ഹൗ ഓൾഡ് ആർ യൂ

ഈ വർഷം തമിഴിലെ ഏറ്റവും വലിയ ഹിറ്റായി മാറി റീമേക്ക് ചെയ്ത ഹൗ ഓൾഡ് ആർ യൂ. ഒരേ കഥ രണ്ടു ഭാഷയിൽ ചെയ്തതിന്റെ ഓർമകൾ പങ്കു വയ്ക്കുന്നു സംവിധായകനായ റോഷന്‍ ആൻഡ്രൂസ്.

രണ്ടു സിനിമകളും കഴിഞ്ഞപ്പോള്‍ എല്ലാവരും ചോദിച്ചു, മഞ്ജു വാരിയരോ ജ്യോതികയോ ആരാണു കൂടുതൽ നന്നായത്?

36 വയസ്സുളള രണ്ടു സ്ത്രീകൾ

പത്തു വർഷം മുമ്പ് നടത്തിയ രണ്ടു റീമേക്ക് യാത്രകളുടെ ഓർമകളിൽ നിന്നു തുടങ്ങാം. ഉദയഭാനുവും സരോജ്കുമാറും പച്ചാളം ഭാസിയും റോഷൻ ആൻഡ്രൂസ് എന്ന പുതുമുഖ സംവിധായകനുമെല്ലാം താരമായി മാറിയ നാളുകളിൽ ബോളിവു‍‍ഡിൽ നിന്നൊരു കോൾ റോഷനെ തേടിയെത്തി. സാക്ഷാൽ അനിൽകപൂറാണു വിളിക്കുന്നത്. ‘ഉദയനാണ് താരം റോഷൻ ആൻഡ്രൂസ് ഹിന്ദിയിലേക്കു റീമേക്ക് ചെയ്യണം’.

താൻ വര്‍ഷങ്ങളോളം മനസ്സിൽ കൊണ്ടു നടന്ന കഥ കുറേക്കൂടി വലിയ ക്യാൻവാസിൽ വീണ്ടും സിനിമയാക്കാൻ പോവുന്നതിന്റ ആഹ്ളാദമായിരുന്നു റോഷന്. മാസങ്ങൾ നീണ്ട ചർച്ചകൾ..... അതിനിടെയാണ് തമിഴ് സിനിമയും ഉദയഭാനുവിനെ സ്വന്തമാ ക്കാൻ കൊതി‌ച്ചത്. പ്രകാശ് രാജ് സിനിമ നിർമിക്കും. നായക വേഷവും അഭിനയിക്കും. റോഷൻ ആൻഡ്രൂസിനോട് അനിൽ കപൂർ തീർത്തു പറഞ്ഞു , ‘‘റോഷൻ നിങ്ങള്‍ ഹിന്ദിയില്‍ ശ്രദ്ധിക്കൂ. ഇവിടുത്തെ ബജറ്റ്, സൗകര്യങ്ങൾ... ഒന്നും തമിഴിൽ കിട്ടില്ലല്ലോ?’’ തമിഴ് സിനിമ വേണ്ടെന്നു വച്ചു റോഷൻ ആൻഡ്രൂ സ്.

പിന്നെയാണ് യഥാർഥ ട്വിസ്റ്റ്. ഷോര്‍ട്ട്കട്ട് എന്ന പേരിൽ അനിൽ കപൂർ ഉദയനാണ് താരം നിർമിച്ചു. നായകൻ അക്ഷയ് കുമാർ തന്നെ. ശ്രീനിവാസന്റെ റോളിൽ അർഷദ് വാര്‍സി. സംവി ധായകൻ മാത്രം റോഷൻ ആൻഡ്രൂസ് അല്ല. ക്രിയാത്മകമായ സ്വാതന്ത്യ്രം നഷ്ടപ്പെടുന്നുവെന്നു തോന്നിയപ്പോൾ റോഷന്‍ തന്നെ ഇറങ്ങിപ്പോന്നതാണ് പകുതി വഴിയിൽ വച്ച്. ഹിന്ദിയിലെ ഷോർട്ട് കട്ടും, തമിഴിലെ പ്രകാശ് രാജിന്റെ വെളളിത്തിരയും വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോയപ്പോൾ എല്ലാവരും പറഞ്ഞു, ഉദയൻ തന്നെയാണ്താരം.

