നാലു ഗോപികമാരുടെ അന്തരം രൂപാന്തരം

അന്തരം എന്ന നൃത്തരൂപത്തിൽ നിന്ന്

അന്തരം എന്ന നൃത്ത പരിപാടിക്കു വേണ്ടി അവർ ഒരുമിച്ചു...യാമിനി റെഡ്ഡി, കൃതികാ സുബ്രഹ്മണ്യം, ഗോപികാ വർമ, സുഹാസിനി. ‌ഗോപികാ വർമ ആ കഥകൾ പറയുന്നു.

അഡയാറിലെ ഗോപികാവർമയുടെ നൃത്തക്ലാസിലേക്ക് ആദ്യം വന്നത് യാമിനി റെഡ്ഡിയാണ്. സാക്ഷാൽ രാജാറെഡ്ഡിയുടെ മകള്‍. നൂപുരധ്വനികൾ കേട്ടു വളർന്ന പെൺകുട്ടി. അൽപനേരത്തിനുളളിൽ സുഹാസിനി വന്നു. മണിരത്നത്തിന്റെ സിനിമാ ചർച്ചകൾ നടക്കുന്ന വീട്ടില്‍ നിന്ന് സുഹാസിനിയെന്ന വലിയ നടി ഒരു ന‍‍‍ൃത്ത ക്ലാസിലേക്കു നടന്നു കയറുന്നത് എല്ലാവരും അൽപം കൗതുകത്തോടെയാണ് നോക്കിയത്.

കൃതികാ സുബ്രഹ്മണ്യം എന്ന ചെന്നൈയിലെ പ്രശസ്തയായ ആർക്കിടെക്റ്റാണ് പിന്നെ വന്നത്. തലേദിവസം തന്റെ പുതിയ സൈറ്റിൽ നിന്ന് നിർമാണ സാമഗ്രികൾ മോഷണം പോയതിന്റെ പിറകേ കേസും പൊലീസ് സ്റ്റേഷനുമായി നടന്നതിന്റെ കഥകള്‍ പറഞ്ഞുകൊണ്ടാണ് കൃതിക വന്നത്. മോഹിനിയാട്ടം നർത്തകി ഗോപികാ വർമയും ഭരതനാട്യത്തെ സ്നേഹിക്കുന്ന കൃതികയും കുച്ചിപ്പുഡിയെ ഉപാസിക്കുന്ന യാമിനിയും സിനിമ മാത്രം സ്വപ്നം കണ്ടു നടന്ന സുഹാസിനിയും നിമിഷങ്ങൾക്കുളളിൽ അന്തരത്തിലെ കഥാപാത്രങ്ങളായി മാറി.

ഗോപികയ്ക്ക് ഇപ്പോഴും ഓര്‍മയുണ്ട്. വ്യത്യസ്തമായി എന്തെങ്കിലും അവതരിപ്പിക്കണമെന്ന മോഹത്തോടെ അവർ നാലു പേരും ആദ്യമായി ഒരുമിച്ചിരുന്നത്. ചെന്നൈയിലെ മ്യൂസിക് അക്കാദമിയിലും തിരുവനന്തപുരത്ത് നിശാഗന്ധിയിലും പ്രോഗ്രാം അവതരിപ്പിച്ചപ്പോൾ മുഴങ്ങിയ കയ്യടി. ചെന്നൈയിലെ അഡയാറിലെ തന്റെ നൃത്ത വിദ്യാലയത്തിലിരുന്ന് ഗോപികാ വർമ ആ കഥകൾ പറയുന്നു.

സ്ത്രീനൃത്തം എന്ന ആശയം ഉണ്ടാവുന്നത് ?

