരീകരിച്ചതെന്നും ബിയ പറയുന്നു. പിന്നീട് കാനഡയിലെത്തി ബന്ധുക്കളെ കണ്ടു, അവരിലൊരാൾ കിഡ്നി ദാനം ചെയ്യാൻ തയാറായെന്നും ബിയ വെളിപ്പെടുത്തുന്നു.

രോഗം സ്ഥിരീകരിച്ച ശേഷം നൽകിയ അഭിമുഖങ്ങളിലൊക്കെയും ബിയ തന്റെ ഒരു സംശയത്തെക്കുറിച്ചും തുറന്നു പറഞ്ഞു. ജിമ്മിലെ വർക്കൗട്ടിനു മുൻപ് താൻ സ്ഥിരമായി വർക്കൗട്ട് സപ്ലിമെന്റുകൾ കഴിക്കാറുണ്ടായിരുന്നുവെന്നും ആ സപ്ലിമെന്റുകളിൽ ക്രിയാറ്റിന്റെ അളവ് വളരെക്കൂടുതലായിരുന്നുവെന്നും ചിലപ്പോൾ അതിന്റെ പാർശ്വഫലം മൂലമാകാം തന്റെ കിഡ്നി തകരാറിലായതെന്നുമാണ് ബിയയുടെ സംശയം.

രോഗവും, ആശുപത്രിയും, ചികിൽസയുമൊക്കെ ജീവിതം ബുദ്ധിമുട്ടു നിറഞ്ഞതാക്കിയെന്നും ജീവിതത്തിൽ പോസിറ്റീവായിട്ടിരിക്കാനുള്ള കാര്യങ്ങൾക്കാണ് താൻ ശ്രദ്ധനൽകുന്നതെന്നും ബിയ പറയുന്നു. താൻ ഏറെക്കാലം ജീവിക്കണമെന്നാണ് ദൈവനിശ്ചയമെന്നും അതുകൊണ്ടാണ് സ്നേഹമുള്ള ബന്ധുക്കളെയും സുഹൃത്തുക്കളെയും ദൈവം തനിക്കായി നൽകിയിരിക്കുന്നതെന്നും ബിയ പറയുന്നു. അതുകൊണ്ടൊക്കെത്തന്നെയാണ് താൻ ഒട്ടും നിർബന്ധിക്കാതെ തന്നെ കിഡ്നി ദാനം ചെയ്യാൻ അവരിൽ പലരും തയാറായതെന്നും ബിയ കൂട്ടിച്ചേർക്കുന്നു. മറ്റുള്ളവരുടെ സിമ്പതിക്കു വേണ്ടിയല്ല താൻ ഇതു പറയുന്നതെന്നും അനുഭവത്തിലൂടെ താൻ അറിഞ്ഞ കാര്യങ്ങളെപ്പറ്റി ബോധവൽക്കരണം നൽകാനാണ് തന്റെ ശ്രമമെന്നും ബിയ വ്യക്തമാക്കുന്നു.'