Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വഴി തടസ്സപ്പെടുത്തിയാല്‍

way-path-road Representative image

കൃഷിയും നിയമവുംഉത്തരങ്ങൾ തയാറാക്കിയത്: അഡ്വ. വി.കെ സത്യവാൻ നായർ

ഞങ്ങളുടെ സ്ഥലത്തേക്ക് സഹോദരന്മാര്‍ എല്ലാവരും ചേർന്ന് (ജെയിംസും സ്കറിയയും സ്ഥലത്ത് ഇല്ലാത്തതുകൊണ്ട് അവരുടെ ഭാര്യമാർ) ഒപ്പിട്ട് സാക്ഷികൾ മുഖാന്തരം 10 അടി വീതിയിൽ വഴി വെട്ടുകയും സന്തോഷത്തോടെ ഉപയോഗിക്കുകയും ചെയ്തിരുന്നു. എന്നാൽ 2016ൽ ഈ വഴി (A മുതൽ B വരെ) പഞ്ചായത്ത് ഏറ്റെടുത്തു കല്ലുപതിച്ചു. മൂന്നു മാസം കഴിഞ്ഞപ്പോൾ ജോസും സ്കറിയയും ചേർന്ന് (B മുതൽ C വരെ) അവരുടെ സ്ഥലം നികത്തി റോഡ‍് തടഞ്ഞിരിക്കുന്നു. അതുകൊണ്ട് (C എന്ന സ്ഥലത്ത്) ജോസഫ്, ജോർജ്, ജെയിംസ് എന്നിവരുടെ കൃഷിസ്ഥലത്തേക്ക് വഴിയില്ലാതെയായി. ഞങ്ങൾ എവിടെയാണ് പരാതി കൊടുക്കേണ്ടത്. അവർ പറയുന്നത് കരാര്‍ റജിസ്റ്റർ ചെയ്തിട്ടില്ല എന്നാണ്. അതു ശരിയാണ്. അന്നു ഞങ്ങൾ നല്ല അയൽക്കാർ ആയിരുന്നു.

ജെയിംസ്, ജോർജ് ജോസഫ്, പി.എ. ജോർജ്, പുത്തൻപുരയിൽ വീട്, പാതിരിക്കോട് പോസ്റ്റ്, വഴി മേലാറ്റൂർ, മലപ്പുറം

വഴി തടസ്സപ്പെടുത്തിയവർ പറയുന്ന തർക്കം കരാർ റജിസ്റ്റർ ചെയ്തിട്ടില്ലെന്നാണ്. അതിനെക്കുറിച്ച് അൽപം. റജിസ്ട്രേഷൻ നിയമം 17–ാം വകുപ്പനുസരിച്ച് സ്ഥാവരവസ്തുക്കളിൽ അവകാശം ജനിപ്പിക്കുകയോ ഇല്ലാതാക്കുകയോ അതിനു പരിമിതികൾ ഏർപ്പെടുത്തുകയോ ചെയ്യുന്ന പ്രമാണങ്ങൾ നിർബന്ധമായും റജിസ്റ്റർ ചെയ്തിരിക്കണം. എന്നാൽ അപ്രകാരമുള്ള അവകാശത്തിന്റെ മൂല്യം നൂറു രൂപയിൽ കവിഞ്ഞാൽ മാത്രമേ റജിസ്റ്റർ ചെയ്യേണ്ടതുള്ളൂ. ഉദാഹരണമായി നൂറു രൂപയിൽ കവിയാത്ത വിലയുള്ള ഒരു വസ്തുവിന്റെ തീറാധാരം റജിസ്റ്റർ ചെയ്യേണ്ടതില്ല. വഴിയവകാശത്തിന്റെ മൂല്യം നിർണയിക്കാനാവില്ല. അവിടെ അതിലുൾപ്പെട്ട വസ്തുവിന്റെ വില പ്രസക്തമല്ല. ഒരു സുപ്രീംകോടതിവിധിയെ അടിസ്ഥാനമാക്കി നമ്മുടെ ഹൈക്കോടതി 1999ൽ വർഗീസ് പോൾ V നാരായണൻ നായര്‍ എന്ന കേസിൽ ഈ കാര്യം എടുത്തു പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് കരാർ റജിസ്റ്റർ ചെയ്തിട്ടില്ലെന്ന തർക്കം നിലനിൽക്കത്തക്കതല്ലെന്നാണ് എന്റെ അഭിപ്രായം. സിവില്‍ കോടതിയാണ് ഈ തർക്കം തീരുമാനിക്കേണ്ടത്. അതുകൊണ്ടു പരിഹാരത്തിന് മുൻസിഫ് കോടതിയെ സമീപിക്കുക. മൂന്നു മാസം കഴിഞ്ഞപ്പോൾ സ്ഥലം നികത്തി വഴി തടഞ്ഞുവെന്നാണ് കത്തിലുള്ളത്. അതായത്, ഏറെക്കാലം കടന്നുപോയിരിക്കുന്നു. അതിനാൽ കേസ് നിലനിൽക്കുമോയെന്നു സംശയം. മറിച്ച് മൂന്നുമാസം മുൻപാണ് വഴിക്ക് തടസ്സമുണ്ടാക്കിയതെങ്കിൽ കേസ് കൊടുക്കുക. അതിനു മുൻപ് ഒരു വക്കീലുമായി ആലോചിച്ച് ഉചിതമായ തീരുമാനമെടുക്കണം. കോടതികളോട് ചേര്‍ന്നുള്ള നിയമസേവന അതോറിറ്റിയിൽ (Legal Services Authority) പരാതി കൊടുത്തു പ്രശ്നം രമ്യമായി പരിഹരിക്കാനും ശ്രമിക്കാം.