വളരെ വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണമെന്നത് കുറച്ചു കാലമായുളള മോഹമാണ്. അതു പോലെ സ്ത്രീകളെ കരുത്തയായി ചിത്രീകരിക്കുന്ന ഒരു ന‌ൃത്ത പരിപാടി അവതരിപ്പിക്കണ മെന്നതും. ഞാൻ വായിച്ചിട്ടുളള ജീവചരിത്ര പുസ്തക‌ങ്ങളിലെല്ലാം സ്ത്രീകൾ വളരെ കരുത്തയാണ്. പക്ഷേ, എല്ലാ കലകളിലും സ്ത്രീകളെ പൊതുവെ അബലയായും ചെറിയ പ്രശ്നങ്ങള്‍ വരുമ്പോൾ തന്നെ തളർന്നു പോവുന്നവരായുമാണ് അടയാളപ്പെടുത്തുക. ഒരിടത്തും സ്ത്രീയെ ശക്തയായി അവതരിപ്പിക്കുന്നേയില്ല. എനിക്കൊരു മോനേയുളളൂ. അവൻ ബെംഗളുരുവിൽ പഠിക്കാൻ പോയി. ആദ്യത്തെ ദിവസം രാത്രി രണ്ടുമണിവരെ ഞാൻ ഉറങ്ങിയില്ല. മോൻ വരുമോ എന്നു വിചാരിച്ചു. അടുത്ത രാത്രി ഞാൻ ആ യാഥാർഥ്യം ഉൾക്കൊണ്ടു. ഓരോ പ്രതിസന്ധിയും സ്ത്രീയെ കൂടുതൽ കൂടുതൽ കരുത്തയാക്കുന്നു. നമുക്കു മുന്നിൽ അങ്ങനെ എത്രയോ സ്ത്രീകൾ ഉദാഹരണങ്ങളുണ്ട്. ഒരിക്കൽ ആറ്റുകാൽ ക്ഷേത്രത്തിൽ ഞാൻ കണ്ണകിയുടെ നൃത്തം അവതരിപ്പിച്ചു. അപ്പോൾ എന്റെ മനസ്സിൽ ഇങ്ങനെയൊരു വേറിട്ട നൃത്തം അവതരിപ്പിക്കണം എന്ന ആശയം കിടപ്പുണ്ട്. ഞാൻ കണ്ണകിയെക്കുറിച്ചു ചിന്തിച്ചു. പിന്നീട് ആലോചിച്ചപ്പോൾ എനിക്കു തോന്നി എല്ലായിടത്തുമുണ്ട് ഇങ്ങനെ കുറേ സ്ത്രീ മാതൃകകൾ. സാധാരണ ചുറ്റുപാടിൽ ജ‌നിച്ചു വളരുകയും പിന്നീട് സ്വന്തം ജീവിതം കൊണ്ട് ചരിത്രമായി മാറുകയും ചെയ്തവർ. ആണ്ടാളും വാസവിയും മനസ്സിലേക്കെത്തി. മനസ്സിലൊരു ആശയം രൂപപ്പെട്ടു.

സുഹാസിനിയും കൃതിക സുബ്രഹ്മണ്യവും യാമിനിയും ഒപ്പം ചേരുന്നതെങ്ങനെയാണ്?

സുഹാസിനിയും ഞാനും സുഹൃത്തുക്കളാണ്. ചെന്നൈ സൗഹൃദങ്ങൾക്കു വളക്കൂറുളള മണ്ണാണ്. വളരം വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണമെന്ന മോഹം സുഹാസിനിക്കുമുണ്ട്. സുഹാസിനി അതു പലപ്പോഴും പറഞ്ഞിട്ടുമുണ്ട്. ഒരു ദിവസം ഇവിടെ ഒരു പുസ്തക പ്രകാശനച്ചടങ്ങിൽ വെച്ച് ഞാൻ സുഹാസിനിയെ കണ്ടു. സുഹാസിനിയോട് ഇങ്ങനെയൊരു ആശയത്തെക്കുറിച്ച് പറഞ്ഞു. കേട്ടതും സുഹാസിനി ത്രില്ലടിച്ചു. യാമിനി, രാജാറെഡ്ഡി സാറിന്റെ മകളാണ്. തിരക്കേറിയ നർത്തകിയാണ് അവരും. കൃതികാ സുബ്രഹ്മണ്യം അറിയപ്പെടുന്ന ആർക്കിടെക്റ്റാണ്. പക്ഷേ, അവരുടെ ഉളളിലും കലയോടുളള അടങ്ങാത്ത അ‌ഭിനിവേശമുണ്ടായിരുന്നു,

