Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുതിര്‍ന്നവരുടെ അവകാശം സംരക്ഷിച്ചു കിട്ടാന്‍

court-law Representative image

കൃഷിയും നിയമവുംഉത്തരങ്ങൾ തയാറാക്കിയത്: അഡ്വ. വി.കെ സത്യവാൻ നായർ

എന്റെ സഹോദരിക്ക് രണ്ട് ആൺമക്കളാണ്. ഇളയമകനും കുടുംബവും സഹോദരിയും കൂടി തറവാട്ടിലാണ് താമസിക്കുന്നത്. ഇളയ മകന്‍ തന്റെ ഭാര്യയുടെ ഓഹരി വിറ്റു കൊണ്ടുവന്നപ്പോൾ എന്റെ സഹോദരിയോട് വീടു പൊളിച്ചു പണിയാമെന്നും വീടു നിൽക്കുന്നിടം അവന് എഴുതി കൊടുക്കണമെന്നും പറഞ്ഞു. സഹോദരിക്ക് 18 സെന്റ് സ്ഥലം ഉണ്ടായിരുന്നതില്‍ 12 സെന്റ് ഇളയ മകനു കൊടുത്തു. ഇളയ മകൻ ഇപ്പോൾ വീട് പുതുക്കിപ്പണിഞ്ഞു താമസമായി. എന്നാൽ 30 ദിവസമേ സഹോദരിയെ ഇളയ മകനും ഭാര്യയും കൂടെ താമസിപ്പിച്ചുള്ളൂ. പിന്നീട് ഇറക്കി വിട്ടു. സഹോദരിക്ക് 74 വയസുണ്ട്. ഇപ്പോൾ മൂത്ത മകനു കൊടുത്ത വസ്തുവിൽ അവൻ അമ്മയുടെ നിർബന്ധപ്രകാരം ഒരു മുറിയും കക്കൂസും വച്ചു കൊടുത്തു. അതിലാണ് എന്റെ സഹോദരി താമസിക്കുന്നത്. സഹോദരി കൂടുതൽ വസ്തു ഇളയ മകനാണ് കൊടുത്തത്. എന്നാല്‍ സഹോദരിയുടെ എല്ലാ ആവശ്യങ്ങളും നിറവേറ്റുന്നതു മൂത്ത മകനാണ്; നേരത്തേയും ഇപ്പോഴും. വസ്തു എഴുതിക്കൊടുത്തതല്ലാതെ അതിർത്തി നിശ്ചയിച്ചിട്ടില്ല. മൂത്ത മകൻ താലൂക്കിൽ അപേക്ഷ കൊടുത്തു. ഉദ്യോഗസ്ഥർ അളക്കാൻ വന്നു, എന്നാൽ ഇളയ മകൻ തർക്കിച്ചു. അവർ മടങ്ങിപ്പോയി. സഹോദരി പൊലീസിൽ പരാതി കൊടുത്തു. പൊലീസ് താക്കീത് ചെയ്തു വിട്ടു. വസ്തുവിന്റെ അതിർത്തി നിശ്ചയിക്കാൻ എന്താണ് ചെയ്യേണ്ടത്.

ബാബു, ചൂനാട്

മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും സംരക്ഷണം ഉറപ്പാക്കുന്ന നിയമം 2007ൽ പാസാക്കിയിട്ടുണ്ട്. 60 വയസ്സിനു മുകളിൽ പ്രായമുള്ളവരാണ് മുതിർന്ന പൗരന്മാർ. ഈ നിയമം അനുസരിച്ചു പരാതി കൊടുക്കേണ്ടത് സബ് ഡിവിഷനൽ മജിസ്ട്രേട്ട് (ആർഡിഒ) മുൻ‌പാകെയാണ്. മാതാവോ പിതാവോ എഴുതിക്കൊടുക്കുന്ന ആധാരം അസ്ഥിരപ്പെടുത്തിക്കിട്ടാനും അവകാശമുണ്ട്. കോടതികളോട് അനുബന്ധിച്ച് ആവശ്യക്കാര്‍ക്കു നിയമസഹായം നല്‍കുന്ന സ്ഥാപനങ്ങളുണ്ട്. അതിന് ലീഗൽ സർവീസസ് അതോറിറ്റിയെന്നാണ് പറയുക. അവിടെ പരാതി കൊടുത്താലും തീർപ്പാക്കിക്കിട്ടാൻ സാധ്യതയുണ്ട്. ഇതുകൊണ്ടൊന്നും പ്രശ്നം പരിഹരിക്കാനാകുന്നില്ലെങ്കിൽ അതിരു നിർണയിച്ചു കിട്ടുന്നതിനു മുൻസിഫ് കോടതിയിൽ വ്യവഹാരം കൊടുക്കണം.

വഴിക്കു വീതി കൂട്ടാന്‍

എന്റെ പുരയിടത്തിലേക്ക് നിലവിൽ മൂന്നടി വീതിയിൽ നടപ്പുവഴി മാത്രമേയുള്ളൂ. വഴിയുടെ ഒരു വശത്തുള്ള ഭൂമിയുടെ ഉടമ നിലവിലുള്ള വീതി മാത്രം നിലനിർത്തി മതിൽ പണിയാന്‍ പോകുന്നു. വഴിയുടെ വീതി കൂട്ടാൻ മൂന്നടി വീതിയില്‍ സ്ഥലം വാങ്ങാന്‍ ഞാന്‍ തയാറാണ്. പക്ഷേ അദ്ദേഹം വഴങ്ങുന്നില്ല. വഴിക്ക് വീതികൂട്ടാൻ നിയമപരമായി എന്തെങ്കിലും മാർഗം ഉണ്ടോ.

ഷെബിർ അലി, മാറാടി, മൂവാറ്റുപുഴ

മൂന്നടി വഴി വീതി കൂട്ടുന്നതിന് ആവശ്യമായ സ്ഥലം വിട്ടുനല്‍കുന്നതിനു ഭൂവുടമ തയാറല്ലെങ്കിൽ നിയമപരമായ ഒരു പരിഹാരമാർഗവുമില്ല. സ്വന്തം വസ്തുവിന്റെ അതിരിൽ മതിൽ കെട്ടുന്നതിന് ഭൂവുടമയ്ക്ക് അവകാശവുമുണ്ട്. മറിച്ച്, ഇപ്പോഴുള്ള വഴിയിലേക്കു കയറ്റിയാണ് മതിൽ പണിയുന്നതെങ്കിൽ നിങ്ങള്‍ക്കു നിയമപരമായി പരാതിപ്പെടാം. വീതി കൂട്ടുന്നതിനാവശ്യമായ സ്ഥലം തരുന്നതിന് ഉടമയ്ക്കു നിയമപരമായി ഒരു ബാധ്യതയുമില്ല.

നിയമപ്രശ്നങ്ങൾക്കു പരിഹാരം

ഈ പംക്തിയിൽ പരാമർശിക്കുന്ന തരത്തിലുളള നിയമപ്രശ്നങ്ങൾ കർഷകർ ദിനംപ്രതി നേരിടുന്നുണ്ട്. വിശദാംശങ്ങൾ സഹിതം അയച്ചുതരുക.

വിലാസം: എഡിറ്റർ ഇൻ ചാർജ്, കർഷകശ്രീ, മലയാള മനോരമ, കോട്ടയം.

ഇ–മെയിലായും ചോദ്യങ്ങൾ അയയ്ക്കാം. വിലാസം: karsha@mm.co.in