Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അയൽവാസിയുടെ ആഞ്ഞിലിമരം

wild-jack-tree-anjili Representative image

കൃഷിയും നിയമവുംഉത്തരങ്ങൾ തയാറാക്കിയത്: അഡ്വ. വി.കെ സത്യവാൻ നായർ

അയൽവാസിയുടെ ആഞ്ഞിലിമരം കാരണമുള്ള ഭീഷണിക്കെതിരെ ഞാന്‍ പഞ്ചായത്തിൽ 03.06.16ൽ പരാതി കൊടുത്തിരുന്നു. 19.08.16ൽ അദാലത്തിൽ ആഞ്ഞിലിയുടെ ഉടമയും ഞാനും പങ്കെടുത്തു. ഞാൻ കിടക്കുന്ന ഷെഡ്ഡിന്റെയും ബാത്ത്റൂമിന്റെയും നനകല്ലിന്റെയും പൈപ്പിന്റെയും മുകളിലേക്കു ചാഞ്ഞുകിടക്കുന്ന ശിഖരങ്ങൾ എല്ലാം കോതിത്തരാമെന്നു സമ്മതിച്ച് എഴുതി ഒപ്പിട്ടു പരാതി തീർത്തു. ശിഖരങ്ങൾ 10.12.16 വരെയും മുറിച്ചുമാറ്റിയിട്ടില്ല. ഇനി എന്താണ് ചെയ്യേണ്ടത്.

കെ. വിശ്വനാഥൻ, കറ്റാനം, ഭരണിക്കാവ്.

നിങ്ങൾ കൊടുത്ത പരാതി അദാലത്തിൽ ഒത്തുതീർപ്പാക്കിയെന്നും എന്നാൽ അതനുസരിച്ച് പ്രവർത്തിച്ചില്ലെന്നും കാണിച്ച് പഞ്ചായത്തിൽ പരാതിപ്പെടുക. നിങ്ങളുടെ ജീവനും സ്വത്തിനും അപകടകരമായ രീതിയിലാണ് മരം ചാഞ്ഞുനിൽക്കുന്നതെങ്കിൽ നിങ്ങൾക്ക് റവന്യു ഡിവിഷനൽ ഓഫിസർക്കു (സബ് ഡിവിഷനൽ മജിസ്ട്രേട്ട്) പരാതി കൊടുക്കാം. ഏതെല്ലാം പരാതികൾ പഞ്ചായത്തിൽ കൊടുക്കാമെന്നും എത്ര ദിവസത്തിനകം തീരുമാനമെടുക്കണമെന്നും സിവിൽ കേസില്‍ എന്തു ചെലവു വരുമെന്നും ഈ പംക്തിയിലൂടെ മറുപടി പറയുക പ്രായോഗികമല്ല. എല്ലാ കോടതികളോടും അനുബന്ധിച്ചുള്ള താലൂക്ക് / ജില്ല നിയമ സേവന അതോറിറ്റി (Legal Services Authority) യെ സമീപിച്ച് നിങ്ങളുടെ പ്രശ്നങ്ങൾ പറയാം.

വിവരാവകാശ നിയമം

അപകടകരമായ മരങ്ങൾ വെട്ടിമാറ്റാൻ ആവശ്യപ്പെട്ടുകൊണ്ട് 27.06.16ൽ ഞാൻ റവന്യു ഡിവിഷനൽ ഓഫിസർക്കു പരാതി കൊടുത്തിരുന്നു. അതിന്റെ ഒരു വിവരവും കിട്ടാത്തതുകൊണ്ട് 21.10.16ൽ വിവരാവകാശ നിയമപ്രകാരം പരാതി കൊടുത്തു. അതിന്റെ രസീതും കിട്ടി. അതിനു ശേഷവും അറിയിപ്പൊന്നും കിട്ടാത്തതിനാൽ 20.12.16ൽ വീണ്ടും ഒരു റജിസ്റ്റേർഡ് കത്ത് അയച്ചു. അതിനും മറുപടിയില്ല. ഇനി എന്താണ് ചെയ്യേണ്ടത്.

ഷീലാമ്മ, തൊടുപുഴ.

വിവരാവകാശ നിയമപ്രകാരം നിർദിഷ്ട സമയത്തിനകം വിവരം ലഭ്യമാക്കാതെ വീഴ്ച വരുത്തുന്നത് കുറ്റകരമാണ്. പിഴശിക്ഷ കൊടുക്കാം. നിങ്ങൾ, കാലാവധി തീർന്ന് 30 ദിവസത്തിനകം ആദ്യത്തെ അപ്പീൽ കൊടുക്കേണ്ടത് ഇൻഫർമേഷൻ ഓഫിസറെക്കാളും ഉയർന്ന റാങ്കുള്ള ഉദ്യോഗസ്ഥൻ മുമ്പാകെയാണ്. രണ്ടാമത്തെ അപ്പീലാണ് കമ്മിഷൻ മുമ്പാകെ കൊടുക്കേണ്ടത്. എന്നാൽ വിവരം ഇതേവരെ ലഭ്യമായിട്ടില്ലെന്നു കാണിച്ച് കമ്മിഷൻ മുൻപാകെ പരാതി കൊടുക്കാം.