സുഹാസിനിയെ ഇതുപോലൊരു നൃത്തപരിപാടിയിൽ..... എല്ലാവരും ഞെട്ടിയോ ?

നൃത്തം ചെയ്യണെമെന്നു പറഞ്ഞപ്പോൾ സത്യത്തിൽ സുഹാസിനി പോലും ഞെട്ടി. അന്തരം സംവിധാനം ചെയ്യാന്‍ ആവശ്യപ്പെട്ടു എന്ന് കരുതിയാണ് സുഹാസിനി ഒന്നുമാലോചിക്കാതെ സമ്മതിച്ചത്. സുഹാസിനി ആ സമയത്ത് ഒരു യാത്ര പോവുകയാ‌യിരുന്നു. തിരിച്ചു വരുമ്പോഴാണ് അറിയുന്നത് നൃത്തം ചെയ്യാനല്ല പെര്‍ഫോം ചെയ്യാനാണ് വിളിക്കുന്നതെന്ന്. സുഹാസിനി പറഞ്ഞു, സിനിമയിൽ അഭിനയിക്കുമ്പോൾ തെറ്റിയാൽ കട്ട് പറയാം. പക്ഷേ, ഇതു ലൈവ് പെർഫോമ‌ൻസല്ല ? ഗോപികയൊക്കെ സ്റ്റേജിൽ പിറന്നു വീണയാളാണ്. എനിക്കിതു പറ്റുമോ? പക്ഷേ, ഞങ്ങളുടെ ഗ്രൂപ്പിൽ ഏറ്റവും കഠിനാധ്വാനി സുഹാസിനിയാണ്.

നാലു സ്ത്രീകൾ ഒത്തുകൂടുമ്പോഴുളള രസങ്ങൾ ?

ഗോപികാ വർമ

വളരെ വ്യത്യസ്തമായ പശ്ചാത്തലത്തിൽ ജീവിക്കുന്ന നാലു സ്ത്രീകളായിരുന്നു ഞങ്ങൾ. ഞങ്ങളെ കൂട്ടിച്ചേർത്ത കണ്ണിയായി മാറി അന്തരം. ഒത്തു ചേരുമ്പോൾ ഓരോരുത്തർക്കും പറയാൻ വളരെ വ്യത്യസ്തമായ അനുഭവങ്ങളാണുളളത്. തിരുവിതാംകൂർ പാലസിലേക്ക് കടന്നു വന്ന നാളുകളിലെ അനുഭവങ്ങൾ ഞാൻ ഒരു ദിവസം പറഞ്ഞു. പാലസിൽ എന്നും രാവിലെ ഇഡ്ഡലിയാണ്. വീട്ടിൽ പോവുമ്പോൾ ഞാൻ ആർത്തിയോടെ പുട്ടും മറ്റും കഴിക്കും. അമ്മ ഒരു ദിവസം തമാശയായി ഇതു ചോദിച്ചു. അപ്പോൾ മഹാറാണി പറഞ്ഞു, ഒരു ദിവസം ഇഡ്ഡലിയും ചമ്മന്തിയുമാണെങ്കിൽ അടുത്ത ദിവസം ചമ്മന്തിയും ഇഡ്ഡലിയുമാണല്ലോ എന്ന്. ഒരു കൊട്ടാരത്തിലെ രീതികൾ അവർക്കെല്ലാം അത്ഭുതമായിരുന്നു. സുഹാസിനി നമ്മൾ കണ്ട പല സിനിമകളുടെയും പിന്നിലെ രസകരമായ മുഹൂർത്തങ്ങൾ പറയും. കൃതിക ഒരു കെട്ടിടമുണ്ടാവുന്നതിനു പിന്നിലെ നൂറ് നൂറ് വെല്ലുവിളികളെക്കുറിച്ചു പറയും. യാമിനി ഒരു ഇതിഹാസ തുല്യനായ മനുഷ്യന്റെ മകളാണ്. ഞങ്ങൾ നാലുപേർ ഒത്തു ചേർന്നാൽ സംസാരിക്കാൻ വിഷയങ്ങളിങ്ങനെ വന്നു കൊണ്ടേയിരിക്കും.

