മച്ചാൻമാരേ, പഠിക്കണമെങ്കിൽ ദേ ദിങ്ങനെ പഠിക്ക്....

അരുണ്‍ കുമാർ

ചില വാചകങ്ങള്‍ മനസ്സിൽ വാശിയുടെ നീർച്ചാലുകളാകും. അതെത്തുന്നത് ആത്മവിശ്വാസത്തിന്റെ നദിയിലേക്കും. അങ്ങനെയൊരു വാചകമാണ് അരുണ്‍ കുമാറിനെ പാപ്പനംകോട് ശ്രീചിത്തിരതിരുനാൾ എൻജിനീയറിങ് കോളേജിലെ മെക്കാനിക്കൽ എന്‍ജിനീയറിങ് നാലാം സെമസ്റ്റർ വിദ്യാർഥിയാക്കിയത്.

എൻട്രൻസ് എഴുതി തെറ്റില്ലാത്ത റാങ്കും കിട്ടി എന്‍ജിനീയറിങിനു ചേരാൻ തയാറായി നിന്ന അരുണിനോട് ആരോ ചോദിച്ചു: ‘‘ കടലക്കച്ചവടം ചെയ്ത് ജീവിക്കുന്ന നിനക്ക് ഇൗ കോഴസ് ജയിച്ചു വരാൻ പറ്റുമെന്നു തോന്നുന്നുണ്ടോ?

ഇൗ വാചകത്തിൽ തട്ടി അരുൺ വീണില്ല. കാരണം ആറാം ക്ലാസിൽ പഠിക്കുമ്പോഴേ കടലക്കച്ചവടത്തിനായി വണ്ടിയും തള്ളി പോയിട്ടുണ്ട്. അവനേക്കാൾ വലിയ ആ വണ്ടി ബാലൻസ് തെറ്റി തെന്നുമ്പോൾ അന്നു പലരും ചോദിച്ചു : ‘‘ നിനക്ക് ഇതാവുമോ മോനേ?’’ പതിനെട്ടാം വയസ്സിൽ ആ വണ്ടിയും ഉന്തി നടന്ന് കടല വിറ്റ് വീട്ടിൽ പണം കൊടുക്കാമെങ്കിൽ എൻജിനീയറിങ് സ്വപ്നത്തിലേക്കുള്ള ദൂരം അത്രയ്ക്ക് അകലെയല്ല എന്ന് അരുൺ ഉറപ്പാക്കിയിരുന്നു. ആ ഉറപ്പാണ് സ്റ്റാച്യു ജംങ്ഷനിലെ ഇൗ പുഞ്ചിരി.

ജീവിതം കടല വറുക്കുന്ന ഇരുമ്പുചീനച്ചട്ടിയിലെ മണൽ പോലെ ചുട്ടു പഴുത്തു കിടക്കുമ്പോഴും കാലാട്ടിയിരുന്നു കടല തിന്നുന്ന അതേ ലാഘവത്തോടെ അരുൺ പറഞ്ഞു: ‘‘ എനിക്കിപ്പോഴും ഇതൊരു വലിയ കാര്യമാണെന്നു തോന്നിയിട്ടില്ല. ഞാൻ ജോലി ചെയ്തു പൈസയുണ്ടാക്കുന്നു. അതിൽ നിന്ന് കുറച്ചെടുത്തു പഠിക്കുന്നു. ഇതിൽ എന്താണ് ഇത്ര വലിയ കാര്യം .’’ അതാണ് അരുൺ കുമാറിന്റെ മനസ്സ്.

തലസ്ഥാനത്തേക്ക് ഇരുപതു വര്‍ഷം മുമ്പാണ് തിരുനെൽവേലിയിൽ നിന്ന് ശങ്കര കുമാറും കുടുംബവും തിരുവനന്തപുരത്തെത്തുന്നത്. കടലക്കച്ചവടം നടത്തിയാണ് ശങ്കരകുമാർ അന്ന് കുടുംബം പുലർത്തിയത്. പട്ടിണി കിടന്നാലും മക്കളെ പഠിപ്പിക്കണം എന്നായിരുന്നു അച്ഛന്റെ സ്വപ്നം.