അന്നേ റോഷന്റെ ആഗ്രഹമായിരുന്നു തന്റെ ഒരു സിനിമ കൂടു തൽ സുന്ദരമായി റീമേക്ക് ചെയ്യണമെന്നത്. ഹൗഓൾഡ് ആർ യൂ, 36 വയതിനിലെ ആയി തമിഴിൽ എത്തിയപ്പോൾ പലരും പറഞ്ഞു, ഏതാണ് കൂടുതൽ നന്നായതെന്നു പറയാനാവുന്നില്ല. കിടപിടിക്കുന്ന രണ്ടുഗ്രൻ സിനിമകള്‍....

ഹൗ ഓൾ‍ഡ് ആർ യൂ പിറന്ന കഥ

‘‘ ഒരു നരയില്‍ നിന്നാണ് ആ സുന്ദര സിനിമയുടെ ആശയം പിറന്നത്. മുടി ചീകുമ്പോൾ തലമുടിക്കിടയിൽ ആദ്യ നര തലപൊക്കിയതു കണ്ട് റോഷൻ ചിന്തിച്ചു, പ്രായത്തെ പിടിച്ചു നിര്‍ത്താൻ എല്ലാവരും ആഗ്രഹിക്കുന്നു. പ്രായം പ്രമേയമാവുന്ന ഒരു സിനിമ മലയാളത്തിലിറങ്ങിയിട്ടില്ല. റോഷൻ തിരക്കഥാ കൃത്ത് സഞ്ജയുമായി ഈ ആശയം പങ്കുവച്ചു. സഞ്ജയുടെ മനസ്സിൽ ഒരു കഥ വിടർന്നു. ആരാണ് സ്ത്രീയുടെ സ്വപ്നങ്ങൾ ക്ക് ഒരു എക്സിപയറി ഡേറ്റ് നിശ്ചയിച്ചതെന്ന ചോദ്യമുയർന്നു. നിരുപമ രാജീവ് എന്ന കഥാപാത്രം ജനിച്ചു. ജൈവ പച്ചക്കറി എന്ന സാമൂഹ്യ പ്രശ്നം ഉയർന്നു വന്നു.

നിരുപമ രാജീവായി റോഷന്റെ മനസ്സിൽ ആദ്യമെത്തിയത് വിദ്യാ ബാലന്റെ മുഖമാണ്. വിദ്യബാലന്റെ പ്രതിഫലം ഒരു കുഞ്ഞു മലയാള സിനിമയ്ക്കു താങ്ങാവുന്നതിനും അപ്പുറമായിരുന്നു. അപ്പോഴാണ് രഞ്ജിത് സംവിധാനം ചെയ്യുന്ന സിനിമയിലൂടെ മഞ്ജു വാരിയർ തിരിച്ചു വരുന്നുവെന്ന വാർത്ത വരുന്നത്. മഞ്ജുവിന് കഥയിഷ്ടമായി. തിരിച്ചു വരവിലെ തന്റെ രണ്ടാമ ത്തെ സിനിമയായി ഹൗ ഓൾഡ് ആര്‍ യൂ ചെയ്യാമെന്ന് മഞ്ജു പറഞ്ഞു. പക്ഷേ, മഞ്ജുവിന്റെ തിരിച്ചു വരവ് സിനിമയായി ഹൗ ഓൾഡ് ആർ യൂ മാറി.

