Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എനിക്കൊരു സ്വപ്നമുണ്ട്

രത്നശ്രീ രത്നശ്രീ

സംഗീതത്തിൽ വേറിട്ട വഴിയന്വേഷിച്ച് പോകേണ്ടി വന്നില്ല രത്നശ്രീയ്ക്ക്. ആ വഴി മുന്നിൽ തനിയെ തെളിഞ്ഞു വരികയായിരുന്നു. ദക്ഷിണേന്ത്യയിലെ ആദ്യ പ്രഫഷനൽ വനിതാ തബലിസ്റ്റ്, തബലയിൽ ബിരുദാനന്തര ബിരുദമെടുത്ത കേരള‌ത്തിലെ ആദ്യ വ്യക്തി, ആദ്യത്തെ വനിതാ തബലിസ്റ്റ് അബാൻ മിസ്രിയുടെ പേരിലുളള അവാര്‍ഡ് കേരളത്തിലെത്തിച്ച പെൺകുട്ടി... അങ്ങനെ പോകുന്നു രത്നയുടെ നേട്ടങ്ങൾ. ഏട്ടന്റെ നാടോടിനൃത്ത പരിശീലനം നടക്കുമ്പോള്‍ ഒരു മൂലയ്ക്കിരുന്ന് കു‍ഞ്ഞുരത്ന തബലയിൽ കൊട്ടി നോക്കി. നടകളും താളങ്ങളും എന്തെന്നു പോലും അറിയാതെ.

ദില്ലി, അജ്റാഡ, ഫറൂഖാബാദ് ഖരാനകളിലെ താളങ്ങളിലാണ് ഈ വിരല്‍ത്തുമ്പത്ത് പെരുമഴയായി പെയ്യുന്നത്. ലളിത സംഗീതത്തിന് മാത്രം വായിക്കുന്ന ഉപകരണമെന്ന ധാരണയുളള കാലത്താണ് ശാസ്ത്രീയമായി തബല പഠിക്കാൻ രത്ന ഒരുങ്ങുന്നത്. ഇത്രയൊക്കെ മെനക്കെട്ട് തബല പഠിച്ചിട്ടെന്തിനാ എന്നു ചോദിച്ചു പലരും. നല്ല പരിശീലനവും പെർഫെക്ഷനും ഉണ്ടെങ്കിൽ തബലിസ്റ്റാവാം എന്ന കോൺഫിഡൻസ് ‌വച്ച് രത്ന മുന്നോട്ടു നീങ്ങി. സ്ഥിരവരുമാനത്തെക്കുറിച്ചൊന്നും ചിന്തിച്ചില്ല. തകിൽ വാദകനായ അച്ഛൻ രാമചന്ദ്ര അയ്യരും വീണവാദകയായ അമ്മ സരോജയും നൽകിയ പിന്തുണയും ശക്തിയായി.

‘‘ക്ലാസിക്കൽ തബല പ്ലെയർക്ക് കേരളത്തിൽ പണ്ട് വലിയ മാർക്കറ്റ് ഉണ്ടായിരുന്നില്ല. ക്ലാസിക്കലോ ജുഗൽബന്തിയോ ഗസലോ എന്തായാലും ഞാൻ വായിക്കും. അതു തന്നെയായിരുന്നു എനിക്കെതിരെ ഉണ്ടായ വലിയ വിമർശനവും. പെണ്‍കുട്ടി തബല വായിച്ചാൽ ഗായകരേക്കാൾ ശ്രദ്ധ കിട്ടിയാലോ എന്നു കരുതി വിളിക്കാതിരിക്കുന്നവരുണ്ട്. ചീത്തപ്പേരുണ്ടാക്കി തളർത്താനുമുണ്ടായി ആളുകൾ. അതെല്ലാം നേരിടാൻ മാനസികമായി തയാറെടുത്തു തന്നെയായിരുന്നു ഈ രംഗത്തേക്കു ചുവടു വച്ച‌ത്.’’

എംഎസ് സി കെമിസ്ട്രി കഴിഞ്ഞ് ഹൈദരാബാദ് യൂണിവേഴ്സിറ്റിയിൽ നാലുവർഷത്തെ ‘ഡിപ്ലോമ ഇൻ തബല’യിൽ റഗുലർ വിദ്യാർത്ഥിനിയായി രത്നശ്രീ. അഖിൽ ഭാരതീയ ഗന്ധർവ മണ്ഡലിന്റെ തിരുവനന്തപുരം സെന്ററിൽ നിന്ന് വിശാരദ് പട്ടവും സ്വന്തമാക്കി. അക്കാലത്ത് കേരളത്തിൽ ക്ലാസെടുക്കാനെത്തിയ ഉസ്താദ് ഫെയ്സ്ഖാന്റെ ശിക്ഷ്യയുമായി. 2014 ൽ കോലാപ്പൂർ ശിവാജി യൂണിവേഴ്സ്റ്റിയിൽ നിന്ന് ഒന്നാം റാങ്കോടെ തബലയിൽ എം. എ. പാസ്സായ രത്നയുടെ അടുത്ത ലക്ഷ്യം തബലയിൽ റിസർച്ച് ചെയ്യണമെന്നതാണ്.