‘‘ ഞാൻ ആറാം ക്ലാസിലായപ്പോൾ അച്ഛൻ കടലക്കച്ചവടം നിർത്തി ഒാട്ടോ ഒാടിക്കാൻ തുടങ്ങി . അങ്ങനെയാണ് ഞാൻ കച്ചവടം തുടങ്ങിയാലോ എന്നാലോചിച്ചത്. ‘ നിന്നെക്കൊണ്ട് പറ്റുമെങ്കിൽ ചെയ്യ് ’ എന്നാണ് അച്ഛൻ പറഞ്ഞത്. അന്നുതൊട്ട് ഇന്നു വരെ ഇൗ ഉന്തുവണ്ടി എന്റെ ചങ്ങാതിയാണ്. എല്ലാ ദിവസവും വൈകിട്ട് ആറര മുതൽ ഒമ്പതരവരെ കച്ചവടം നടത്തും.

അതുകഴിഞ്ഞ് വീട്ടിൽ വന്ന് ഒരു മണി വരെ ഇരുന്നു പഠിക്കും. പരീക്ഷയുടെ തലേ ദിവസമൊക്കെ കച്ചവടത്തിനു പോയിട്ടുണ്ട്. വെറുതേ പുസ്തകം തുറന്നു വച്ചി‍രുന്നിട്ട് കാര്യമുണ്ടോ? എനിക്കു പഠിക്കണം എന്നു തോന്നുന്ന സമയമുണ്ട്. ആ സമയത്ത് പഠിക്കും

കച്ചവടം ചെയ്തു കൊണ്ടു വരുന്ന പൈസ അമ്മയ്ക്കു കൊടുക്കും. എന്നിട്ട് ആവശ്യമുള്ളപ്പോൾ അമ്മയുടെ കൈയിൽ നിന്നു വാങ്ങും. സ്കൂളിൽ പഠിക്കുന്ന കാലത്തേ പൈസ അമ്മയെയാണ് ഏൽപ്പിക്കുന്നത്. ആ ശീലം മാറിയിട്ടില്ല.

ഇപ്പോൾ പിന്നെ ഒരുപാടു പേർ സഹായിക്കുന്നുണ്ട്. അയൽക്കാരൊക്കെ എന്നെ അനുജനെ പോലെയാണ് കണ്ടിരിക്കുന്നത്. പഠിക്കാനുള്ള ലോൺ പാസാക്കാൻ സാഹായിക്കാനും പരീക്ഷയ്ക്കു മുമ്പ് ചില വിഷയങ്ങളിൽ ട്യൂഷനെടുത്തു തരാനുമെല്ലാം അവരുണ്ട്.

മുൻ ധനമന്ത്രി തോമസ് െഎസക് സാറാണ് എന്റെ ചിത്രവും കുറിപ്പും ഫേസ്ബുക്കിലിട്ടത്. ഇപ്പോൾ എല്ലാവരും അറിയാൻ തുടങ്ങി. ആൾക്കാര്‍ വന്നു സംസാരിക്കും.

ചിലർ പറഞ്ഞു : ‘ ഞങ്ങൾ സഹായിക്കാം. പക്ഷേ, ഇൗ ജോലി നിർത്തണം ’. അവരോടൊക്കെ ഒരു പാടു നന്ദിയുണ്ട്. പക്ഷേ, ഞാൻ ഇതുപേക്ഷിക്കില്ല. പഠനം കഴിഞ്ഞ് മറ്റൊരു ജോലി കിട്ടും വരെ ഇതു തന്നെ തുടരാനാണ് ഞാന്‍ തീരുമാനിച്ചിരിക്കുന്നത്.

ആറാം ക്ലാസു മുതൽ ഇതാ ഇതുവരെ ഇൗ കച്ചവടത്തിൽ നിന്നാണ് എനിക്കു വേണ്ട സാധനങ്ങൾ വാങ്ങിയിരുന്നത്. ബൈക്ക് എന്റെ വലിയ സ്വപ്നമായിരുന്നു. ലോണെടുത്താണു വാങ്ങിയത്. എല്ലാ ദിവസവും കിട്ടുന്ന പൈസയിൽ നിന്ന് നാൽപ്പതു രൂപ മാറ്റിവയ്ക്കും. എന്നിട്ട് ഒരു മാസമാവുമ്പോൾ ലോണടയ്ക്കും. ‘‘ സ്വപ്നങ്ങളുടെ എൻജിനീയറിങ്!!! മഴയോട് ഏതു നിമിഷവും തോറ്റു പോയേക്കാവുന്ന വീട്ടിൽ നിന്നിറങ്ങുമ്പോൾ അരുൺ പറഞ്ഞു : ‘‘ ഞാൻ പഠിക്കും. ഇൗ ജോലിചെയ്ത്. ജോലിക്കും പഠനവും കൂടി നടക്കും എന്ന് കാണിക്കേണ്ടത് എന്റെ ഉത്തരവാദിത്തമാണ്.’’