ഹൗ ഓൾഡ് ആർ യൂ തമിഴിലേക്കു റീമേക്ക് ചെയ്യുകയാണെ ങ്കിൽ നായികയായി ജ്യോതിക തന്നെയാവണമെന്ന് റോഷന് ആഗ്രഹമുണ്ടായിരുന്നു. മഞ്ജുവിനെപ്പോലെ ജ്യോതികയും വിവാഹത്തിനുശേഷം അഭിനയിച്ചിട്ടില്ല. അപ്പോഴാണ് സൂര്യ ഒരു തമിഴ് സിനിമയുടെ പ്രമോഷനു വേണ്ടി കൊച്ചിയിൽ വന്നത്. റോഷൻ ഒരു അസിസ്റ്റന്റിന്റെ കയ്യിൽ ഹൗ ഓള്‍ഡ് ആര്‍ യൂവിന്റെ സിഡി കൊടുത്തു വിട്ടു സൂര്യയ്ക്ക്. നാലാം ദിവസം സൂര്യയുടെ വിളി വന്നു. ആറാം ദിവസം കാര്യങ്ങൾ തീരുമാ നമായി. നിരുപമരാജീവായി തമിഴിൽ ജ്യോതിക അഭിനയിക്കു ന്നു. സിനിമ സൂര്യ തന്നെ നിർമിക്കുന്നു. ‘പൂർണ സ്വാതന്ത്ര്യ ത്തോടെ റോഷന് സിനിമ സംവിധാനം ചെയ്യാം. ഒന്നിലും ആരും കൈകടത്താൻ വരില്ല. ഞങ്ങൾക്ക് ഒരു നല്ല സിനിമ നൽകിയാൽ മതി’. അതാണ് അവര്‍ പറഞ്ഞത്.

മഞ്ജുവും ജ്യോതികയും

ബോഡി ലാംഗ്വേജിൽ, അഭിനയരീതിയിൽ. വ്യക്തി എന്ന നിലയിൽ എല്ലാം തികച്ചും വ്യത്യസ്തരായ രണ്ടു പേർ, മഞ്ജു വാരിയരും ജ്യോതികയും .... അഭിനയിച്ച സീനുകൾ എങ്ങനെ വന്നുവെന്നറിയാനുളള ഉല്‍കണ്ഠ. ഒരു ആർട്ടിസ്റ്റിക് കൊതി. അതു മാത്രമാണ് രണ്ടു പേരിലും ഒരു പോലെ ഉണ്ടായിരുന്നത്. പിന്നെ ഒരുപാടു വര്‍ഷങ്ങൾക്കു ശേഷം വീണ്ടും മൂവിക്യാമറയുടെ മുന്നിലേക്കു വരുന്നുവെന്ന പ്രത്യേകത.’’

മഞ്ജുവിന്റെ ഒട്ടു മിക്ക സിനിമകളും റോഷൻ കണ്ടിട്ടുണ്ട്. അതേ സമയം ജ്യോതിക അഭിനയിച്ച വളരെക്കുറച്ചു സിനിമകളേ റോഷൻ കണ്ടിട്ടുളളൂ. അതിലേറ്റവും പ്രിയപ്പെട്ട സിനിമ ഖുഷിയാണ്. നായികയായി നിശ്ചയിച്ച ശേഷം ചെന്നൈയിൽ നിന്ന് കൊച്ചിയിൽ മടങ്ങിയെത്തുമ്പോൾ ജ്യോതിക അഭിനയിച്ച ഇരുപതോളം സിനിമകളുടെ ഡിവിഡിയും റോഷൻ വാങ്ങിക്കൊണ്ടു വന്നു.