നാലു പ്രതിഭാശാലികൾ ഒരു മിച്ചൊരു വേദി പങ്കിടുമ്പോൾ ഈഗോക്ലാഷിന് സാധ്യതയില്ലേ?

ഞങ്ങൾ നാലു പേരും അവരവരുടെ മേഖലകളിൽ വിജയിച്ച സ്ത്രീകളാണ‌്. എല്ലാവർക്കും അതിനെക്കുറിച്ച് നല്ല ധാരണയുണ്ട്. അതിന്റെ ആത്മവിശ്വാസവുമുണ്ട്. അതുകൊണ്ടു തന്നെ ഈഗോക്ലാഷ് തീരെയുണ്ടായിരുന്നില്ല. ഞങ്ങള്‍ക്കിടയിൽ. തീർ ച്ചയായും ഇത്ര വലിയൊരു പ്രോഗ്രാം ചെയ്യുമ്പോൾ പ്രമുഖർക്കൊപ്പം അവതരിപ്പിക്കുമ്പോൾ വിട്ടുവീഴ്ച ചെയ്യേണ്ടിവരും ഓരോരുത്തരും. അപ്പോഴേ ഒരു കൂട്ടായ്മയുടെ സുഖമുണ്ടാവൂ. ഒരാൾ പറയുന്ന നിർദേശം എടുക്കാം, എടുക്കാതിരിക്കാം. അതിനെ നവീകരിക്കാം. എല്ലാവരും അതിനു തയാറായിരുന്നു. ഓരോരുത്തരുടെയും ‌തിരക്ക് മറ്റുളളവര്‍ മനസ്സിലാക്കണം. സുഹാസിനിയുടെ തിരക്കുകൾ കാരണം ഞങ്ങൾ പല പ്രോഗ്രാമും വേണ്ടെന്നു വെച്ചു. അപ്പോൾ പലരും ചോദിച്ചു, ഒരാളില്ലാതെ ചെയ്യാൻ കഴിയില്ലേ ? ഒരാളില്ലാതെ ചെയ്താൽ അന്തരമാവില്ല. വേറൊരു ന‍ൃത്തപരിപാടി അവതരിപ്പിക്കാം.

അന്തരം എന്ന പേര് എങ്ങനെ വന്നു ?

രാ‌ജാറെഡ്ഡി സാറാണ് ഈ മനോഹരമായ പേര് നിർദേശിച്ചത്. ശരിക്കും ഇതിന്റെ പേര് അന്തരം രൂപാന്തരം എന്നാണ്. ആലോചിച്ചപ്പോൾ ഞങ്ങൾ പറയുന്ന കഥകൾക്ക് ഇതിലും യോജിച്ച പേരില്ല. നമ്മൾ പുറമേ കാണുന്നതല്ല നമ്മുടെ മനസ്. അന്തരം എന്നാൽ നമ്മുടെ മനസ്സിലുളളത്. എല്ലാ സ്ത്രീകളുടെയും ഉളളിൽ മറ്റൊരു സ്ത്രീയുണ്ട്. പുറമേ കാണിക്കുന്നത് രൂപാന്തരം .അതു ബാക്കിയുളളവരെ കാണിക്കാൻ വേണ്ടി തിരഞ്ഞെടുക്കുന്ന വഴിയാണ്. വെറുമൊരു സാധാരണ പെൺകുട്ടിയായി കണ്ണകി രൂപം മാറിയാലോ ? നമ്മുടെ ഉളളിലുളള ശക്തി കൊണ്ട് നമുക്കു വേറൊരാളാവാം.