‘‘ആദ്യ ഗുരു കാരിക്കോട് ചെല്ലപ്പൻ മാഷായിരുന്നു. ജയകാന്തൻ സർ, പണ്ഡിറ്റ് അരവിന്ദ് മുൾഗോൺകർ, പ്രഫസർ മനോഹർ കേഷ്ക്കർ, ഫയസ്ജി... അങ്ങനെ കുറേ നല്ല ഗുരുക്കൻമാരെ കിട്ടിയത് എന്റെ ഭാഗ്യമാണ്. ഇവരിൽ നിന്നാണ് ദില്ലി, അജ്റാഡ, ഫറൂഖാബാദ്, ലഖ്നൗ, പഞ്ചാബ്, ബനാറസ് തുടങ്ങിയ ഖരാനകളെക്കുറിച്ച് മനസ്സിലാക്കിയത്.’’‍

ഹരിപ്രസാദ് ചൗരസ്യക്കും അദ്ദേഹത്തിന്റെ ശിക്ഷ്യ റിന ചന്ദ്രക്കൊപ്പവും വേദി പങ്കിട്ടിട്ടുണ്ട് രത്നശ്രീ. കുടമാളൂർ ജനാർദ്ദനൻ, ശ്രീറാം പരശുറാം, കന്യാകുമാരി, ടി.വി. ഗോപാല കൃഷ്ണൻ തുടങ്ങിയ പ്രതിഭകൾക്കൊപ്പവും താളമിട്ടു.

‘‘2010ൽ ഫയസ്ജി ആണെന്ന മീറജിലെ അബദുൾ കരീംഖാൻ ഫെസ്റ്റിവലിൽ പരിചയപ്പെടുത്തിയത്. അടുത്ത വർഷങ്ങളിലെ ഫെസ്റ്റിവലിൽ സോളോ പെർഫോമൻസിനുളള അവസരം കിട്ടി. 2014 ലെ ഫെസ്റ്റിവലിൽ മികച്ച തബല വാദകയ്ക്കുളള അബാൻ മിസ്രി അവാര്‍ഡിന് തിരഞ്ഞെടുത്തു. വൈക്കംകാരിയായതു കൊണ്ട് വൈക്കം റോട്ടറി ക്ലബ് ‘പ്രിൻസസ് ഓഫ് തബല’ അവാർഡ് നൽകിയിരുന്നു. തിരുവനന്തപുരം നവരസ സംഗീത സഭയുടെ പ്രതിഭ 2014 പുരസ്ക്കാരം ലഭിച്ചു. നാട്ടിൽ കിട്ടുന്ന ഇത്തരം അംഗീകാരങ്ങൾ തരുന്ന സന്തോഷം വലുതാണ്. രണ്ടു മൂന്നു സിനിമകൾക്കു വേണ്ടി തബല വായിച്ചിട്ടുണ്ട്. എങ്കിലും തബലയിൽ പുതിയ കോംപസിഷനുകൾ ചെയ്യാനും ലൈവ് കൺസേർട്ടുകളുമാണ് കൂടുതൽ ഇഷ്ടം. ക്ലാസുകളും എടുക്കുന്നുണ്ട്. ഡെമോൺസ്ട്രേഷൻ സെഷനോടെയാണ് സോളോ പെർഫോമൻസുകൾ നടത്താറ്.

തബല വായിച്ചു കിട്ടിയ സമ്പാദ്യം കൊണ്ട് കാർ വാങ്ങി. അടുത്തുളള പരിപാടികൾക്ക് അതിലാണ് പോകാറ്. കലാരംഗത്തെങ്കിലും സ്ത്രീകളെ തുല്യരായി കാണാൻ കഴിയുന്ന കാലം വരണമെന്നാണ് ആഗ്രഹം. ഇന്നും മാറാത്ത സമൂഹത്തിന്റെ കാഴ്ചപ്പാടുകളാണ് പെൺകുട്ടികളെ കലാരംഗത്തു നിന്ന് മാറ്റി നിർത്തുന്നത്. തബല കൂടുതൽ ജനകീയമാക്കാനൊരു ട്രസ്റ്റാണ് എന്റെ ഏറ്റവും വലിയ സ്വപ്നം.’’