‘‘ഒരു താരത്തിൽ നിന്ന് ജനം കുറേക്കാര്യങ്ങൾ സിനിമയിൽ പ്രതീക്ഷിക്കും. ആറാം തമ്പുരാനും മറ്റും ഇഷ്ടപ്പെടുന്ന പ്രേക്ഷകർ തീർച്ചയായും മഞ്ജുവിനെ കേരള സാരിയുടുത്തു വീണ്ടും കാണാൻ ആഗ്രഹിക്കും. ഹൗ ഓൾഡ് ആർ യൂവിലെ പാർട്ടി സീനിൽ മഞ്ജുവിന് വേണമെങ്കിൽ ഒരു പട്ടു സാരിയിൽ വരാം. ബോധപൂര്‍വം തീരുമാനിക്കുകയായിരുന്നു. കേരള സാരി മതിയെന്ന്. ജ്യോതികയുടെ കഴുത്തു നീട്ടലും കണ്ണുരുട്ടലും ആരാധകർക്കിഷ്ടമാണ്. എന്നാൽ എല്ലാ സീനിലും അതുപയോഗിച്ചാല്‍ കഥാപാത്രത്തിന്റെ സ്വഭാവം മാറിപ്പോവും. ഒരു സീനിൽ ജ്യോതിക ആ മാനറിസങ്ങൾ കാണിച്ചു.

എനിക്കറിയാം രണ്ടു പേരും വളരെ പ്രതിഭാശാലികളാണെന്ന്. രണ്ടു പേരോടും ഞാൻ ആദ്യമേ പറഞ്ഞു, നിങ്ങൾ രണ്ടു പേരും ക്ലീൻസ്ലേറ്റിൽ വരൂ. മഞ്ജുവിനും ജ്യോതികയ്ക്കും ഈഗോ തീരെ ഇല്ലായിരുന്നു. ഹൗ ഓൾഡ് ആർ യൂവിലെ ആ ടെറസ് സീൻ വളരെ പ്രധാനപ്പെട്ടതാണ്. വെറും 20 മിനിറ്റ് കൊണ്ട് സീൻ ഷൂട്ട് ചെയ്തു കഴിഞ്ഞു. മഞ്ജു ഗ്ലിസറിൻ പോലുമില്ലാതെ കരഞ്ഞു. ഇതേ സിേറ്റ്വഷനിൽ ജ്യോതിക കരയുന്നത് കൂട്ടുകാരി ക്കു മുന്നിലാണ്. ആ സീൻ ഷൂട്ട് ചെയ്യുന്ന ദിവസം ജ്യോതിക ചോദിച്ചു, ‘ഞാൻ മേക്കപ്പ് വളരെ കുറച്ചു വരട്ടെ.’ അതു നല്ല സജഷനായിരുന്നു. ജ്യോതികയുടെ ഏറ്റവും മികച്ച കഥാപാത്ര മാണ് 36 വയതിനിലെ വാസന്തിയെന്നു പറയുന്നുണ്ട്. ഒരു പാടു പേര്‍. മൊഴിയിലെ അഭിനയത്തെക്കുറിച്ചാണ് ഇതുവരെ എല്ലാവ രും വാചാലരായിരുന്നത്. 36 വയതിനിലെ കണ്ട് പൃഥ്വിരാജ് വിളിച്ചു. പൃഥ്വി ആയിരുന്നല്ലോ മൊഴിയിലെ നായകൻ. പൃഥ്വി പറഞ്ഞു, മൊഴിയേക്കാൾ മുകളിലാണ് 36 വയതിനിലെയിലെ ജ്യോതികയുടെ അഭിനയം.

ബോറടിക്കാതെ റീമേക്കിങ്?

‘36 വയതിനിലെ’യുടെ ഷൂട്ടിങ് തുടങ്ങിയത് ഡൽഹിയിൽ നിന്നാണ്. രാഷ്ട്രപതിയുമായുളള വാസന്തിയുടെ രണ്ടു കൂടിക്കാഴ്ചകൾ....രാഷ്ട്രപതിയായി അഭിനയിക്കുന്നത് പ്രശസ്ത ക്വിസ് മാസ്റ്റർ സിദ്ധാർഥ് ബസു. മലയാളത്തിലും അതേ റോളിൽ ബസുവായിരുന്നു. മഞ്ജുവിനു പകരം ജ്യോതികയാണെന്നതൊഴിച്ചാൽ ഒരു മാറ്റവുമില്ല. റോഷൻ അറിയാതെ ദൈവത്തെ വിളിച്ചു പോയി. എത്രയോ വർഷങ്ങളായുളള മോഹമായിരുന്നു തന്റെ സിനിമ കൂടുതൽ നന്നായി റീമേക്ക് ചെയ്യണമെന്നത്. ആ മോഹം പൂവണിയുന്ന നിമിഷം തോന്നുന്നു അതു വിരസമായ ഏര്‍പ്പാടാണെന്ന്.