ഇങ്ങനെയൊരു പരീക്ഷണം ടെൻഷനാണല്ലേ?

ചെന്നൈ സംഗീത നാടക അക്കാദമിയില്‍ ഞങ്ങളുടെ ആദ്യത്തെ പ്രോഗ്രാം അവതരിപ്പിക്കുന്നു. പ്രോഗ്രാം തുടങ്ങും മുമ്പ് ഞങ്ങൾ ക്കെല്ലാം നല്ല ടെൻഷനുണ്ട്. നന്നായില്ലെങ്കിൽ ഒരു പക്ഷേ, ഇതു നമ്മുടെ അവസാനത്തെ പ്രോഗ്രാമാവാം പ്രോഗ്രാം അവസാനിച്ചതും നിർത്താത്ത കയ്യടികൾ മുഴങ്ങി. ആളുകൾ അഭിനന്ദിക്കാൻ തിക്കിത്തിരക്കുന്നു. അന്നു രാത്രി സുഹാസിനി പറഞ്ഞു, ഒരു നർത്തകി ചിലപ്പോൾ വലിയ പ്രതിഫലം കിട്ടിയില്ലെങ്കിൽ പോലും നൃത്തം ചെയ്യാൻ തയാറാവുന്നത് എന്തു കൊണ്ടാണെന്ന് ഞാൻ ഒരു പാട് ആലോചിച്ചിട്ടുണ്ട്. നൃത്തം അവസാനിക്കുമ്പോൾ കിട്ടുന്ന ആ കയ്യടിയുടെ സുഖം കൊണ്ടാണതെന്ന് ഇപ്പോൾ എനിക്കു മനസ്സിലാവുന്നുണ്ട്. ഒരു നടനോ നടിയോ ഒരിക്കലും ഉടനേ അറിയുന്നില്ല അവരുടെ അഭിനയത്തിന്റെ റിസൽറ്റ്. പക്ഷേ, ഒരു നർത്തകിക്ക് നൃത്തം അവസാനിക്കുന്നതും കിട്ടുന്നു അഭിനന്ദനം. അതിന്റെ സുഖം വളരെ വലുതാണ്. പ്രായം ചെന്നാലും പല നർത്തകികളും റിട്ടയര്‍ ചെയ്യാത്തതെന്തു കൊണ്ടാണെന്നും ഇപ്പോൾ എനിക്കു മനസ്സിലാവുന്നു. അതേ അഭിപ്രായമായിരുന്നു കൃതികയ്ക്കും. അന്തരത്തിന്റെ ഒരു പ്രോഗ്രാം കഴിയുമ്പോൾ എല്ലാവർക്കും വിഷമമാണ്, ഇനി അടുത്ത പ്രോഗ്രാമിന് ഒരു മാസത്തോളം കാത്തിരിക്കണമല്ലോ എന്ന്. അന്തരത്തിന്റെ ഒരു നല്ല ഷോ കഴിഞ്ഞാൽ പിന്നെ ആ ദിവസം ഞങ്ങൾക്കുറക്കമില്ല. ആരുടെയെങ്കിലും മുറിയിൽ ഒത്തു ചേരും ഞങ്ങളെല്ലാവരും. മണിക്കൂറുകളോളം വർത്തമാനം പറഞ്ഞിരിക്കും.

സുഹാസിനിയെന്ന സുഹൃത്തിനെക്കുറിച്ച് ?