വിധിപ്പകർപ്പു കിട്ടാൻ

കേരള തണ്ണീർത്തട സംരക്ഷണ നിയമം– 2008 നിലവിൽ വരുന്നതിന് കുറഞ്ഞത് 20 വർഷം മുൻപ് എന്റെ മുൻഗാമികൾ വെള്ളത്തിന്റെ ലഭ്യതക്കുറവു കാരണം പണ കോരി തെങ്ങുവയ്ക്കുകയും ഇപ്പോൾ നല്ല ആദായം കിട്ടിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. ഭൂമി ഡേറ്റാബാങ്ക് (Data Bank) തയാറാക്കാൻ വന്ന ഉദ്യോഗസ്ഥൻ സ്ഥലപരിശോധന നടത്താതെ വില്ലേജ് ഓ‌ഫിസിലെ വർഷങ്ങൾ പഴക്കമുള്ള ബേസിക് റജിസ്റ്റർ പകർത്തി എന്റെ വസ്തുവും നിലം എന്ന് എഴുതിപ്പോയി. ഞാൻ സ്ഥലം തഹസിൽദാർ മുതൽ ലാൻഡ് റവന്യു കമ്മിഷണർക്കുവരെ പരാതി നല്‍കിയെങ്കിലും പ്രയോജനമുണ്ടായില്ല. കേരള ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ ബന്ധപ്പെട്ട അധികാരിക്ക് അപേക്ഷ കൊടുക്കാമെന്ന് അങ്ങ് പറഞ്ഞിരുന്നു. ഈ വിധിയുടെ ഒരു കോപ്പി കിട്ടാൻ എന്താണ് മാർഗം.

എം.എസ്. നായർ, വെളിയം

പലപ്പോഴും ഈ പംക്തിയിൽ കോടതിവിധികൾ പരാമർശിക്കാറുണ്ട്. അൽപം വിശദീകരിക്കാം. കെ.എൽ.ടി. എന്നു പറഞ്ഞാൽ കേരള ലോ ടൈംസ് എന്നാണ്. കോടതിവിധികൾ തിങ്കളാഴ്ചതോറും റിപ്പോർട്ട് ചെയ്യുന്ന പ്രസിദ്ധീകരണമാണത്. ഓരോ വർഷവും നാലു വാല്യങ്ങളുണ്ട്. 2015 (2) KLT 516 എന്നു പറ‍ഞ്ഞാൽ 2015ലെ KLT 2–ാം വാല്യം പേജ് 516 എന്നാണ്. കിഴക്കമ്പലം ഗ്രാമപഞ്ചായത്ത് ലോക്കൽ ലവൽ മോണിറ്ററിങ് കമ്മിറ്റി നമ്മുടെ ഹൈക്കോടതിയിൽ കൊടുത്ത റിട്ട് അപ്പീലാണത്. എതിർകക്ഷി മറിയാമ്മ എന്നൊരാളാണ്. കേസ് നമ്പർ NA 1294/2013. ഈ കേസ് 8.4.2015ൽ വിധിയായി. മിക്കവാറും അഭിഭാഷകരുടെ ഓഫിസിൽ ഈ പ്രസിദ്ധീകരണം ലഭ്യമാണ്. ഒരു വക്കീലോഫിസിൽ പോയി ഫോട്ടോസ്റ്റാറ്റ് പകർപ്പെടുക്കുന്നതാണ് എളുപ്പമാർഗം. അതല്ലെങ്കിൽ താഴെ കാണുന്ന മേൽവിലാസത്തിൽ ബന്ധപ്പെടുക. ഈ വിധിയുൾപ്പെടുന്ന ഭാഗം (Part) മാത്രമായും കിട്ടും. 130 രൂപ വിലയാണ്.

കേരള ലോ ടൈംസ്, ഹൈക്കോടതി റോ‍ഡ്, കൊച്ചി – 682 031
ഫോൺ: 0484–2391288, 0484–404937

ഏതു വിധിയുടെയും അടയാളസഹിതം പകർപ്പ് ഹൈക്കോടതിയിൽ അപേക്ഷിച്ചാൽ പകർപ്പ് വിഭാഗ(Copy Section)ത്തിൽനിന്ന് കിട്ടും.

നിയമപ്രശ്നങ്ങൾക്കു പരിഹാരം

ഈ പംക്തിയിൽ പരാമർശിക്കുന്ന തരത്തിലുളള നിയമപ്രശ്നങ്ങൾ കർഷകർ ദിനംപ്രതി നേരിടുന്നുണ്ട്. വിശദാംശങ്ങൾ സഹിതം അയച്ചുതരുക.

വിലാസം: എഡിറ്റർ ഇൻ ചാർജ്, കർഷകശ്രീ, മലയാള മനോരമ, കോട്ടയം.

ഇ–മെയിലായും ചോദ്യങ്ങൾ അയയ്ക്കാം. വിലാസം: karsha@mm.co.in