പക്ഷേ, ഷൂട്ടിങ് ചെന്നൈയിലേക്കു മാറിയതോടെ ആ വിരസത മാറി. പുതിയ അഭിനേതാക്കള്‍ വരുന്നു. വീടിന്റെ ഇന്റീരിയറും തെരുവും മാറുന്നു. നായികയ്ക്ക് ഉടുക്കാൻ ഹൗ ഓള്‍ഡ് ആർ യൂ സാരി മാറി കുറേക്കൂടി നിറമുളള സാരികളും പ്രിന്റഡ് ബ്ലൗസുകളും വരുന്നു.

കുഞ്ചാക്കോ ബോബൻ അഭിനയിച്ച രാജീവ് 36 വയതിനിലെയിൽ തമിഴ് സെൽവനാണ്. റഹ്മാനാണ് തമിഴ് സെല്‍വനെ അവതരിപ്പച്ചത്. മാധവൻ ഉൾപ്പെടെ പല നടൻമാരെയും ആലോചിച്ചു ആ വേഷത്തിലേക്ക്. റഹ്മാൻ റോഷൻ ആൻഡ്രൂസിന്റെ ‘മുംബൈ പോലീസി’ൽ തിളങ്ങിയതാണ്. ഈ കഥാപാത്രത്തിന് റഹ്മാൻ യോജിച്ചയാളാണ്. മലയാളത്തിലെ അതേ വേഷങ്ങളിൽ കലാരഞ്ജിനിയും. സേതുലക്ഷ്മിയും, മകളായി അമൃത അനിലും അഭിനയിച്ചു.

ദേവന്റെ കഥാപാത്രം പെട്ടെന്നു കടന്നു വരുന്നു എന്നൊരു പരാതി പലരും പറഞ്ഞു അതു കൊണ്ടു 36 വയതിനിലെയിൽ ആ കഥാപാത്രം കുറേക്കൂടി നേരത്തേ വന്നു പോവുന്നുണ്ട്. നിരുപമ രാജീവ് അമ്മയെ കാണാൻ നടത്തുന്ന യാത്രയും ഒഴിവാക്കി. സിനിമയുടെ ദൈര്‍ഘ്യം 20 മിനിറ്റോളം കുറഞ്ഞു.

സ്പൈഡർമാന്‍റെയൊക്കെ റീറിക്കാർഡിങ് ചെയ്ത ആളുകളാണ് 36 വയതിനിലെയും റീറിക്കാർഡിങ്ങിനു വേണ്ടി ഓർക്കെ സ്ട്രയിൽ പ്രവർത്തിച്ചത്. അതൊരു വല്ലാത്ത അനുഭവമായിരുന്നു. 40 സ്ട്രിങ്ങ്സ് ഒരുമിച്ചു വായിക്കുന്നു. മലയാളത്തിൽ ചിന്തിക്കാനാവാത്ത കാര്യം.’’

36 വയസ്സുകാരിയുടെ സ്വപ്നയാത്രയ്ക്കു 36 വയതിനിലെ എന്ന പേരു നിർദേശിച്ചത് സൂര്യയാണ്. കേരളത്തിൽ 36 വയസ്സുളളവർ എന്തെങ്കിലും ചെയ്യണമെന്ന ആശയത്തേക്കാൾ ക്ലിക്കായത് വീട്ടിലൊരു പച്ചക്കറിത്തോട്ടം എന്നതാണ്. പക്ഷേ, തമിഴകത്ത് മധ്യവയസ്സിൽ സ്ത്രീകൾ എന്തെങ്കിലും ക്രിയാത്മകമായി ചെയ്യണമെന്ന ആശയമാണ് ശ്രദ്ധിക്കപ്പെട്ടത്.