ഞാൻ പരിചയപ്പെട്ട ഏറ്റവും നല്ല വ്യക്തികളിലൊരാളാണ് സുഹാസിനി. നമുക്ക് ഒരു പാട് കാര്യങ്ങൾ പഠിക്കാനുണ്ട് സുഹാസിനിയിൽ നിന്ന്. വളരെ സ്ട്രെയിൻ ചെയ്താണ് സുഹാസിനി അന്തരത്തിന്റെ ഓരോ കാര്യങ്ങളും പഠിച്ചത്. ഒരു ചെറിയ വീഴ്ച പോലും പറ്റരുതെന്ന ശാഠ്യം കൊണ്ടാണത്. യാത്ര ഉണ്ടെങ്കിൽ ഏറ്റവും ആദ്യം പായ്ക്ക് ചെയ്ത് റെഡിയായിരിക്കുന്നതും സുഹാസിനിയാവും. ഒരു താരമാണെന്നതിന്റെ യാതൊരു അഹങ്കാരവുമില്ല. ആര് എവിടെെവച്ചു ഫോട്ടോ എടുക്കണമെന്നു പറഞ്ഞു വന്നാലും ഒരു മടിയും പറയാതെ സുഹാസിനി ഫോട്ടോയ്ക്കു പോസ് ചെയ്യുന്നതു കാണാം. സുഹാസിനിയിൽ സംവിധായികയുടെയും ഛായാഗ്രഹകയുടെയും അംശങ്ങള്‍ കൂടുതലുണ്ട്. ഞങ്ങൾ ഫോട്ടോയ്ക്കു പോസ് ചെയ്യുമ്പോഴെല്ലാം സംവിധാനം സുഹാസിനിയാണ്. സിനിമയെക്കുറിച്ചുളള കഥകൾ ധാരാളം പറയും. പക്ഷേ, ഒരാളെക്കുറിച്ചും അനാവശ്യമായ ഗോസിപ്പ് പോലും പറയില്ല.

മോഹിനിയാട്ടത്തിൽ നിന്നൊരു മാറ്റം വേണമെന്നു തോന്നിയതെപ്പോൾ മുതലാണ്?

സുഹാസിനി, കൃതികാ സുബ്രഹ്മണ്യം, ഗോപികാ വർമ, യാമിനി റെഡ്ഡി

രണ്ടര വയസ്സിൽ നൃത്തം ചെയ്തു തുടങ്ങിയതാണ് ഞാൻ. എനിക്കിപ്പോഴുമോർമയുണ്ട് ഇലന്തപ്പഴം എന്ന പാട്ടു കേട്ടു നൃത്തം ചെയ്തതും ജെമിനിഗണേശനിൽ നിന്നു സമ്മാനം വാങ്ങിയതുമെല്ലാം. അന്നുതൊട്ട് നൃത്തം ചെയ്തു തുടങ്ങിയതാണ്. അന്നുതൊട്ട് ഇന്നു വരെ നൃത്തം ചെയ്യുകയാണ്. കുറച്ചു കാലം മുമ്പാണ് വ്യത്യസ്തമായി എന്തെങ്കിലും ചെയ്താൽ കൂടുതൽ സന്തോഷം കിട്ടുമെങ്കിൽ ഈ പ്രായത്തിലെങ്കിലും ഞാൻ അതിനു ശ്രമിക്കേണ്ടേ ? നൃത്തത്തിൽ ഒരു പ്രായം കഴിഞ്ഞാൽ റിട്ടയര്‍മെന്റ് എടുക്കണം എന്ന അഭിപ്രായക്കാരിയാണു ഞാന്‍. എന്നു വരെ നൃത്തം ചെയ്യാമെന്നു തീരുമാനിക്കേണ്ടതു നമ്മൾ തന്നെയാണ്. നമ്മുടെ ശരീരം വഴങ്ങുന്നിടത്തോളമേ നൃത്തം ചെയ്യാവൂ. അതു കഴിഞ്ഞു ന‌ൃത്തം ചെയ്താൽ നമുക്കും ബുദ്ധിമുട്ടാണ്. അപ്പോള്‍ ഒരു പക്ഷേ, തിയറ്റർ ഉള്‍പ്പെടെയുളള കാര്യങ്ങളിൽ ഭാഗ്യപരീക്ഷണം നടത്താം. എനിക്ക് അത്തരം ചില മോഹങ്ങളുണ്ട് ഇപ്പോൾ. സിനിമ മാത്രം എന്റെ മനസ്സിലില്ല.