കമ്മിഷൻ മേൽവിലാസം: സംസ്ഥാന വിവരാവകാശ കമ്മിഷൻ, TC 26/298, പുന്നൻ റോഡ്, തിരുവനന്തപുരം 695 001.

ഫോൺ: 0471 2335199, 2320920, 2330920.

ഇക്കാര്യത്തിൽ ആർഡിഒ (റവന്യൂ ഡിവിഷനൽ ഓഫിസർ) യെ നേരിൽ കണ്ടു വിവരങ്ങൾ ധരിപ്പിക്കുകയാണ് കാലതാമസം ഒഴിവാക്കി പ്രശ്നം പരിഹരിക്കാനുള്ള പ്രായോഗികമാർഗം.

വസ്തു മക്കളിലൊരാൾക്കു മാത്രം

അച്ഛനും അമ്മയ്ക്കും ഞങ്ങൾ ആകെ അഞ്ചു മക്കൾ. ജീവിച്ചിരിക്കുന്നത് നാലു പേർ. അമ്മയ്ക്കു പൂർവികമായി ലഭിച്ച ഭൂമി, മക്കളിൽ ഒരാൾക്ക് അച്ഛനും അമ്മയും എഴുതി നൽകി (എഴുതി വാങ്ങി എന്നു പറയുന്നതാണ് ശരി). ഇപ്പോൾ അച്ഛനും അമ്മയും ജീവിച്ചിരിപ്പില്ല. ഞങ്ങൾ മറ്റു സഹോദരങ്ങൾക്ക് ആ ഭൂമിയിൽ അവകാശം ഉണ്ടോ.

ബാലകൃഷ്ണൻ, കൽപ്പറ്റ.

ഇവിടെ 1956ലെ ഹിന്ദു പിന്തുടർച്ചാവകാശമാണ് ബാധകം. അമ്മ മരിക്കുമ്പോള്‍ കരണം ചെയ്യാതെ ശേഷിക്കുന്ന വസ്തുക്കൾ നിയമത്തിന്റെ 15–ാം വകുപ്പനുസരിച്ചാണ് വീതിക്കേണ്ടത്. അതിൽ ആദ്യത്തെ വിഭാഗത്തിൽപ്പെടുന്നവർ മക്കളും മരിച്ചുപോയ മക്കളുടെ മക്കളും ഭർത്താവുമാണ്. നേരത്തെ മരുമക്കത്തായ സമ്പ്രദായം പിന്തുടർന്നു പോന്നവരാണെങ്കിൽ ഭർത്താവിനു പകരം (മരിച്ചയാളിന്റെ) അമ്മയ്ക്ക് ഒരു വീതം ലഭിക്കും. പിന്തുടർച്ചാവകാശ നിയമവും കൂട്ടുകുടുംബ വ്യവസ്ഥ ഇല്ലാതാക്കിയ 1976ലെ നിയമവും വന്നതിനുശേഷം അമ്മയുടെ സ്വത്ത് അമ്മയ്ക്ക് ഇഷ്ടംപോലെ കരണം ചെയ്യാം. പിന്തുടർച്ചാവകാശികളുടെ സമ്മതം വേണ്ട. എന്നാൽ കബളിപ്പിച്ചോ സമ്മർദം ചെലുത്തിയോ ആണ് വസ്തു എഴുതി വാങ്ങിയതെന്നു കോടതിയിൽ തെളിയിക്കാൻ സാധിച്ചാൽ എന്തെങ്കിലും പ്രയോജനമുണ്ടായേക്കും.

നിയമപ്രശ്നങ്ങൾക്കു പരിഹാരം

ഈ പംക്തിയിൽ പരാമർശിക്കുന്ന തരത്തിലുളള നിയമപ്രശ്നങ്ങൾ കർഷകർ ദിനംപ്രതി നേരിടുന്നുണ്ട്. വിശദാംശങ്ങൾ സഹിതം അയച്ചുതരുക.

വിലാസം: എഡിറ്റർ ഇൻ ചാർജ്, കർഷകശ്രീ, മലയാള മനോരമ, കോട്ടയം.

ഇ–മെയിലായും ചോദ്യങ്ങൾ അയയ്ക്കാം. വിലാസം: karsha@mm.co.in