റീമേക്കിങ് എന്ന കല

മലയാളത്തിൽ വിജയിച്ച പല സിനിമകളും റീമേക്ക് ചെയ്യപ്പെട്ട പ്പോൾ എട്ടു നിലയിൽ പൊട്ടി. ഉദയനാണ് താരം ഒരു ഉദാഹരണം മാത്രമാണ്. ചില സിനിമകളാവട്ടെ ഒറിജിനലിനേക്കാൾ വലിയ വിജയങ്ങളായി തമിഴിലും ഹിന്ദിയിലുമെല്ലാം.

‘‘കഥയുടെ ആത്മാവ് മനസ്സിലാക്കിയ ഒരാൾ റീമേക്ക് െചയ്യു മ്പോഴേ സിനിമ നന്നാവൂ. ഉദയാനാണ് താരം തമിഴിൽ സരോജ് കുമാറിന്റെ വേഷം അഭിനയിച്ചത് പ്രകാശ് രാജായിരുന്നു. ആ വേഷം വടിവേലുവിനെപ്പോലൊരു ഹാസ്യനടൻ ചെയ്യണമായിരുന്നു. ഒരിക്കലും സൂപ്പർ സ്റ്റാറാവാൻ സാധ്യതയില്ലാത്ത ഒരാൾ സൂപ്പർ സ്റ്റാർ ആവുമ്പോഴേ നർമമുളളൂ. പ്രകാശ് രാജ് സൂപ്പർ സ്റ്റാറാവാൻ സാധ്യതയുളള ഒരാളാണ്. ഉദയനാണ് താരത്തിൽ ഉദയഭാനു പറയുന്ന പല ഡയലോഗുകളും തമിഴിൽ പ്രകാശ് രാജിനെക്കൊണ്ടാണ് പറയിക്കുന്നത്. അതു സിനിമയുടെ ഒഴുക്കിനെ തടസ്സപ്പെടുത്തും’’ റോഷൻ.

വിരാസത് ആണ് റോഷൻ ആൻഡ്രൂസിന്റെ മനസ്സിലെ പെർഫെക്ട് റീമേക്ക് ആയ സിനിമ. ഭരതൻ സംവിധാനം ചെയ്ത തേവർ മകൻ എന്ന അത്യുജ്ജ്വല തമിഴ് സിനിമയെ പ്രിയദർശൻ കൂടു തൽ സുന്ദരമായി ഹിന്ദിയിൽ അവതരിപ്പിച്ചു. അന്നു കമലാഹാസൻ പറഞ്ഞതോർമയുണ്ട്, എന്റെ ഒരു കുട്ടിയെ ഉപരിപഠനത്തി നു വിടുകയാണ് പ്രിയദർശന്റെ അടുത്തേക്ക് എന്ന്.

‘‘ഹൗ ഓൾ‍‍ഡ് ആർ യൂ ഹിന്ദിയിൽ റീമേക്ക് ചെയ്യാനുളള ചർച്ചകൾ അവസാനഘട്ടത്തിലാണ്. നമ്മുടെ സിനിമ കൂടുതൽ ആളുകളിലേക്ക് എത്തുന്നതിന്റെ സന്തോഷം ഒരു വശത്ത്. പിന്നെ പണമൊരു കാരണമാണ്. എല്ലാത്തിനുമുപരി നമ്മുടെ സിനിമ കൂടുതൽ സൗകര്യങ്ങളോടെ വലിയ ക്യാൻവാസിൽ ചെയ്യുന്നതിന്റെ ആഹ്ളാദം.’’ കമലാഹാസൻ പറഞ്ഞതു പോലെ സ്വന്തം കുട്ടിയെ ഉപരിപഠനത്തിന് അയയ്ക്കാൻ ആരാണ് കൊതിക്കാത്തത്?.....,.