കേരളത്തിൽ അന്തരം അവതരിച്ചപ്പോഴുളള പ്രതികരണം എന്തായിരുന്നു ?

കേരളത്തിലും നല്ല ആസ്വാദകരുണ്ട്. ഞങ്ങൾക്ക് ഇപ്പോൾ ഏറ്റവും കൂടുതൽ ക്ഷണം വരുന്നത് കേരളത്തിൽ നിന്നാണ്. ഞങ്ങളുടെ മറ്റു തിരക്കുകൾ കാരണമാണ് അധികം പ്രോഗ്രാമുകൾ ഏറ്റെടുക്കാത്തത്. പിന്നെ കേരളത്തിലെ ഒരു വലിയ പ്രശ്നം നല്ല നിലവാരമുളള സ്റ്റേജ് ഇല്ല എന്നതാണ്. ചെന്നൈയിലെ മ്യൂസിക്ക് അക്കാദമി പോലൊരു ഹോള്‍ കേരളത്തിൽ തീർച്ചയായുമുണ്ടാവേണ്ടതാണ്. അവിടെ ഏറ്റവും പുതിയ സാങ്കേതിക സംവിധാനങ്ങളുമുണ്ടാവണം. നോർത്ത് ഇന്ത്യയിലെ പല ചെറിയ നഗരങ്ങളിലുമുണ്ട് ഇത്തരം വലിയ സ്റ്റേജുകള്‍. തിരുവനന്തപുരത്തെ പ്രോഗ്രാം കഴിഞ്ഞപ്പോൾ ഞങ്ങളിത് അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തുകയും ചെയ്തു.

ന‍ൃത്ത ക്ലാസുകള്‍ എങ്ങനെ മാനേജ് ചെയ്യുന്നു ?

ഒരു യാത്രയിലാണെങ്കിലും അവിടുത്തെ കാര്യങ്ങൾ ഭംഗിയായി നോക്കാൻ കഴിവുളള ടീച്ചർമാരുണ്ട്. ഞങ്ങളിവിടെ ‍‍ഡാൻസും യോഗയും കളരിപ്പയറ്റും പഠിപ്പിക്കുന്നുണ്ട്. നല്ല ഇൻസ്റ്റിറ്റ്യൂട്ടുകളുണ്ടെങ്കിൽ പഠിക്കാൻ ഒരുപാടുപേർക്കു താൽപര്യമുണ്ട് എന്നതാണ് ഇപ്പോഴത്തെ അവസ്ഥ. മുമ്പത്തേക്കാള്‍ നൃത്തത്തോടുളള താൽപര്യം ആളുകൾക്കു കൂടിയിട്ടുണ്ട്. ഇവിടെത്തന്നെ നൃത്തം പഠിക്കുന്നവർ ആരൊക്കെയാണെന്നോ? പത്രപ്രവർ ത്തകരുണ്ട്. ഡോക്ടര്‍മാരുണ്ട്. ഐടി മേഖലയിൽ ജോലി ചെയ്യുന്നവരുണ്ട്. ഞാൻ പറയും ഒരു പൊലീസുകാരി മാത്രമാണ് ഇവിടെ വരാത്തതെന്ന്...